Source :- SIRAJLIVE NEWS
കോട്ടയം | ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ 4.5 കോടി രൂപ ചെലവഴിച്ചുവെന്നും ഫണ്ട് പലരും മുക്കിയെന്നും മറ്റുമുള്ള ബി ജെ പി നേതാവ് പി സി ജോര്‍ജിന്റെ തുറന്നുപറച്ചിലില്‍ സമഗ്രാന്വേഷണം വേണമെന്ന് മുന്‍ എം എല്‍ എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ തലേന്ന് അരുവിത്തുറ ബൂത്തില്‍ വീടുകളില്‍ കയറി വോട്ടിന് പണം നല്‍കിയ പി സി ജോര്‍ജിന്റെ ഏജന്റിനെയും സംഘത്തെയും നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിച്ച സംഭവമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിയോജക മണ്ഡലത്തില്‍ എല്ലായിടത്തും വ്യാപകമായ തോതില്‍ പണം വിതരണം നടന്നിരുന്നു. കൂടാതെ തിരഞ്ഞെടുപ്പിന്റെ ആരംഭം മുതല്‍ ഇപ്രകാരമുള്ള എല്ലാവിധ തിരഞ്ഞെടുപ്പ് അഴിമതികളും പി സി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാന്‍ അനുവദിക്കപ്പെട്ടിട്ടുള്ള തുക 40 ലക്ഷം മാത്രമാണ്. തിരഞ്ഞെടുപ്പില്‍ ഏതാണ്ട് 30 ലക്ഷത്തോടനുബന്ധിച്ച തുക മാത്രം ചെലവഴിച്ചതായാണ് ജോര്‍ജ് തിരഞ്ഞെടുപ്പിനു ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് നല്‍കിയിട്ടുള്ളത്. ഇതിന്റെ ഏതാണ്ട് പതിന്മടങ്ങിലധികം തുക അധികം ചെലവഴിച്ചതായാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ഇത് ഏറ്റവും വലിയ തിരഞ്ഞെടുപ്പ് അഴിമതിയും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും നഗ്‌നമായ ലംഘനവുമാണ്. ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം ആവശ്യമാണ്. അന്വേഷണം ആവശ്യപ്പെട്ട് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കും. കൂടാതെ തനിക്കെതിരെ പി സി ജോര്‍ജ് നടത്തിയ വ്യക്ത്യാധിക്ഷേപത്തിനെതിരെ സിവില്‍, ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കും. കൂടാതെ അദ്ദേഹം നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് കേരള പോലീസ് ആക്ട് 120(O) പ്രകാരം നടപടി സ്വീകരിക്കുന്നതിന് പോലീസിലും പരാതി നല്‍കും.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മുതല്‍ മുന്‍ മുഖ്യമന്ത്രിമാരെയും സമുദായങ്ങളെയും സമുദായ നേതാക്കളെയുമെല്ലാം വിഷലിപ്തമായ പരാമര്‍ശങ്ങളിലൂടെ ആക്ഷേപിക്കുകയും വര്‍ഗീയതയും, മലീമസമായ അധമ സംസ്‌കാരവും പ്രചരിപ്പിച്ച് കേരളത്തിന്റെ സാമൂഹികാന്തരീക്ഷമാകെ വിഷലിപ്തമാക്കുകയും ചെയ്യുന്ന പി സി ജോര്‍ജിനെ നിലക്ക് നിര്‍ത്താന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഭരണസംവിധാനങ്ങളും മുന്നോട്ടുവരണമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആവശ്യപ്പെട്ടു.
Content Highlights:
MLA Sebastian Kulathungal has demanded a comprehensive investigation into alleged election corruption in Poonjar. He urged authorities to uncover administrative irregularities and uphold electoral integrity. Local leaders supported the call for a swift and transparent probe into the matter.




