Home BUSINESS NEWS MALYALAM ബജറ്റിലെ നിർദ്ദേങ്ങൾ ഉയർത്തിയിരിക്കുന്ന ആശങ്കകളെ ശരിവയ്ക്കുന്നതാണ് അദാനിയുടെ വിഴിഞ്ഞം ഓഹരി കൈമാറ്റം: തോമസ് ഐസക്

ബജറ്റിലെ നിർദ്ദേങ്ങൾ ഉയർത്തിയിരിക്കുന്ന ആശങ്കകളെ ശരിവയ്ക്കുന്നതാണ് അദാനിയുടെ വിഴിഞ്ഞം ഓഹരി കൈമാറ്റം: തോമസ് ഐസക്

2
0

Source :- EVARTHA NEWS

സമുദ്ര മിഷൻ സംബന്ധിച്ച പുതിയ ബജറ്റിലെ നിർദ്ദേശങ്ങൾ ഉയർത്തിയിരിക്കുന്ന ആശങ്കകളെ ശരിവെക്കുന്നതാണ് അദാനിയിടെ വിഴിഞ്ഞം ഓഹരി കൈമാറ്റം എന്ന് ഡോ ടി എം തോമസ് ഐസക്. സർക്കാരിനോട് ആലോചിക്കാതെ ഇത്തരമൊരു നടപടിക്ക് അദാനി മുതിർന്നത് പുതിയ ബജറ്റിൻ്റെ പശ്ചാത്തലത്തിലാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 2497 കോടി രൂപ മുടക്കുന്ന അദാനി തന്റെ കമ്പനിയുടെ 49 ശതമാനം ഓഹരി 13000 കോടി രൂപയ്ക്ക് വിൽക്കുമ്പോൾ ആ ഡീലിന്റെ വലുപ്പം എത്രയാണെന്ന് മനസിലാക്കാനാകും എന്നും ഡോ ടി എം തോമസ് ഐസക് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

സമുദ്ര മിഷൻ സംബന്ധിച്ച പുതിയ ബജറ്റിലെ നിർദ്ദേങ്ങൾ ഉയർത്തിയിരിക്കുന്ന ആശങ്കകളെ ശരിവയ്ക്കുന്നതാണ് അദാനിയുടെ വിഴിഞ്ഞം ഓഹരി കൈമാറ്റം. വിഴിഞ്ഞം പോർട്ടിന്റെ ഉടമസ്ഥനായ കേരള സർക്കാരിനോട് ചർച്ച ചെയ്യാതെ ഇത്തരമൊരു നടപടിക്ക് അദാനി കമ്പനി തയ്യാറായതിന്റെ പശ്ചാത്തലം പുതിയ ബജറ്റ് നിർദ്ദേശമാണ്.മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളത്തോട് വ്യക്തമാക്കേണ്ടുന്ന ഒരു കാര്യം അദാനി കമ്പനി അധികൃതരുമായി അനൗപചാരികമായി ഓഹരി കൈമാറ്റത്തെക്കുറിച്ച് ഏതെങ്കിലും ഘട്ടത്തിൽ ചർച്ച ചെയ്തിട്ടുണ്ടോ എന്നതാണ്. തെരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് മംഗലാപുരത്ത് അദാനി കമ്പനി പ്രതിനിധികളെ കാണുന്നതിന് ചാർട്ടേർഡ് വിമാനത്തിൽ ദുരുഹമായൊരു സന്ദർശനം അദ്ദേഹം നടത്തിയിരുന്നുവല്ലോ. കേരള സർക്കാരിനെ പൂർണ്ണമായും മറയത്ത് ഇരുത്തി ഇത്തരമൊരു നീക്കം അദാനി നടത്തിയെന്നത് അവിശ്വസനീയമാണ്.

കൺസഷൻ എഗ്രിമെൻ്റ് ക്ലോസ് 5(3) പ്രകാരം അതോറിറ്റിയായ കേരള സർക്കാരിൻറെ അനുമതിയോടുകൂടി മാത്രമേ ഓഹരി വിൽക്കാനോ, കരാർ വ്യവസ്ഥയിൽ മാറ്റം വരുന്ന രീതിയിൽ ഉടമസ്ഥതയിൽ വ്യതിയാനം സൃഷ്ടിക്കാനോ സാധിക്കൂ എന്നാണ്. 25 ശതമാനത്തിൽ കൂടുതൽ ഓഹരി വിൽക്കുന്നത് ഉടമസ്ഥാവകാശത്തിലുള്ള മാറ്റമായിട്ടാണ് (Change in Ownership) കണക്കാക്കുന്നത്. പത്രവാർത്ത കണ്ടാൽ അത് ഏകദേശം നടപ്പായി എന്ന മട്ടാണ്. അങ്ങനെ വരാനിടയായി എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.വിഎസ് സർക്കാരിന്റെ കാലത്ത് വിഴിഞ്ഞം പോർട്ടിനെ ലാന്റ് ലോഡ് മോഡലിൽ വികസിപ്പിക്കാനാണ് നടപടി സ്വീകരിച്ചത്.

കേരള സർക്കാർ പണം മുടക്കി പോർട്ട് നിർമ്മിക്കും. അതിന്റെ നടത്തിപ്പിന് റവന്യു ഷെയർ മോഡലിൽ ഒരു കമ്പനിയെ ഏൽപ്പിക്കും. ഇത് അട്ടിമറിച്ചത് കോൺഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര സർക്കാരാണ്.പിന്നീട് അധികാരത്തിൽവന്ന ഉമ്മൻ ചാണ്ടി സർക്കാരാണ് അദാനിയുമായിട്ട് ഏകപക്ഷീയമായി കരാർ ഉണ്ടാക്കിയത്. അതുപ്രകാരം തുറമുഖത്തിന്റെ നിർമ്മാണത്തിന്റെ 70 ശതമാനം തുക കേരളം വഹിക്കും. 30 ശതമാനം അദാനി കമ്പനിയും. 30 വർഷം കഴിഞ്ഞ് മാത്രമേ വരുമാനത്തിൽ വിഹിതം കേരളത്തിന് കിട്ടിത്തുടങ്ങൂ. 40 വർഷം കഴിഞ്ഞേ കേരളത്തിന്റെ പൂർണ്ണ ഉടമസ്ഥതയിലേക്ക് തുറമുഖം വരൂ.ഇടതുപക്ഷം ഈ ഉടമ്പടിയെ നിശിതമായിട്ട് വിമർശിച്ചു. സി&എജിയും അത് ശരിവച്ചു. മാത്രമല്ല, അദാനി മുടക്കുന്ന 30 ശതമാനം വരുന്ന 2500 കോടി രൂപ തുകയിൽ നല്ലൊരുപങ്ക് യന്ത്രങ്ങളുടെയും മറ്റും ഊതിവീർപ്പിച്ച വിലയാണെന്നും സി&എജി നിരീക്ഷിക്കുകയുണ്ടായി.

എങ്കിലും 2016-ലെ തെരഞ്ഞെടുപ്പിന് മുന്നേ ഉമ്മൻ ചാണ്ടി സർക്കാർ ഒപ്പുവച്ച കരാർ തള്ളിക്കളയില്ലായെന്ന് ഇടതുപക്ഷം പരസ്യമായി പ്രഖ്യാപിച്ചു. കാരണം, കേസുമൂലം തുറമുഖ നിർമ്മാണം അനന്തമായി നീണ്ടുപോയാൽ വിഴിഞ്ഞം നമുക്ക് എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെടാനിടയുണ്ട്. വിഴിഞ്ഞത്തിന് തൊട്ടടുത്ത് തമിഴ്നാട്ടിലെ കുളച്ചലിൽ അദാനി തന്നെ പുതിയ തുറമുഖത്തിന് കരാർ എടുത്തിരുന്നു.യുഡിഎഫിന്റെ അട്ടിമറി സമരത്തെയും മറ്റും നേരിട്ട് വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കി. രണ്ടാംഘട്ടം പത്ത് വർഷത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടിയും എൽഡിഎഫ് സർക്കാർ സ്വീകരിച്ചു. വിഴിഞ്ഞത്തെ ആസ്ഥാനമാക്കി വികസന കോറിഡോറിനുള്ള നിർദ്ദേശങ്ങൾക്കും രൂപം നൽകി.ഈ സന്ദർഭത്തിൽ അദാനിയുമായിട്ടുള്ള കരാറിന്റെ ഘടന മനസിലാക്കേണ്ടതുണ്ട്. അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും കേരള സർക്കാരിന്റെ വിസാൽ എന്ന പൊതുമേഖലാ കമ്പനിയുമായിട്ടാണ് പിപിപി കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. അതുപ്രകാരം 61.5 ശതമാനം (5370 കോടി രൂപ) കേരള സർക്കാരാണ് ചെലവാക്കുന്നത്. 9.6 ശതമാനം (818 കോടി രൂപ) വയബിലിറ്റി ഗ്യാപ് ഫണ്ടിംങ് എന്ന നിലയിൽ കേരളത്തിനു കേന്ദ്രം വായ്പ നൽകുന്ന പണമാണ്. അദാനി മുടക്കുന്നത് വെറും 28.9 ശതമാനം (2497 കോടി രൂപ) മാത്രമാണ്.

ഇപ്പോൾ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി 13000 കോടി രൂപയ്ക്ക് വിഴിഞ്ഞം പോർട്ടിനായി രൂപീകരിച്ച അദാനി കമ്പനിയുടെ 49 ശതമാനം ഓഹരികൾ വാങ്ങുന്നൂവെന്നാണ് റിപ്പോർട്ട്.2497 കോടി രൂപ മുടക്കുന്ന അദാനി തന്റെ കമ്പനിയുടെ 49 ശതമാനം ഓഹരി 13000 കോടി രൂപയ്ക്ക് വിൽക്കുമ്പോൾ ആ ഡീലിന്റെ വലുപ്പം എത്രയാണെന്ന് മനസിലാക്കാനാകും. ഇത് കേരളത്തിൽ നടത്തുന്ന മുതൽമുടക്കാണെന്ന് ദേശാഭിമാനി പത്രം തെറ്റിദ്ധരിച്ചൂവെന്ന് തോന്നുന്നു. ഇത് അദാനിയുടെ ഓഹരിക്ക് നൽകുന്ന വിലയാണ്. എന്നാൽ പോകുന്നത് അദാനിയുടെ പോക്കറ്റിലേക്കാണ്. ഇതാണ് ഡീലിന്റെ വലുപ്പം.കേരളത്തിന്റെ തുറമുഖങ്ങളും തീരപ്രദേശങ്ങളും ഇത്തരത്തിൽ കുത്തകകൾക്കും വിദേശ കമ്പനികൾക്കും കൈമാറുന്നതിനുള്ള നീക്കമല്ല സമുദ്ര മിഷനിലൂടെ നടത്തുന്നതെന്ന് മുഖ്യമന്ത്രി സതീശന് എങ്ങനെ ഉറപ്പു പറയാനാകും?

കേരളം മുഴുവൻ തീരദേശ, മലയോര ദേശീയപാത റോഡുകളാലും ഉൾനാടൻ ജലഗതാഗത മാർഗത്താലും തീരദേശ കപ്പൽ മാർഗത്താലും പരസ്പര ബന്ധിതമാക്കിയും വ്യവസായ കോറിഡോറുകളുടെയും പാർക്കുകളുടെയും ശൃംഖലകൾ സൃഷ്ടിച്ച് ഒരു വിജ്ഞാന തൊഴിൽ സമ്പദ്ഘടനയായി പരിവർത്തനം ചെയ്യുന്നതിനാണ് എൽഡിഎഫ് ലക്ഷ്യം വച്ചത്. കേരളം മുഴുവൻ പരന്നു കിടക്കുന്ന ഒരു പുതിയ സിലിക്കൺവാലിയായി മാറണം. കേരളത്തിലെ പ്രകൃതി വിഭവങ്ങൾക്കും മനുഷ്യവിഭവശേഷിക്കും അനുയോജ്യമായൊരു വികസനം ആയിരിക്കുമിത്.ഇതിനു പകരം തുറമുഖങ്ങളെ അടിസ്ഥാനമാക്കി കപ്പൽ മാർഗ്ഗേണയുള്ള കയറ്റുമതി ഘനവ്യവസായങ്ങൾ സ്ഥാപിച്ച് പുതുയുഗ കേരളത്തെ സൃഷ്ടിക്കാനാണ് വി.ഡി. സതീശൻ ശ്രമിക്കുന്നത്. ഇത് ഉയർത്താൻ പോകുന്ന പ്രശ്നങ്ങളുടെ നന്ദിയാണ് അദാനിയുടെ ഓഹരി വിൽപ്പന.