Source :- SIRAJLIVE NEWS
മുസാഫിര്‍പൂര്‍ | ബിഹാര്‍ മുസാഫിര്‍പൂരിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 പേര് മരിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. ഐ സി യുവില്‍ ഉണ്ടായിരുന്ന ഇരുപതോളം രോഗികളെ ഇവിടെ നിന്ന് ഒഴിപ്പിച്ചു. ഇതില്‍ രണ്ടുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
പുലര്‍ച്ചെ 3.55 ഓടെയാണ് ഫയര്‍ഫോഴ്സിന് അപകടത്തെക്കുറിച്ചുള്ള അടിയന്തര സന്ദേശം ലഭിക്കുന്നത്. ഉടന്‍ തന്നെ അഗ്നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഐസിയുവില്‍ നിന്ന് 15-20 രോഗികളെ ഞങ്ങള്‍ രക്ഷപെടുത്തി. ബാക്കിയുള്ള രോഗികളെ സമീപത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുന്ന സമയത്ത് ഐ സി യുവില്‍ 13 രോഗികളും സി സി യുവില്‍ ഏതാനും രോഗികളും ഉണ്ടായിരുന്നതായി മുസാഫര്‍പുര്‍ ജില്ലാ മജിസ്ട്രേറ്റ് സുബ്രത് കുമാര്‍ സെന്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള ഒരു ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 21 പേര് മരിക്കുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് രാജ്യത്തെ നടുക്കിയ മറ്റൊരു ദുരന്തം.







