Source :- SIRAJLIVE NEWS
നോര്‍ത്ത് 24 പര്‍ഗാനാസ് | പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ 17 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസുകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 23കാരനായ പ്രഹ്ലാദ് ദാസ് ആണ് കൊല്ലപ്പെട്ടത്. ഗായ്ഘട്ടയിലെ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച പ്രതി പോലീസുകാരനില്‍ നിന്ന് തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ക്കുകയും, തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയുമായിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രിക്കു ശേഷമായിരുന്നു സംഭവം.
സ്വയം പ്രതിരോധിക്കുന്നതിനായി പോലീസ് തിരികെ വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രഹ്ലാദ് ദാസിനെ ചന്ദ്പാറ റൂറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടില്ല. പ്രതി എങ്ങനെയാണ് ഒരു പോലീസുദ്യോഗസ്ഥന്റെ കൈയില്‍ നിന്ന് റിവോള്‍വര്‍ തട്ടിയെടുത്തതെന്നും, ഏറ്റുമുട്ടലിലേക്ക് നയിച്ച സംഭവവികാസങ്ങള്‍ എന്തൊക്കെയാണെന്നും അധികൃതര്‍ അന്വേഷിക്കും. ദാസിന്റെ മരണ വാര്‍ത്തയറിഞ്ഞ് കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തുകയും സംഭവത്തില്‍ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്ന്, ആശുപത്രിയിലും പരിസര പ്രദേശങ്ങളിലും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചു.
മൂന്ന് മാസത്തിനിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ ഏറ്റുമുട്ടല്‍
ഗായ്ഘട്ടയിലേത്, പശ്ചിമ ബംഗാളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണ്. തെക്കന്‍ 24 പര്‍ഗാനാസ് ജില്ലയിലെ ബരുയിപ്പൂരില്‍ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ പ്രവാസ് മൊണ്ടാല്‍, ജൂലൈ മാസത്തില്‍ സമാനമായ രീതിയിലുണ്ടായ ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതിയായ മൊണ്ടാല്‍ തന്നെ കൊണ്ടുപോകുകയായിരുന്ന പോലീസുദ്യോഗസ്ഥന്റെ കൈയില്‍ നിന്ന് റിവോള്‍വര്‍ തട്ടിയെടുത്ത് വെടിയുതിര്‍ക്കുകയും, രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും തുടര്‍ന്ന് സ്വയം പ്രതിരോധത്തിനായി നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെടുകയായിരുന്നു എന്നുമാണ് അന്ന് പോലീസ് നല്കിയ വിശദീകരണം.
Content Highlights:An accused in a heinous rape case was killed in a police encounter in North 24 Parganas district of West Bengal. The incident took place during the crime scene reconstruction process when the suspect allegedly attempted to flee. Police personnel returned fire in self-defense, leading to the accused getting fatally injured at the scene.




