Home rss national malayalam പുതിയ വാർത്ത പുതിയ ലോകക്രമത്തിലേക്ക്

പുതിയ ലോകക്രമത്തിലേക്ക്

3
0

Source :- SIRAJLIVE NEWS

പുതിയകാല ലോകരാഷ്ട്രീയത്തിലെ ചലനങ്ങള്‍ അനിവാര്യമായൊരു ലോകക്രമ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ലോക മഹായുദ്ധങ്ങള്‍ക്കും ശീത സമരത്തിനും ശേഷമായി നിലനിന്നിരുന്ന അമേരിക്കയുടെ ഏകധ്രുവാധിപത്യം പതിയെ നഷ്ടമാകുന്നുവെന്നു പറയാം. ശീത സമരാന്ത്യത്തോടെ അമേരിക്ക നേടിയെടുത്ത മേലാധിപത്യത്തിന് മങ്ങലേല്‍ക്കുകയാണിപ്പോള്‍.

ചൈനയുടെയും റഷ്യയുടെയും ഇറാന്റെയും വളര്‍ച്ച അമേരിക്കനാധിപത്യത്തെ വെല്ലുവിളിച്ചു തുടങ്ങിയിരിക്കുന്നു. അമേരിക്കന്‍ മേധാവിത്വം ഇന്ന് അതിന്റെ ചരിത്രപരമായ തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോഴാണ് പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ന്യൂഡല്‍ഹിയില്‍ വേദിയൊരുങ്ങിയത്. ഏകധ്രുവാധിപത്യത്തിന്റെ പതനത്തോടൊപ്പം ബഹുധ്രുവ കൂട്ടായ്മകളുടെ പ്രാധാന്യത്തെ ഒരിക്കല്‍ കൂടി വിളിച്ചറിയിക്കുകയാണ് ബ്രിക്‌സ് ഉച്ചകോടി ചെയ്തിരിക്കുന്നത്.

പാശ്ചാത്യ കേന്ദ്രീകൃത ആഗോള സാമ്പത്തിക സംവിധാനത്തിന് ബദല്‍ കേന്ദ്രമൊരുക്കുക എന്ന ആശയത്തില്‍ നിന്നാണ് ബ്രിക്‌സ് ഉദയം കൊണ്ടത്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ലോകവ്യാപാരത്തിലെ മാറ്റങ്ങള്‍, ഡോളറിന്റെ ആധിപത്യം, ഉപരോധ രാഷ്ട്രീയം, ഊര്‍ജസുരക്ഷ, സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ തുടങ്ങിയവ ചോദ്യചിഹ്നമായുയര്‍ന്ന സാഹചര്യത്തില്‍ ബ്രിക്‌സിന്റെ പ്രസക്തിയും വര്‍ധിച്ചിരിക്കുകയാണ്. ഇന്ത്യ-ചൈന രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന നയതന്ത്ര നിയന്ത്രണങ്ങള്‍ മുതല്‍ റഷ്യ- പാശ്ചാത്യ സംഘര്‍ഷം വരെയുള്ള നിരവധി വൈരുധ്യങ്ങള്‍ക്കിടയിലും ഈ കൂട്ടായ്മ ഒറ്റക്കെട്ടായാണ് മുന്നോട്ടു പോകുന്നത്. വൈവിധ്യങ്ങള്‍ക്കിടയിലും പൊതുതാത്പര്യങ്ങള്‍ കണ്ടെത്തി ഒരു പുതിയ ബഹുധ്രുവ ലോകക്രമത്തിന് എത്രത്തോളം പ്രസക്തിയുണ്ടെന്ന തിരിച്ചറിവാണ് ബ്രിക്‌സ് നല്‍കുന്നത്.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ നാല് ഉയര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകളെ സൂചിപ്പിച്ചിരുന്ന ബ്രിക്‌സ് എന്ന ആശയം ഇന്ന് പതിനൊന്ന് രാജ്യങ്ങളടങ്ങുന്ന ആഗോള കൂട്ടായ്മയായി വളര്‍ന്നിരിക്കുന്നു. 2009ല്‍ ഔപചാരികമായി രൂപംകൊണ്ട ബ്രിക്‌സില്‍ പിന്നീട് ദക്ഷിണാഫ്രിക്കയും തുടര്‍ന്ന് ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യു എ ഇ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും ചേര്‍ന്നു. ഇന്ന് ലോകജനസംഖ്യയുടെ പകുതിയോടടുത്തും ആഗോള സമ്പദ് വ്യവസ്ഥയുടെ ഏകദേശം 40 ശതമാനവും പ്രതിനിധാനം ചെയ്യുന്ന കൂട്ടായ്മയായി ബ്രിക്‌സ് മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഒരു സാമ്പത്തിക കൂട്ടായ്മ മാത്രമല്ല; ആഗോള ഭരണക്രമത്തില്‍ ഗ്ലോബല്‍ സൗത്തിന്റെ ശബ്ദം ശക്തിപ്പെടുത്താനുള്ള രാഷ്ട്രീയ നയതന്ത്ര വേദി കൂടിയായി ബ്രിക്‌സ് കൂട്ടായ്മ മാറിയിരിക്കുന്നു.

കൈകോര്‍ത്ത്
ഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലെ അംഗരാജ്യങ്ങള്‍ക്കിടയിലെ ഒരുമയും യോജിപ്പും ശുഭപ്രതീക്ഷകളാണ് നല്‍കുന്നത്. ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിപ്പിച്ചതില്‍ ഇന്ത്യയുടെ നയതന്ത്ര മിടുക്ക് പ്രശംസനീയമാണ്. അംഗ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ആഗോള ഭരണസംവിധാനത്തില്‍ വികസ്വര രാജ്യങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമുള്ള നിര്‍ണായക ചാലകമായിരിക്കും ബ്രിക്‌സ് പ്രഖ്യാപനം. ഏകകണ്ഠമായി അംഗീകരിച്ച “ന്യൂഡല്‍ഹി പ്രഖ്യാപനം 2026′ ഫലസ്തീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കാനും ഗസ്സയിലെ വെടിനിര്‍ത്തല്‍ തുടരാനും തടസങ്ങളില്ലാതെ മാനുഷിക സഹായം ഗസയിലെത്തിക്കാനും ധാരണയായി. ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കുന്ന നടപടികളെയും പ്രഖ്യാപനം അപലപിച്ചു. പഹല്‍ഗാമിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ബ്രിക്‌സ്, അതിര്‍ത്തി കടന്നുള്ള ഭീകരതക്കെതിരെ കൂട്ടായ നിലപാടും സ്വീകരിച്ചു.

ഐക്യരാഷ്ട്ര സഭാ സംവിധാനങ്ങളെ കുത്തകയാക്കുന്ന സമീപനത്തെ ഉച്ചകോടി നിരുത്സാഹപ്പെടുത്തി. യു എന്‍ രക്ഷാസമിതിയില്‍ ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക തുടങ്ങിയ മേഖലകളിലെ രാജ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും ഏതെങ്കിലും ഒരു രാജ്യമോ കൂട്ടായ്മയോ ആഗോള സ്ഥാപനങ്ങളിലെ ഉന്നത പദവികള്‍ കുത്തകയാക്കുന്നത് അവസാനിപ്പിക്കണമെന്നും ബ്രിക്‌സ് ആവശ്യപ്പെട്ടു. ആഗോള വ്യാപാരത്തെ കൂടുതല്‍ തുറന്നതും നീതിയുക്തവും സുതാര്യവുമാക്കുന്നതിനായി ലോക വ്യാപാര സംഘടനയില്‍ പരിഷ്‌കരണമാവശ്യമാണെന്നും ഉച്ചകോടിയിലഭിപ്രായമുയര്‍ന്നു.

സാമ്പത്തിക രംഗത്ത് യു എസ് ഡോളറിലുള്ള അമിത ആശ്രിതത്വം കുറയ്ക്കുന്നതിനായി അംഗരാജ്യങ്ങള്‍ക്കിടയിലെ പ്രാദേശിക കറന്‍സി കൈമാറ്റവും അതിര്‍ത്തി കടന്നുള്ള പേയ്‌മെന്റ് സഹകരണവും ശക്തിപ്പെടുത്താനുള്ള നീക്കമാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. വ്യാപാരം, ധനകാര്യം, അടിസ്ഥാനസൗകര്യം, കൃത്രിമബുദ്ധി, ആരോഗ്യം, ഗതാഗതം, ലോജിസ്റ്റിക്‌സ്, സുസ്ഥിര ഊര്‍ജം തുടങ്ങിയ മേഖലകളിലും സഹകരണം വിപുലീകരിക്കാന്‍ ധാരണയായി.

ആക്രമണങ്ങളുടെ തോത് വര്‍ധിപ്പിക്കുന്ന രംഗം സൃഷ്ടിക്കാതിരിക്കാന്‍ ആണവായുധ നിരായുധീകരണത്തെയും ആയുധനിയന്ത്രണത്തെയും പ്രോത്സാഹിപ്പിച്ചു. സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സംരക്ഷണത്തിലുള്ള ആണവ കേന്ദ്രങ്ങള്‍ക്കുമെതിരായ ആക്രമണങ്ങളെയും അപലപിച്ചു. അമേരിക്കയും ഇസ്‌റാഈലും നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിനെതിരെയുള്ള സമീപനമായിരുന്നു ഇതെന്ന് പറയാം. ബ്രിക്‌സ് അംഗ രാജ്യങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങളുയരുകയാണെങ്കില്‍ അവയെ ചര്‍ച്ച, നയതന്ത്രം, കൂടിക്കാഴ്ചകള്‍ എന്നിവയിലൂടെ പരിഹരിക്കണമെന്ന ആഹ്വാനം സമാധാന പാലനത്തിന് കൂടുതല്‍ വേഗം കൂട്ടും. ബ്രിക്‌സിന്റെ ശ്രമങ്ങള്‍ക്ക് ന്യൂഡല്‍ഹി ഉച്ചകോടി പുതിയ ദിശ നല്‍കിയെന്നു പറയാം.

ഇന്ത്യയുടെ പങ്കാളിത്തം
രൂപവത്കൃത കാലത്തെ ലക്ഷ്യത്തില്‍ നിന്ന് ഏറെ മുന്നോട്ടുപോയിരിക്കുകയാണ് ബ്രിക്‌സ് കൂട്ടായ്മ. വികസിച്ചു കൊണ്ടിരിക്കുന്ന ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കാനും ആഗോളതലത്തില്‍ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ഇന്ത്യക്ക് കഴിഞ്ഞുവെന്ന് പറയാം. ഇതിനുമുമ്പ് മൂന്ന് തവണ ബ്രിക്‌സ് ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം വഹിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. ജി20 ഉച്ചകോടി സംഘടിപ്പിച്ച അനുഭവത്തിന്റെ മാതൃകയില്‍ ഇന്ത്യ വിപുലമായ ഒരുക്കങ്ങളാണ് ബ്രിക്‌സ് ഉച്ചകോടിക്ക് വേണ്ടി നടത്തിയത്. ഒരു വര്‍ഷത്തിനിടെ, രാജ്യത്തിന്റെ വിവിധ നഗരങ്ങളിലായി 350ല്‍ പരം യോഗങ്ങളും മന്ത്രിതല ചര്‍ച്ചകളും സംഘടിപ്പിച്ചു. പരമ്പരാഗതമായി ബ്രിക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ സുരക്ഷ, സാമ്പത്തിക ധനകാര്യം, സംസ്‌കാരം എന്നീ മൂന്ന് ആശയങ്ങളെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോയിരുന്നത്. എന്നാല്‍ പ്രതിരോധ ശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ ആശയത്തെ കേന്ദ്രീകരിച്ചാണ് പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടി ഇന്ത്യയില്‍ നടന്നത്. ബ്രിക്‌സ് ഉച്ചകോടികളില്‍ സാമ്പ്രദായികമായി ഉയര്‍ന്നു കേള്‍ക്കുന്ന ആശയങ്ങളെ ഇന്ത്യ മാറ്റിയെഴുതിയെന്നത് പതിനെട്ടാമത് ഉച്ചകോടിയുടെ സവിശേഷതയാണ്.

ബഹുമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ യഥാര്‍ഥ പരിഷ്‌കരണത്തിനുള്ള വേദിയായാണ് ബ്രിക്‌സിനെ ഇന്ത്യ എപ്പോഴും കണ്ടിട്ടുള്ളത്. 2012ലാണ് ഇന്ത്യ ആദ്യമായി ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത്. “ആഗോള സുസ്ഥിരത, സുരക്ഷ, സമൃദ്ധി’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു 2012ലെ ഉച്ചകോടി. ആ ഉച്ചകോടിയിലൂടെ കൂടുതല്‍ വിശാലമായ ഭൗമരാഷ്ട്രീയ കാഴ്ചപ്പാടാണ് ഇന്ത്യ മുന്നോട്ടുവച്ചത്. ഇന്ത്യയുടെ അധ്യക്ഷതയില്‍ നടന്ന പല ഉച്ചകോടികളിലും സമ്പന്നമായ നിരവധി കാഴ്ചപ്പാടുകള്‍ക്കും നാന്ദിയായിട്ടുണ്ട്. ബ്രിക്‌സ് ബേങ്കായ ന്യൂ ഡെവലപ്‌മെന്റ് ബേങ്ക് സ്ഥാപിച്ചതും ബ്രിക്‌സ് കൂട്ടായ്മക്ക് കീഴില്‍ ഭീകരവിരുദ്ധ സഹകരണ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താനാവശ്യമായ സംരംഭങ്ങള്‍ സ്ഥാപിക്കാനാവശ്യപ്പെട്ടതും ഇന്ത്യയാണ്.
ചൈനയുടെ താത്പര്യം

പാശ്ചാത്യ ആധിപത്യത്തിന് ബദലായി ബ്രിക്‌സിനെ ഉപയോഗിക്കുകയെന്നത് ചൈനയുടെ ലക്ഷ്യമാണ്. മാറിവരുന്ന ലോകക്രമത്തില്‍, തന്ത്രപരമായ സ്വാധീനമെങ്ങനെ വര്‍ധിപ്പിക്കാമെന്ന് ചൈന ആലോചിച്ചു. എന്നാല്‍, ആഗ്രഹിച്ച രീതിയില്‍ ബ്രിക്‌സ് പൂര്‍ണമായും ചൈനീസ് നേതൃത്വത്തിലുള്ള സാമ്പത്തിക ബദലായി മാറിയിട്ടില്ല. ഡോളറിന്റെ സ്ഥാനത്ത് യുവാന്‍ പ്രതിഷ്ഠിക്കണമെന്ന താത്പര്യം ചൈനക്കുണ്ടായിരുന്നു. പക്ഷേ, അത് നടന്നില്ല. പകരം, സ്വന്തം ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങള്‍ സാമ്പത്തിക സഹകരണത്തില്‍ സ്വന്തം മാതൃക മുന്നോട്ടുവെക്കുകയാണ് ചെയ്തത്. ന്യൂഡല്‍ഹിയില്‍ നടന്ന ഉച്ചകോടിയിലൂടെ ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം സൗഹൃദ രൂപത്തിലായിയെന്നു പറയാം. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചക്കാണ് ബ്രിക്‌സ് ഉച്ചകോടി വേദിയായത്. ഇതിനുമുമ്പ്, 2019ലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

സമവായത്തിന്റെ തകര്‍ച്ച
ബ്രിക്‌സിലെ അംഗരാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചരടാണ് സമവായം(കോണ്‍സെന്‍സസ്). അംഗ രാജ്യങ്ങള്‍ക്കിടയിലുണ്ടാകുന്ന തര്‍ക്കങ്ങളെ പരിഹരിക്കുകയും അവര്‍ക്കിടയില്‍ അനുരഞ്ജനം സ്ഥാപിക്കലുമാണ് കോണ്‍സെന്‍സസ് കൊണ്ടുദ്ദേശിക്കുന്നത്. അംഗ രാജ്യങ്ങള്‍ക്കിടയിലെ സമവായമില്ലായ്മ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. ഭൂരിപക്ഷം ന്യൂനപക്ഷത്തെ ഭരിക്കുന്ന സ്ഥിതി വിശേഷം രൂപപ്പെടും. ദുര്‍ബല രാജ്യങ്ങളെ അവഗണിച്ചുതള്ളാനും കാരണമാകും. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ തകര്‍ച്ചയുടെ വക്കിലെത്തിയത് സമവായമില്ലായ്മ മൂലമാണ്. ആസിയാന്‍ കൂട്ടായ്മയില്‍ ഭൂരിപക്ഷ രാജ്യങ്ങള്‍ തങ്ങളുടെ നിലപാട് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥിതി വിശേഷം കാണുന്നുണ്ട്. എന്നാല്‍, ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സമവായ രീതി പലപ്പോഴും ഇല്ലാതെയായിട്ടുണ്ടെങ്കില്‍ ഈ ഉച്ചകോടി അതിന് പരിഹാരമാര്‍ഗം തുറന്നിട്ടുണ്ട്.

അംഗത്വ വികസനവും ആശങ്കകളും
ബ്രിക്‌സ് കൂട്ടായ്മയില്‍ അംഗത്വ വികസനമുണ്ടാക്കുന്നത് ബ്രിക്‌സിന്റെ അഖണ്ഡതക്ക് ഭംഗമാകുമോ എന്ന ചോദ്യം പ്രസക്തമാണ്. ചൈനയാണ് ബ്രിക്‌സ് വികസന പദ്ധതി മുന്നോട്ടുവെച്ചത്. ചൈനയുടെ ഈ പദ്ധതിയെ പൂര്‍ണമായി എതിര്‍ക്കാന്‍ കഴിയില്ല. ആദ്യം ന്യൂ ഡെവലപ്‌മെന്റ് ബേങ്കിലേക്കും പിന്നീട് ബ്രിക്‌സിലേക്കും പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്നാണ് ചൈന ആവശ്യപ്പെട്ടത്. എന്നാല്‍ ചൈനയുടെ ശ്രമം പൂര്‍ണമായി വിജയിച്ചില്ല. ബ്രിക്‌സിലിപ്പോള്‍ 11 അംഗരാജ്യങ്ങളും 10 പങ്കാളി രാജ്യങ്ങളുമാണുള്ളത്. ഈജിപ്ത്, എത്യോപ്യ, ഇറാന്‍, സഊദി അറേബ്യ, യു എ ഇ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ പുതിയ അംഗങ്ങളായി കൂട്ടായ്മയില്‍ ചേര്‍ന്നവരാണ്.

ബ്രിക്‌സ് കൂട്ടായ്മയില്‍ അംഗത്വ വികസനമുണ്ടാക്കുന്നത് ആശങ്കകള്‍ക്ക് വഴിവെക്കുമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ഇന്ത്യയുടെ നിലപാടിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. കാരണം, ബ്രിക്‌സ് കൂട്ടായ്മക്കു കീഴിലെ പ്രധാന പോളിസിയായ സമവായപാലനം അംഗരാജ്യങ്ങള്‍ക്കിടയില്‍ നടപ്പില്‍വരുത്തുക ദുര്‍ഘടമാകുകയാണ്. പുതിയ അംഗരാജ്യങ്ങള്‍ തന്നെ തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടു തുടങ്ങിയിരിക്കുന്നു. പഴയ അഞ്ച് അംഗരാജ്യങ്ങള്‍ക്കിടയില്‍ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും പൊതുതാത്പര്യാര്‍ഥം അവര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാകാറില്ല; പക്വത പാലിക്കുന്നുണ്ട്. എന്നാല്‍ പുതിയ അംഗരാജ്യങ്ങള്‍ക്കിടയില്‍ അത്തരം ഒത്തുതീര്‍പ്പുകളില്ല. അവര്‍ക്കിടയിലെ ഉഭയകക്ഷി സംഘര്‍ഷങ്ങള്‍ ബ്രിക്‌സിനെ ദുര്‍ബലപ്പെടുത്തുകയാണ്. ദക്ഷിണേഷ്യന്‍ പ്രാദേശിക സഹകരണ സംഘടനയായ സാര്‍ക്ക് പോലെ ഉഭയ കക്ഷി തര്‍ക്കങ്ങള്‍ കാരണം മുഴുവന്‍ കൂട്ടായ്മയും സ്തംഭിക്കുന്ന അവസ്ഥയിലേക്ക് ബ്രിക്‌സ് മാറുമോ എന്നാശങ്കപ്പെടേണ്ടതുണ്ട്.

Content Highlights:
The 18th BRICS summit in New Delhi underscored the transition toward a multipolar world order. Member nations unanimously adopted the New Delhi Declaration 2026, advocating for local currency trade, UN Security Council reforms, and a permanent cease-fire in Gaza. India demonstrated strong diplomatic leadership in building consensus among emerging economies.