Source :- SIRAJLIVE NEWS
മലപ്പുറം| ബേങ്കുകളില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. ഏമങ്ങാട് സ്വദേശി കറുത്തേടത്ത് അസ്‌കറിനെയാണ് (49) വണ്ടൂര്‍ പോലീസ് പിടികൂടിയത്. വണ്ടൂരിലെ ഫെഡറല്‍ ബേങ്ക് ശാഖയിലും പൂക്കോട്ടുംപാടത്തെ സ്വകാര്യ ബേങ്കിലുമാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ആദ്യം പൂക്കോട്ടും പാടത്തെ സ്വകാര്യ ബേങ്കില്‍ വള പണയം വെച്ച് ഇയാള്‍ രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു.
തുടര്‍ന്ന് ജൂണ്‍, ജൂലൈ മാസങ്ങളിലായി വണ്ടൂര്‍ ഫെഡറല്‍ ബേങ്കിലെ രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിലായി 11 ഗ്രാം മുക്കുപണ്ടം പണയം വെച്ചും സമാന രീതിയില്‍ രണ്ട് ലക്ഷത്തിലധികം രൂപ കൈക്കലാക്കുകയായിരുന്നു. സ്വകാര്യ ബേങ്ക് അധികൃതര്‍ക്ക് ഇടപാടുകളില്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പണയത്തിലുള്ളത് വ്യാജ സ്വര്‍ണ്ണമാണെന്ന് കണ്ടെത്തിയത്.
ബേങ്ക് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അസ്‌കര്‍ കുടുങ്ങിയത്. ഇന്നലെ രാവിലെ അറസ്റ്റു ചെയ്ത പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
Content Highlights:
Wandoor police arrested Karuthedath Askar for cheating banks out of lakhs using fake gold. The suspect pledged fake ornaments at Federal Bank Wandoor and a private bank in Pookkottumpadam. Following bank complaints, police traced and arrested him before producing him in Perinthtalmanna court.




