Source :- SIRAJLIVE NEWS
മലപ്പുറം| പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിയും വിവിധ മുസ്ലിം സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ നബിദിന സന്ദേശ റാലി നാളെ (തിങ്കളാഴ്ച) മലപ്പുറത്ത് നടക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ് ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ നബിദിന സന്ദേശം നല്‍കും. ആയിരക്കണക്കിന് പ്രവാചകപ്രേമികള്‍ അണിനിരക്കുന്ന റാലി വൈകുന്നേരം 4 ന് എം എസ് പി പരിസരത്ത് നിന്ന് ആരംഭിച്ച് കോട്ടപ്പടി തിരൂര്‍ റോഡില്‍ സമാപിക്കും.
പ്രകീര്‍ത്തന കാവ്യങ്ങള്‍, തിരുനബി സ്‌നേഹ പ്രഭാഷണം, മദ്ഹ് ഗീതങ്ങളുടെ ഭാഷാ വൈവിധ്യങ്ങള്‍, അറബന, ദഫ് മേളങ്ങള്‍, സ്‌കൗട്ട് പരേഡുകള്‍, ഫ്‌ളവര്‍ ഷോ, ഫ്‌ളാഗ്-പ്ലക്കാര്‍ഡ് ഡിസ്‌പ്ലേ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ റാലിക്ക് കൊഴുപ്പേകും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ,കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ എന്നീ സംഘടനകളിലെ നേതാക്കളും പ്രവര്‍ത്തകരും മഅദിന്‍ അക്കാദമി ജീവനക്കാരും വിദ്യാര്‍ത്ഥികളും റാലിയില്‍ അണിനിരക്കും.
റബീഉല്‍അവ്വല്‍ 12 ന് പുലര്‍ച്ചെ 2.30 മുതല്‍ മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ അഞ്ഞൂറ് സാദാത്തുക്കളുടെ നേതൃത്വത്തില്‍ ഗ്രാന്‍ഡ് മൗലിദ് സദസ്സും നേര്‍ച്ചയും സംഘടിപ്പിക്കും. സലാം ബൈത്, ബുര്‍ദ -മൗലിദ് – ഖുര്‍ആന്‍ പാരായണം, പ്രാര്‍ഥന എന്നിവക്ക് മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. കാല്‍ ലക്ഷം പേര്‍ക്ക് അന്നദാനവും മഹബ്ബ കിറ്റ് വിതണവും നടത്തും. പരിപാടിയില്‍ സംബന്ധിക്കുന്നതിന് സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും.
Content Highlights:
Ma’din Academy and various Muslim organizations will hold Kerala’s largest Milad-un-Nabi message rally tomorrow in Malappuram. E Sulaiman Musliyar will inaugurate the event, with key messages from Sayyid Ibrahimul Khaleel Al Bukhari. A grand Maulid gathering and feast will follow at Ma’din Grand Masjid.




