Home LATEST NEWS malyalam പുതിയ വാർത്ത മഅദിൻ ഏബ്ൾ വേൾഡ് വിദ്യാർഥി മുഹമ്മദ് റയാന് കാനഡയിൽ ഭിന്നശേഷി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ദേശീയ അംഗീകാരം

മഅദിൻ ഏബ്ൾ വേൾഡ് വിദ്യാർഥി മുഹമ്മദ് റയാന് കാനഡയിൽ ഭിന്നശേഷി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ദേശീയ അംഗീകാരം

2
0

Source :- SIRAJLIVE NEWS

മലപ്പുറം/ ഹാലിഫാക്സ് (കാനഡ) | മഅദിൻ ഏബ്ൾ വേൾഡ് സ്പെഷ്യൽ സ്കൂളിലെയും ലൈഫ് ഷോർ റിഹാബിലിറ്റേഷൻ സെന്ററിലെയും പൂർവ വിദ്യാർത്ഥിയായ മുഹമ്മദ് റയാന് കാനഡയിൽ ദേശീയ അംഗീകാരം. ഈ വർഷത്തെ ‘റിക് ഹാൻസൻ ഫൗണ്ടേഷൻ സ്കൂൾ പ്രോഗ്രാം 2026 ഡിഫറൻസ് മേക്കർ ഓഫ് ദി ഇയർ’പുരസ്കാരം റയാന് ലഭിച്ചു.

കാനഡയിലെ പ്രമുഖ സന്നദ്ധ സംഘടനയായ റിക് ഹാൻസൻ ഫൗണ്ടേഷൻ (Rick Hansen Foundation) ദേശീയ ആക്സസിബിലിറ്റി വാരാചരണത്തിന്റെ ഭാഗമായി നൽകുന്ന ഈ പുരസ്കാരം, ഭിന്നശേഷി മേഖലയിലെ നേതൃത്വത്തിനും ഉൾച്ചേരലിനും നൽകിയ ശ്രദ്ധേയമായ സംഭാവനകളെ ആദരിക്കുന്നതാണ്. ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്നതും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്നതും നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.

ശാരീരിക-മാനസിക വെല്ലുവിളികൾക്കിടയിലും ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കും ഉൾച്ചേരലിനും വേണ്ടി പ്രവർത്തിക്കുന്ന റയാൻ, തന്റെ അനുഭവങ്ങളും ആശയങ്ങളും പങ്കുവെച്ച് കാനഡയിലെ നോവാ സ്കോഷ്യയിലെ കുടിയേറ്റ സമൂഹങ്ങൾക്കിടയിലും ജന്മനാടായ കേരളത്തിലെ ഭിന്നശേഷിക്കാർക്കിടയിലും നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്തത്.

കാനഡയിൽ ഭിന്നശേഷി പ്രവർത്തനങ്ങൾക്ക് ‘ ഡിഫറൻസ് മേക്കർ ഓഫ് ദി ഇയർ’ പുരസ്‌കാരം കരസ്ഥമാക്കിയ മഅദിൻ ഏബ്ൾ വേൾഡ് പൂർവ വിദ്യാർഥി മുഹമ്മദ് റയാനെ മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അനുമോദിക്കുന്നു

കൂടാതെ ഇൻക്ലൂഷൻ നോവ സ്കോട്ടിയ (Inclusion Nova Scotia), നോവ സ്കോട്ടിയ ലീഗ് ഫോർ ഈക്വൽ ഓപ്പർച്ചൂണിറ്റീസ് (Nova Scotia League for Equal Opportunities), ഈസ്റ്റർ സീൽസ് നോവ സ്കോട്ടിയ (Easter Seals Nova Scotia), ഹാലിഫാക്സ് മലയാളി അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിൽ സജീവമാണ് റയാൻ. 2023-ൽ കുടുംബസമേതം കാനഡയിലേക്ക് കുടിയേറിയ റയാൻ, ഭിന്നശേഷിക്കാർക്കായി കാനഡയിൽ ലഭ്യമായ മികച്ച സേവനങ്ങളും സംവിധാനങ്ങളും പഠിച്ച് അവ കേരളത്തിലെ ഭിന്നശേഷിക്കാർക്കും കാനഡയിലെ പുതുകുടിയേറ്റ സമൂഹങ്ങൾക്കുമിടയിൽ പങ്കുവെക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്.

കാനഡയിലെ പ്രമുഖ പാരാലിമ്പിക് കായികതാരവും സാമൂഹിക പ്രവർത്തകനുമായ Rick Hansen ലോകപ്രശസ്തമായ “Man In Motion World Tour” എന്ന വീൽചെയർ യാത്രയിലൂടെ 34 രാജ്യങ്ങളിലായി 40,000 കിലോമീറ്ററിലധികം സഞ്ചരിച്ച് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കും ഗവേഷണങ്ങൾക്കുമായി ആഗോള ബോധവത്കരണം നടത്തിയ വ്യക്തിയാണ്. 2025-ൽ Partnership for Access Awareness Nova Scotia നൽകുന്ന ഹവർഗ്ലാസ് ആക്ഷൻ അവാർഡ് – യങ് ചാമ്പ്യൻ പുരസ്കാരവും റയാൻ നേടിയിരുന്നു. 2024-ൽ Make-A-Wish Foundation സംഘടിപ്പിച്ച പ്രത്യേക അമേരിക്കൻ പര്യടനത്തിനും റയാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതിർത്തികൾക്കപ്പുറം കൂടുതൽ ഉൾച്ചേരലുള്ള ഒരു ലോകം നമുക്ക് ഒരുമിച്ച് നിർമിക്കാം എന്ന സന്ദേശമാണ് റയാന്റെ നേട്ടങ്ങൾ നൽകുന്നതെന്നും റയാന്റെ നേട്ടങ്ങൾ മഅദിൻ ഏബ്ൾ വേൾഡിന്റെ നേട്ടമാണെന്നും മഅദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ അനുമോദന സന്ദേശത്തിൽ പറഞ്ഞു.

മഅദിൻ ഏബ്ൾ വേൾഡിന്റെ ബോർഡ് അംഗവും നോവാസ്കോഷ്യ സർക്കാരിന്റെ ഭിന്നശേഷിമേഖലയിലെ ഉപദേഷ്ടാവുമായ മുഹമ്മദ് അസ്റത്ത് ആണ് റയാന്റെ പിതാവ്. മാതാവ് റീമ ഇബ്രാഹിം (അധ്യാപിക), സഹോദരി ഹസ് വ ഫാത്തിമ

Content Highlights:

Kerala youth Mohammed Rayan won Canada’s prestigious Rick Hansen Foundation School Program 2026 Difference Maker of the Year award. He is the first Indian and youngest individual to receive this honor for outstanding contributions to disability advocacy and inclusion. Rayan is an alumnus of Malappuram Ma’din Able World Special School.