Home rss national malayalam പുതിയ വാർത്ത ബ്രിക്സ് പ്രഖ്യാപനത്തിൽ ഒറ്റക്കെട്ട്; ഡോളറിന് ബദൽ

ബ്രിക്സ് പ്രഖ്യാപനത്തിൽ ഒറ്റക്കെട്ട്; ഡോളറിന് ബദൽ

3
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | അംഗരാജ്യങ്ങൾക്കിടയിലുള്ള സഹകരണം ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത് ബ്രിക്‌സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം. ഇന്നലെ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ആരംഭിച്ച ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് പ്രഖ്യാപനം പുറത്തുവിട്ടത്. ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കുന്നതിന് ദ്വിരാഷ്ട്ര പരിഹാരവും ആഗോള വിപണിയിലെ യു എസ് ഡോളറിന്റെ മേധാവിത്വത്തെ മറികടക്കുന്നതിന് ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ പ്രാദേശിക കറൻസി കൈമാറ്റവും പ്രഖ്യാപനം മുന്നോട്ടുവെക്കുന്നു. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടി അപലപിച്ചു.

ഗസ്സയിലെ വെടിനിർത്തൽ തുടരണമെന്നും തടസ്സങ്ങളില്ലാതെ ജനങ്ങൾക്ക് മാനുഷിക സഹായം ലഭ്യമാകണമെന്നും പ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടു. ഫലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നതിനെയും അവരുടെ അവകാശങ്ങളെ ഹനിച്ചേക്കാവുന്ന നടപടികളെയും എതിർത്തു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്ന് സംയുക്ത പ്രസ്താവന ആവശ്യപ്പെടുന്നു. യു എന്നിലെ ഉന്നത പദവികൾ ഏതെങ്കിലും ഒരു രാജ്യമോ കൂട്ടായ്മയോ കുത്തകയാക്കി വെക്കുന്നതിനെ പ്രമേയം എതിർത്തു. ആഗോള വ്യാപാരത്തെ കൂടുതൽ തുറന്നതും നീതിയുക്തവും സുതാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാക്കുന്നതിനായി ലോക വ്യാപാര സംഘടനയെ പരിഷ്‌കരിക്കുന്നതിനെ ബ്രിക്സ് പിന്തുണച്ചു.

വ്യാപാരം, ഭീകരവാദം മുതൽ നിർമിത ബുദ്ധി (എ ഐ), സ്ഥാപനവത്കരണമായ പരിഷ്‌കരണം വരെയുള്ള വിവിധ വിഷയങ്ങളിൽ പൊതുവായ നിലപാടുകൾ പ്രഖ്യാപനത്തിലുണ്ട്. ഏകപക്ഷീയ വ്യാപാര നിയന്ത്രണങ്ങൾ, അതിർത്തി കടന്നുള്ള ഭീകരതക്കെതിരെ ശക്തമായ നിലപാട്, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, ധനകാര്യം എന്നിവയുൾപ്പെടെയുള്ള പുതിയ സഹകരണ സംവിധാനങ്ങൾ ബ്രിക്‌സ് പ്രഖ്യാപനത്തിൽ ഉൾക്കൊള്ളുന്നു.
സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, സിവിൽ സമൂഹം എന്നീ മേഖലകളിൽ കൂടുതൽ വിനിമയങ്ങൾക്കും സഹകരണത്തിനും കൂട്ടായ്മ ആഹ്വാനം ചെയ്തു. അംഗ രാജ്യങ്ങൾ ഏകകണ്ഠമായാണ് “ന്യൂഡൽഹി പ്രഖ്യാപനം 2026′ അംഗീകരിച്ചത്. പ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ അറിയിച്ചു.
സംയുക്ത പ്രഖ്യാപനം
ചർച്ച, നയതന്ത്രം, കൂടിക്കാഴ്ചകൾ എന്നിവയിലൂടെ തർക്കങ്ങൾ പരിഹരിക്കാൻ ബ്രിക്‌സ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

സംഘടിത തട്ടിപ്പ് ശൃംഖലകൾ, ഓൺലൈൻ തട്ടിപ്പുകൾ, ഡിജിറ്റൽ പേയ്മെന്റ്സംവിധാനങ്ങളുടെ ദുരുപയോഗം എന്നിവക്കെതിരെ സഹകരണം ശക്തമാക്കും.
വംശീയത, വംശീയ വിവേചനം, അന്യവിദ്വേഷം, മതപരമായ വിവേചനം എന്നിവയ്ക്കെതിരെ ശക്തമായ നടപടികൾ വേണം. വിദ്വേഷ പ്രസംഗങ്ങൾ, ബോധപൂർവം പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങൾ എന്നിവയുടെ വർധനവിൽ ആശങ്ക രേഖപ്പെടുത്തി.
മരുന്നുകളും മെഡിക്കൽ ഉത്പന്നങ്ങളും സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതും എല്ലാവർക്കും ലഭ്യവുമാണെന്ന് ഉറപ്പാക്കാൻ, അംഗരാജ്യങ്ങളിലെ മെഡിക്കൽ നിയന്ത്രണ അതോറിറ്റികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കണം.
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് പൊതു- സ്വകാര്യ പങ്കാളിത്തം (പി പി പി) കൂടുതലായി ഉപയോഗിക്കുന്നതിനെ ബ്രിക്‌സ് പിന്തുണച്ചു.
വ്യോമയാനം, റെയിൽവേ, ലോജിസ്റ്റിക്‌സ്, സുസ്ഥിര ഗതാഗതം, കുറഞ്ഞ കാർബൺ ബഹിർഗമനമുള്ള വ്യോമയാന ഇന്ധനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗതാഗത മേഖലയിൽ കൂടുതൽ സഹകരണം.
ആണവായുധ നിരായുധീകരണം, ആയുധ നിയന്ത്രണം, ആണവായുധ വ്യാപന നിരോധനം എന്നിവയെ പിന്തുണച്ചു.
സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾക്കും ഐ എ ഇ എയുടെ സംരക്ഷണത്തിലുള്ള ആണവ കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ അപലപിച്ചു.
ലബനാൻ പ്രദേശത്ത് അവശേഷിക്കുന്ന സൈനികരെ പിൻവലിക്കാൻ ഇസ്റാഈലിനോട് ആവശ്യപ്പെട്ടു.

Content Highlights: The BRICS summit adopted the New Delhi Declaration 2026, calling for local currency trade to reduce US dollar dominance and a two-state solution for Palestine. The member nations condemned the Pahalgam terror attack and urged complete UN and WTO reforms. Gaza ceasefire and ending forced displacement were also strongly demanded.