Home LATEST NEWS malyalam പുതിയ വാർത്ത ബാങ്കിപുർ; ഇരട്ട പ്രഹരത്തില്‍ കിതച്ച് ബി ജെ പി

ബാങ്കിപുർ; ഇരട്ട പ്രഹരത്തില്‍ കിതച്ച് ബി ജെ പി

3
0

Source :- SIRAJLIVE NEWS

നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രാജ്യവ്യാപകമായി ആളിക്കത്തിയ പ്രതിഷേധങ്ങള്‍ക്ക് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് സ്വന്തം കോട്ടയും നഷ്ടപ്പെട്ടു. ബിഹാറിലെ ബാങ്കിപുര്‍ നിയമസഭാ സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയെ അട്ടിമറിച്ച് ജന്‍സുരാജ് പാര്‍ട്ടി സ്ഥാപകനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍ വിജയിച്ചു. ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനു മുമ്പില്‍ അടിയറവ് പറഞ്ഞതിനു പിറകെ ബി ജെ പിക്കേറ്റ രണ്ടാമത്തെ പ്രഹരമാണ് ബാങ്കിപുരിലെ തോല്‍വി. സാധാരണ ഉപതിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷികള്‍ വിജയിക്കാറാണ് പതിവ്. ഇവിടെ മൂന്ന് പതിറ്റാണ്ട് കാലം കൈവശം വെച്ചിരുന്ന സീറ്റ് ബി ജെ പിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ തോല്‍വി സാധാരണ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഗണത്തിൽപ്പെടാത്താവുന്ന ഒന്നല്ല.

ബാങ്കിപുരില്‍ ജന്‍ സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോറിന്റെ വിജയം ബി ജെ പിക്ക് തിരിച്ചടിയും ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിക്കുള്ള മുന്നറിയിപ്പുമാണ്. ഒമ്പത് മാസം മുമ്പ് നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ 243ല്‍ 202 സീറ്റുകള്‍ നേടി. പ്രസ്തുത തിരഞ്ഞെടുപ്പില്‍ ജന്‍സുരാജ് പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ഥി പോലും വിജയിച്ചില്ല. ബാങ്കിപുര്‍ ഉപതിരഞ്ഞെടുപ്പിലെ പരാജയം ബി ജെ പിയെ സംബന്ധിച്ച് വെറുമൊരു തിരഞ്ഞെടുപ്പ് പരാജയമല്ല. മൂന്ന് പതിറ്റാണ്ടായി മണ്ഡലം അവരുടെ കൈകളിലാണ്. രാജ്യത്ത് ബി ജെ പിയുടെ സുരക്ഷിത മണ്ഡലങ്ങളില്‍ ഒന്നാണ് ബാങ്കിപുര്‍. അതിലുപരി ബി ജെ പിക്ക് നഷ്ടമായത് അഖിലേന്ത്യാ പ്രസിഡന്റിന്റെ മണ്ഡലമാണ്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാങ്കിപുര്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നിതിന്‍ നബിന്‍ നിലവില്‍ ബി ജെ പിയുടെ ദേശീയ പ്രസിഡന്റാണ്. കഴിഞ്ഞ ഏപ്രിലില്‍ നിതിന്‍ നബിന്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 1995ലെ തിരഞ്ഞെടുപ്പില്‍ നിതിന്‍ നബിന്റെ പിതാവ് നവീന്‍ കിഷോര്‍ സിന്‍ഹ തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ മണ്ഡലം ബി ജെ പിയുടെ ഉരുക്കു കോട്ടയായാണ് അറിയപ്പെടുന്നത്. 1977ലും 1987ലും തിരഞ്ഞെടുക്കപ്പെട്ടത് ജനസംഘം നേതാവ് താക്കൂര്‍ പ്രസാദായിരുന്നു. നിലവിലെ ബി ജെ പി വക്താവ് രവിശങ്കര്‍ പ്രസാദിന്റെ പിതാവാണ് താക്കൂര്‍ പ്രസാദ്. നേരത്തേ പാറ്റ്ന വെസ്റ്റ് മണ്ഡലത്തിന്റെ ഭാഗമായിരുന്നു. 2008ല്‍ മണ്ഡലം പുനര്‍നിര്‍ണയം ചെയ്തു. അന്ന് മുതല്‍ മണ്ഡലം ബി ജെ പിയുടെ ശക്തമായ കോട്ടയായി കരുതിപ്പോരുന്നു. ആ കോട്ടക്കാണ് ഇപ്പോള്‍ ഇളക്കം തട്ടിയിരിക്കുന്നത്.
നവീന്‍ കിഷോര്‍ സിന്‍ഹയുടെ മരണത്തെ തുടര്‍ന്ന് 2006 മുതല്‍ മണ്ഡലത്തിന്റെ പ്രതിനിധി നിതിന്‍ നബിനാണ്. ഒമ്പത് മാസം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിനടുത്ത് വോട്ട് നേടിയ ബി ജെ പിക്ക് ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ചത് 44,827 വോട്ടുകളാണ്. അതേസമയം 63,203 വോട്ടുകള്‍ നേടി വിജയിച്ച പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 7,717 വോട്ടുകളാണ്. വോട്ടിന്റെ എണ്ണത്തിലെ ഈ മാറ്റം ഭരണകക്ഷിയായ ബി ജെ പിയോടുള്ള ജനങ്ങളുടെ എതിര്‍പ്പിന്റെ രൂക്ഷത വ്യക്തമാക്കുന്നു.

ബാങ്കിപുരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സി ജെ പിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥി, യുവജന പ്രക്ഷോഭം നടക്കുകയായിരുന്നു. സി ജെ പിയുടെ പാര്‍ലിമെന്റ്മാര്‍ച്ചിനിടെ പ്രതിഷേധക്കാര്‍ക്കെതിരെ ഡല്‍ഹി പോലീസും സുരക്ഷാ സേനയും നടത്തിയ ലാത്തിച്ചാര്‍ജിനെതിരെ ബിഹാറില്‍ ഉള്‍പ്പെടെ രാജ്യമെങ്ങും പ്രതിഷേധം അലയടിച്ചു. ജൂലൈ 25ന് ബിഹാര്‍ ബന്ദ് നടന്നു. സിവാന്‍ ജില്ലയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടത്തിയ ആക്രമണത്തിന്റെ വീഡിയോകള്‍ പ്രചരിച്ചു. ഒരു പോലീസുകാരന്‍ എ കെ-47 തോക്ക് പ്രയോഗിക്കുന്നതിന്റെ വീഡിയോ വൈറലായി. പോലീസ് അക്രമത്തില്‍ ഭാരത് തിവാരി എന്ന യുവാവ് കൊല്ലപ്പെടുകയുണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പ്രതിഷേധക്കാരെ ജയിലിലടച്ചു.

ബി ജെ പിയുടെ പരാജയവും ജന്‍സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോറിന്റെ വിജയവും ജന്തര്‍ മന്തര്‍ സംഭവത്തിന്റെ പ്രതികരണം കൂടിയാണ്. വിദ്യാര്‍ഥികളുടെയും യുവ വോട്ടര്‍മാരുടെയും രോഷം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. 3.79 ലക്ഷം വോട്ടര്‍മാരില്‍ മൂന്നിലൊന്ന് (1.25 ലക്ഷം പേര്‍) 30 വയസ്സില്‍ താഴെയുള്ളവരാണ്. നിരവധി കോച്ചിംഗ് സെന്ററുകളുള്ള പ്രദേശമാണ് ബാങ്കിപുര്‍. ബിഹാറില്‍ നിന്ന് മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവരില്‍ ബാങ്കിപുരില്‍ നിന്നുള്ളവര്‍ കുറവല്ല. ബാങ്കിപുര്‍ അര്‍ബന്‍ പ്രദേശമാണ്. ഡല്‍ഹിയിലെ കോണാട്ട് പ്ലേസ് പോലെ പൂര്‍ണമായും നഗരപ്രദേശമാണ്. സെക്രട്ടേറിയറ്റിലടക്കമുള്ള സംസ്ഥാന ജീവനക്കാര്‍ താമസിക്കുന്ന പ്രദേശമാണ്. കൂടാതെ ബിസിനസ്സ് ക്ലാസ്സിൽപ്പെടുന്ന കായസ്ഥ, വൈശ്യ വിഭാഗത്തില്‍പ്പെടുന്ന വോട്ടര്‍മാരാണ് കൂടുതല്‍. ബാങ്കിപുരില്‍ 14 ശതമാനം കായസ്ഥ, എട്ട് ശതമാനം ഭൂമിഹാര്‍, എട്ട് ശതമാനം ബ്രാഹ്മണര്‍, ഏഴ് ശതമാനം രജ്പുത്, അഞ്ച് ശതമാനം കുര്‍മി, മൂന്ന് ശതമാനം കുശ്്വാഹ, 12 ശതമാനം മുസ്‌ലിം, ഒമ്പത് ശതമാനം കഹാര്‍ (അതി പിന്നാക്കം) വിഭാഗക്കാരാണ്. 42 ശതമാനം ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ്. ബി ജെ പി സീറ്റ് നിലനിര്‍ത്തിപ്പോന്നത് ഉയര്‍ന്ന വിഭാഗത്തിന്റെയും വൈറ്റ്‌കോളറുകാരുടെയും പിന്തുണയിലായിരുന്നു. ഇത്തവണ അവര്‍ ബി ജെ പിയെ കൈവിട്ടു. രാമക്ഷേത്ര കൊള്ളയും ഇതിനു കാരണമായിരിക്കാം.
ബാങ്കിപുരിലെ ബി ജെ പി സ്ഥാനാര്‍ഥിയുടെ പരാജയത്തിന് രണ്ട് പ്രധാന കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്ന്, അവസാന നിമിഷം സ്ഥാനാര്‍ഥിയെ മാറ്റിയത്. അഭിഷേക് ബണ്ടിയെ മാറ്റി യുവമോര്‍ച്ച നേതാവ് നീരജ് കുമാറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായിരുന്നു. ഇതിന് പാര്‍ട്ടി നേതൃത്വം നല്‍കിയ മറുപടി “ഏത് കുറ്റിച്ചൂലിനെ’ നിര്‍ത്തിയാലും ബാങ്കിപുരില്‍ ജയിക്കുമെന്നായിരുന്നു. നിതീഷ് കുമാറിനെ മാറ്റി കുശ്്വാഹ സമുദായത്തില്‍പ്പെട്ട സാമ്രാട്ട് ചൗധരിയെ മുഖ്യമന്ത്രിയായി നിയമിച്ചതില്‍ ഉന്നത ജാതിക്കാര്‍ക്കിടയില്‍ അതൃപ്തി നിലനിന്നിരുന്നു.

ബാങ്കിപുരിലെ വിജയത്തോടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനില്‍ നിന്ന് രാഷ്ട്രീയ നേതാവായി മാറിയ പ്രശാന്ത് കിഷോര്‍ ബിഹാറില്‍ ജന്‍സുരാജ് പാര്‍ട്ടിക്ക് അടിത്തറ പാകിയിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് രൂപവത്കരിച്ച ജന്‍സുരാജ് പാര്‍ട്ടി ആദ്യമായി 2025ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും അന്നവര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. 238 സ്ഥാനാര്‍ഥികളില്‍ 236 പേര്‍ക്ക് കെട്ടിവെച്ച പണം പോലും തിരിച്ചു കിട്ടിയില്ല. പ്രസ്തുത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാപകനായ പ്രശാന്ത് കിഷോര്‍ മത്സരിച്ചിരുന്നില്ല.

എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ പ്രശാന്ത് കിഷോര്‍ ബി ജെ പിയെ മാത്രമല്ല പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ ജെ ഡിയെയും ഞെട്ടിച്ചിരിക്കുകയാണ്. ബാങ്കിപുരില്‍ ആര്‍ ജെ ഡി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ ആര്‍ ജെ ഡിയുടെ രേഖാ ഗുപ്ത 46,000 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇത്തവണ ആര്‍ ജെ ഡി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 14,263 വോട്ടുകളാണ്. ബാങ്കിപുരിലെ ജന്‍സുരാജ് പാര്‍ട്ടിയുടെ വിജയം ബിഹാറില്‍ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യത്തിനും ആര്‍ ജെ ഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിനുമെതിരെയുള്ള ബദല്‍ രാഷ്ട്രീയ ശക്തിയിലേക്ക് വിരല്‍ ചൂണ്ടുകയാണ്. ജന്‍സുരാജ് പാര്‍ട്ടിയുടെ വിജയം സംസ്ഥാനത്തെ പ്രതിപക്ഷ രാഷ്ട്രീയത്തിലും മാറ്റം സൃഷ്ടിച്ചേക്കാം. പരമ്പരാഗതമായി പ്രതിപക്ഷത്തിന് ലഭിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ പരിഗണനയില്‍ മാറ്റം ദൃശ്യമാണ്. ബാങ്കിപുര്‍ ഉപതിരഞ്ഞെടുപ്പിലെ പ്രത്യേകത ഭരണവിരുദ്ധ വികാരം മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ ജെ ഡിയെ സഹായിച്ചില്ല എന്നതാണ്. പ്രതിപക്ഷ ബദലെന്ന ജനാഭിലാഷത്തിന്റെ ഭാഗം കൂടിയാണ് ജന്‍സുരാജ് പാര്‍ട്ടിയുടെ വിജയം. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായ ബിഹാറിലെ രാഷ്ട്രീയം ജാതി കേന്ദ്രീകൃതമാണ്. എന്നാല്‍ പരമ്പരാഗത ജാതി സമവാക്യങ്ങളെ ചേര്‍ത്തു പിടിക്കാതെയാണ് പ്രശാന്ത് കിഷോര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്.