Home rss national malayalam പുതിയ വാർത്ത പ്രഭാഷണം, പ്രസംഗം, മുഖപ്രസംഗം

പ്രഭാഷണം, പ്രസംഗം, മുഖപ്രസംഗം

3
0

Source :- SIRAJLIVE NEWS

പ്രഭാഷണം, പ്രസംഗം, മുഖപ്രസംഗം കേൾക്കുമ്പോൾ ഇവ മൂന്നും ഒന്നാണെന്ന് തോന്നും. ആശയ വിനിമയം സുഗമമാക്കുന്ന ഭാഷാ വ്യവഹാര രൂപങ്ങളിൽ പ്രാധാന്യമുള്ളവയാണ് പ്രഭാഷണം, പ്രസംഗം, മുഖപ്രസംഗം, തുടങ്ങിയവ. തമ്മിൽത്തമ്മിൽ നല്ല വ്യത്യാസമുള്ളവയാണിവ. പ്രഭാഷണവും പ്രസംഗവും വാചികമാണ്. മുഖപ്രസംഗം ലിഖിത രൂപത്തിലുള്ളതാണ്.

ഭാഷ ഉണ്ടായതിന് ശേഷമാണ് ലേഖന വിദ്യ രൂപപ്പെട്ടത്. വ്യക്തിയിൽ നിന്ന് ആദ്യം ബഹിർഗമിക്കുന്നത് ഭാഷണമാണ്. അല്ലെങ്കിൽ സംഭാഷണമാണ്, ലേഖനമല്ല. നിത്യജീവിതത്തിൽ ലേഖനങ്ങളെക്കാൾ ഭാഷണങ്ങൾക്കാണ് പലപ്പോഴും പ്രചാരം ലഭിക്കുന്നതെന്ന് കാണാം. ലേഖന വിദ്യ വശമില്ലാത്തവർക്ക് പോലും അറിവ് ലഭിക്കുന്നതിനുള്ള പ്രധാന മാധ്യമം തന്നെയാണ് പ്രഭാഷണവും പ്രസംഗവും.

ഒരു ഭാഷയുടെ ശക്തി വ്യക്തമാക്കപ്പെടുന്നത് അതാത് കാലത്തെ സംഭാഷണ രീതികളിലൂടെ തന്നെയാണ്. പ്രഭാഷണവും, പ്രസംഗവും, മുഖപ്രസംഗവും നടത്താൻ അറിവ് അത്യാവശ്യമാണ്.

മലയാളം പരീക്ഷയിൽ ഹൈസ്‌കൂൾ തലം മുതൽ പ്ലസ്ടു, ഡിഗ്രി, പി ജി ക്ലാസ്സുകളിൽ പൊതുവെ വരാറുള്ള ചോദ്യങ്ങളിൽ ഒന്നാണ് ഇവ മൂന്നും. ഇപ്പോൾ ഹൈസ്‌കൂളിൽ ഏഴ് മാർക്കിന്റെ ചോദ്യമായാണ് വരുന്നത്. എളുപ്പത്തിൽ മാർക്ക് നേടാൻ കഴിയുന്ന ഒരു ചോദ്യവും കൂടിയായി ഇതിനെ പരിഗണിക്കാം.
എന്നാൽ, താഴെപ്പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് മാത്രം.

പ്രഭാഷണം

  • പ്രത്യേക വിഷയത്തിൽ ഊന്നിയാകും പ്രഭാഷണം നടത്തുക. പ്രഭാഷണത്തിന്റെ ഏറ്റവും വലിയ സവിശേഷത മിതത്വമാണ്.
  • വാക്കുകളിൽ ആധികാരികതയോടു കൂടി ഗൗരവത്തിൽ, പക്വതയോടു കൂടി, മിതത്വം പാലിച്ചുകൊണ്ട് സംസാരിക്കണം എന്നത് പ്രധാനമാണ്. കേൾവിക്കാരൻ പ്രത്യേക താത്പര്യത്തോടെ കൂടിയായിരിക്കും വന്നിരിക്കുന്നത്.
  • വിഷയത്തെ സംബന്ധിച്ച് നല്ല അറിവുള്ള ആളായിരിക്കും പ്രഭാഷകൻ. പ്രഭാഷണം എഴുതുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
  • പ്രിയമുള്ളവരെ, മാന്യരെ എന്ന് എഴുതിക്കൊണ്ട് തുടങ്ങാം. തന്നിരിക്കുന്ന വിഷയത്തെ സംബന്ധിച്ച് പാരഗ്രാഫ് ആയി തിരിച്ച് എഴുതുക. മഹത് വചനങ്ങൾ ചേർക്കാം.
  • ഗുണദോഷങ്ങളും പ്രത്യാഘാതങ്ങളും ഉൾപ്പെടുത്താം. പരിഹാരമാർഗങ്ങൾ നിർദേശിക്കാം. സ്വന്തം അഭിപ്രായം കൂടി ചേർത്ത് അവസാന പാരഗ്രാഫ് എഴുതുക.
  • പ്രസംഗത്തിലേതു പോലെ തന്നെ നന്ദി, നമസ്‌കാരം എന്നൊക്കെ ചേർക്കാം.

പ്രസംഗം

മുമ്പിലിരിക്കുന്ന സദസ്യരെ അഭിമുഖീകരിച്ച് നടത്തുന്ന ഒന്നാണ് പ്രസംഗം. ഒരു പ്രത്യേക വിഷയത്തെ സംബന്ധിച്ച് ആകണമെന്നില്ല. സദസ്സിനെ വികാരഭരിതരാക്കി സംസാരിക്കുന്ന ശൈലിയാണ് പ്രസംഗകർ പ്രധാനമായും സ്വീകരിക്കുന്നത്. കേൾക്കുന്ന മനുഷ്യരെ പ്രസംഗം സ്വാധീനിക്കണം. ഉചിതമായ അംഗവിക്ഷേപങ്ങളും നടത്താം. ശബ്ദ വിന്യാസവും പ്രധാനമാണ്. പ്രസംഗ മത്സരത്തിൽ പ്രസംഗിച്ച അനുഭവം ഉണ്ടായിരിക്കും. മത്സരം തുടങ്ങുന്നതിന് അഞ്ച് മിനുട്ട് മുമ്പാണ് വിഷയം തരിക. മത്സരാർഥി നല്ല ആലോചനയോടെ ചിന്തിച്ച് അടുക്കും ചിട്ടയോടെ പ്രസംഗിച്ചാൽ സമ്മാനം ഉറപ്പാണ്. കേൾക്കുന്നവരുടെ ഹൃദയത്തിലേക്ക് വാക്കുകൾ കടന്നു ചെല്ലണം.

മത്സരത്തിൽ പ്രസംഗിക്കുന്നത് പോലെയല്ല പരീക്ഷക്ക് പ്രസംഗം തയ്യാറാക്കേണ്ടത്. സദസ്സിലുള്ള മുഴുവൻ പേരുടെ ശ്രദ്ധ ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്ന പ്രയോഗങ്ങൾ എഴുത്തിൽ ഉണ്ടാകണം. ബഹുമാനപ്പെട്ട അധ്യക്ഷൻ, വിശിഷ്ടാതിഥി, പ്രിയ അധ്യാപകർ, ഏറ്റവും സ്‌നേഹം നിറഞ്ഞ കൂട്ടുകാർ, എന്നിങ്ങനെ തുടക്കത്തിൽ ചേർക്കാം.
ഞാൻ ഇന്ന് ഇവിടെ നിങ്ങളോട് സംസാരിക്കാൻ പോകുന്നത് എന്ന് തുടങ്ങി വിഷയത്തെ പറയാം. ചോദ്യത്തിൽ തന്നിരിക്കുന്ന വിഷയത്തെക്കുറിച്ചുള്ള വാചകങ്ങളാണ് പിന്നീട് എഴുതേണ്ടത്. അവസാന ഭാഗത്ത് വിഷയത്തിനുള്ള പ്രാധാന്യം ഊന്നി പറഞ്ഞുകൊണ്ട് എല്ലാവർക്കും നന്ദിയോ നമസ്‌കാരമോ പറഞ്ഞ് പ്രസംഗ അവസാനിപ്പിക്കാം. ചടുലമായ ഭാഷയിൽ കേൾക്കുന്നവർ ഇഷ്ടപ്പെടുന്ന കാര്യങ്ങളായി പ്രസംഗം അവതരിപ്പിക്കുക. “പ്രസംഗിച്ചു കയറുന്നു’ എന്ന് പറയുന്നതു പോലെ എഴുതി “കാടുകയറരുത്’.

മുഖപ്രസംഗം

പത്ര ഭാഷയാണിത്. മുഖപ്രസംഗവും എഡിറ്റോറിയലും ഒന്നാണ്. മുഖപ്രസംഗത്തിന്റെ ഇംഗ്ലീഷ് വാക്കാണ് എഡിറ്റോറിയൽ. ഒരു പത്രത്തിന്റെ പ്രസാധകന്റെ, അല്ലെങ്കിൽ എഡിറ്ററുടെ അഭിപ്രായത്തെയാണ് ഇങ്ങനെ പറയുന്നത്.

ഒരു പ്രത്യേക വിഷയത്തിൽ പത്രത്തിന്റെ നിലപാടാണ് എഡിറ്റോറിയൽ ആയി അവതരിപ്പിക്കപ്പെടുന്നത്. പത്രത്തിന്റെ ആറാമത്തെ പേജിൽ ഇങ്ങനെ അവതരിപ്പിക്കുന്നത് നിങ്ങൾ കണ്ടിരിക്കും. പത്രത്തിൽ റിപോർട്ട് ചെയ്യപ്പെട്ട വാർത്തയെക്കുറിച്ചോ, ഏതെങ്കിലും സംഭവത്തെക്കുറിച്ചോ ഉള്ള എഡിറ്ററുടെ അഭിപ്രായമായിരിക്കും ഇവിടെ പ്രകടിപ്പിക്കുക.

സമകാലികമായതോ നമ്മുടെ ചുറ്റും നടക്കുന്നതോ ആയ കാര്യത്തെക്കുറിച്ചും വ്യാഖ്യാനം നൽകാനോ അല്ലെങ്കിൽ പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകാനോ, നയരൂപവത്കരണത്തിന് അനുകൂലമായതോ പ്രതികൂലമായതോ ആയ തങ്ങളുടെ വാദം നിരത്താനോ പത്രങ്ങൾ എഡിറ്റോറിയൽ എഴുതുന്നു. ഒരു പ്രത്യേക വിഷയത്തോടുള്ള പത്രത്തിന്റെ ഔദ്യോഗികമായ നിലപാട് കൂടിയായി ഇത് കണക്കാക്കപ്പെടുന്നു.

പ്രശ്‌നങ്ങളിൽ വ്യത്യസ്തമായ കാഴ്ചപ്പാട് വായനക്കാർക്ക് നൽകുകയും വാർത്തയിൽ അവതരിപ്പിക്കുന്ന വിവരങ്ങളെക്കുറിച്ച് വിമർശനാത്മകമായി ചിന്തിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നത് എഡിറ്റോറിയലിലൂടെ പത്രം ഉദ്ദേശിക്കുന്നുണ്ട്. അതായത് ഒരു പ്രശ്‌നത്തെക്കുറിച്ച് വായനക്കാരനെ ചിന്തിപ്പിക്കുന്ന, നിലപാടെടുപ്പിക്കുന്ന ഒന്നായി എഡിറ്റോറിയൽ മാറുന്നു.

ഉചിതമായ തലക്കെട്ട് നൽകണം. വിഷയം ഉൾക്കൊള്ളണം. സമൂഹത്തിന്റെ മനോഭാവം വിശകലനം ചെയ്യണം.
കാരണങ്ങളും പരിഹാരങ്ങളും അവതരിപ്പിക്കണം. വിഷയം ക്രമീകരിച്ച് അവതരിപ്പിക്കണം. തുടക്കം, വളർച്ച, ഒടുക്കം എന്നിവ ആശയ വ്യക്തയോടെ അവതരിപ്പിക്കുക.

മേൽപ്പറഞ്ഞ മൂന്ന് ചോദ്യങ്ങൾക്കും ഉത്തരം എഴുതുമ്പോൾ ശ്രദ്ധിക്കുക

  • ഘടന പാലിക്കുക
  • പാരഗ്രാഫ് തിരിക്കുക
  • ശക്തവും ലളിതവുമായ ഭാഷ ഉപയോഗിക്കുക
  • നല്ല കൈയക്ഷരം ആയിരിക്കണം
  • ഉചിതമായ പദങ്ങൾ ചേർക്കുക
  • വിഷയാധിഷ്ഠിതമായി അവതരിപ്പിക്കുക
  • മഹത്‌വചനങ്ങൾ ഉൾപ്പെടുത്തുക
  • ഉദാഹരണങ്ങൾ ചേർക്കുക

വിഷയ കേന്ദ്രമായി സ്വന്തം അഭിപ്രായം നിരീക്ഷണം അവതരിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കുക. മുഴുവൻ മാർക്കും ഉറപ്പാണ്.

Content Highlights:
Prabhashanam, Prasangam, and Mukhaprasangam are key communication formats with distinct characteristics. While Prabhashanam focuses on concise topic knowledge and Prasangam aims to emotionally engage the audience, Mukhaprasangam reflects a newspaper editor’s perspective. Mastering their formats helps students score full marks in Malayalam exams.