Source :- SIRAJLIVE NEWS
ദുബൈ|കേരളത്തിൽ നിന്നും വിവിധ അന്താരാഷ്ട്ര നഗരങ്ങളിൽ നിന്നും യു എ ഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. ആഗസ്റ്റ് രണ്ടാം പകുതി മുതൽ സെപ്റ്റംബർ ആദ്യ വാരം വരെയുള്ള കാലയളവിൽ വിമാന ടിക്കറ്റ് നിരക്കിൽ 100 ശതമാനം വരെ വർധനവ് ഉയർന്നതായി വിപണി സർവേ വ്യക്തമാക്കുന്നു. സ്‌കൂളുകൾ തുറക്കുന്നതും അവധിക്കാലത്തിന് ശേഷമുള്ള ബിസിനസ് തിരക്കുകൾ ആരംഭിക്കുന്നതുമാണ് യാത്രക്കാരുടെ എണ്ണം കുത്തനെ കൂട്ടാൻ കാരണം.
കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളായ കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് യു എ ഇയിലേക്ക് സാധാരണ നിരക്കുകളേക്കാൾ രണ്ടിരട്ടി മുതൽ മൂന്നിരട്ടി വരെയാണ് ടിക്കറ്റ് നിരക്ക് വർധിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര റൂട്ടുകളിൽ അമ്മാനിൽ നിന്ന് ദുബൈയിലേക്കുള്ള നിരക്ക് 650 ദിർഹമിൽ നിന്ന് 1,300 ദിർഹമായും ബെയ്റൂട്ടിൽ നിന്ന് 700 ൽ നിന്ന് 1,400 ദിർഹമായും ഉയർന്നു. ദമസ്‌കസിൽ നിന്ന് 750 ദിർഹമിൽ നിന്ന് 1,400 ദിർഹമായും അലക്‌സാണ്ട്രിയയിൽ നിന്ന് 600 ൽ നിന്ന് 1,000 ദിർഹമായും കെയ്റോയിൽ നിന്ന് 800 ൽ നിന്ന് 1,200 ദിർഹമായും കാസബ്ലാങ്കയിൽ നിന്ന് 1,700 ൽ നിന്ന് 2,500 ദിർഹമായും നിരക്കുകൾ വർധിച്ചിട്ടുണ്ട്.
ആഗസ്റ്റ് അവസാന വാരം മുതൽ സെപ്റ്റംബർ അഞ്ച് വരെയുള്ള ദിവസങ്ങളിലാണ് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്നത്. എക്കണോമി ക്ലാസിലെ നിരക്ക് കുറഞ്ഞ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റുതീർന്ന നിലയിലാണ്. കേരളത്തിൽ നിന്നുള്ള സർവീസുകളടക്കം പല റൂട്ടുകളിലും മുഴുവൻ സീറ്റുകളും നിറഞ്ഞതായാണ് വിമാന കമ്പനികളുടെ വെബ്സൈറ്റുകൾ കാണിക്കുന്നത്.
അവധിക്കാലത്തിന് ശേഷമുള്ള യാത്രക്കാരുടെ തിരക്കിന് പുറമെ സെപ്റ്റംബറോടെ അന്താരാഷ്ട്ര സമ്മേളനങ്ങളും വാണിജ്യ മേളകളും പുനരാരംഭിക്കുന്നതും യു എ ഇയിലേക്കുള്ള യാത്രാ ആവശ്യം വർധിപ്പിച്ചതായാണ് വിപണി വിദഗ്ദർ പറയുന്നത്.
Content Highlights:
Flight fares from Kerala and major international cities to the UAE have surged by up to 100 percent. The rate hike comes as schools reopen and business travel resumes after summer vacation. Major airports in Kerala are witnessing double to triple ticket prices for UAE-bound flights.




