Source :- SIRAJLIVE NEWS
തിരൂരങ്ങാടി | സ്‌കൂള്‍ പാഠപുസ്തകത്തില്‍ പഠിപ്പിക്കുന്നത് നവീനവാദി നേതാക്കളുടെ ചരിത്രം. പ്ലസ്ടു ക്ലാസ്സിലെ അറബി പാഠപുസ്തകത്തിലാണ് മുജാഹിദ് നേതാക്കളായ എന്‍ കെ അഹമ്മദ് മൗലവി കടവത്തൂര്‍, വക്കം അബ്ദുല്‍ഖാദര്‍ മൗലവി എന്നിവരെക്കുറിച്ച് പഠിക്കാനുള്ളത്.
സമൂഹത്തില്‍ വികലമായ ആശയങ്ങള്‍ക്ക് വിത്തുപാകി ഭിന്നത സൃഷ്ടിച്ചവരെക്കുറിച്ചാണ് സര്‍ക്കാര്‍ ചെലവില്‍ പഠിപ്പിക്കുന്നത്. പുസ്തകത്തിലെ ആദ്യ അധ്യായം തന്നെ മുജാഹിദ് ചരിത്ര പണ്ഡിതനായ എന്‍ കെ അഹമ്മദ് മൗലവിയുടെ ‘ഖൈറുല്ലാഹ്’ എന്ന കവിതയാണ്. കേരളത്തെക്കുറിച്ചാണ് കവിതയില്‍ പറയുന്നത്. ശേഷം കവിയെ പരിചയപ്പെടുത്തിയുള്ള ഭാഗത്താണ് മൗലവിയുടെ ചരിത്രം വിശദമായി പഠിപ്പിക്കുന്നത്. എന്‍ കെ അഹമ്മദ് മൗലവിയുടെ നാട്, ജനനം, പഠനം, ഉപരിപഠനം, അധ്യാപനം, രചന, പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം വിവരിക്കുന്നുണ്ട്. കൂടാതെ, അബ്ഖരിയ്യുന്‍ മിന്‍ അബ്നാഇ കേരള എന്ന അടുത്ത അധ്യായത്തില്‍ ഡോ. മുഹ്‌യിദ്ദീന്‍ ആലുവയെക്കുറിച്ച് വിശദമായി പരിചയപ്പെടുത്തുന്നു. ആ കൂട്ടത്തിലാണ് വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയെക്കുറിച്ച് പറയുന്നത്. അദ്ദേഹത്തിന്റെയും ജനനവും പഠനവും സേവനങ്ങളും ഗ്രന്ഥങ്ങളും ഈ അധ്യായത്തില്‍ പഠിപ്പിക്കുന്നു.
നേരത്തേയും സ്‌കൂള്‍ അറബി പാഠപുസ്തകത്തിലൂടെ വഹാബിസത്തിന്റെ ആശയങ്ങള്‍ ഒളിച്ചുകടത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെ എസ് എസ് എഫ് ശക്തമായി സമരരംഗത്തിറങ്ങിയതിനെ തുടര്‍ന്ന് പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.







