Source :- SIRAJLIVE NEWS
മൂന്ന് ദിക്കുകൾ സമുദ്രങ്ങൾ കവർന്നെടുത്ത കരയിൽ, വിത്ത് വീണ് വിതയ്ക്കാൻ, പാകത്തിൽ അവശേഷിച്ചതെത്ര തന്നെ യോജന ഭൂമിയായിരുന്നാലും, അവിടെ കനകം വിളയിച്ചെടുത്താണ് മലയാള മണ്ണ്, നിനവുകളും കിനാക്കളും നെയ്തെടുത്തതും, സ്വപ്നങ്ങൾക്ക് നങ്കൂരമിട്ടതും, നേട്ടങ്ങളുടെ ഒടുങ്ങാത്ത ആഴങ്ങളിലേക്ക് വലയെറിഞ്ഞതും.
കിഴക്കോട്ടോഴുകിയ മൂന്നും പടിഞ്ഞാറേ തീരത്തേക്ക് വഴിഞ്ഞൊഴുകിയ നാൽപ്പത്തിയൊന്ന് നദികളും നനച്ചുണർത്തിയ മൺതടങ്ങളിൽ വിരിഞ്ഞ പൂക്കളും കായ്കളും ഫലങ്ങളും സമ്മാനിച്ച വസന്തം കണികണ്ടാണ്, കേരവൃക്ഷങ്ങളുടെ നാട്, തങ്ങളുടെ ഇന്നീ കാണുന്ന നേട്ടങ്ങളുടെയും വികസനത്തിന്റെയും വഴികളിലേക്ക് നടന്നുകയറിയത്. പിറവിയെടുത്ത് കേവലം എഴ് പതാണ്ടുകൾക്കിപ്പുറം ഒരു നാട്, കൃത്യമായി അതിന്റെ തനതായ സംസ്കൃതിയും പാരമ്പര്യവും രൂപവത്കരിച്ചു കൊണ്ടും നിലനിർത്തിക്കൊണ്ടുമാണ് ഓരോ വിജയങ്ങളും സ്വായത്തമാക്കിയത്.
കാലത്തിന്റെ ചുവരെഴുത്തുകളിൽ, പ്രവിശാലമായ ഒരു രാജ്യത്തിന്റെ അങ്ങേതലയ്ക്കലൊരു മൂലയിൽ ഒരു ചാൺ നീളത്തിൽ നില കൊള്ളുന്ന ഒരു പ്രദേശം കൂട്ടത്തിൽ മറ്റേതൊരു നാടും നൽകിയത് പോലെ തന്നെ, തങ്ങളുടേതായ സംഭാവനകളും വിജയങ്ങളും ഈ രാജ്യത്തിനായി സമർപ്പിച്ചിട്ടുണ്ട്.ഏതൊരു രംഗത്തും വിസ്തൃതിയും വരുമാനവും ഏറെയുള്ള മറ്റേതൊരു സംസ്ഥാനവും സ്വന്തമാക്കിയ വിജയങ്ങൾക്കൊപ്പം നിൽക്കും നമ്മുടെ കൊച്ചു കേരളം നേടിയ വിജയങ്ങളും ഈ രാജ്യത്തിന് നൽകിയ സംഭാവനകളും. മണ്ണിൽ ചവിട്ടി നിന്നും ചേറിൽ കൈ അമർത്തിയും തന്നെയാണ് കലാ – സാംസ്കാരിക – സാമൂഹിക – സാമ്പത്തിക രംഗങ്ങളിലൊക്കെയും നമ്മളീ വിജയങ്ങൾ സ്വായത്തമാക്കിയത്.
ഏഴ് പതിറ്റാണ്ടുകൾ മാത്രം പിന്നിട്ട, നിവർത്തിവെച്ച കൈകളിൽ ആറാം വിരൽ തൂങ്ങിയാടും പോലൊരു കൊച്ചു ദേശം, അതിന്റെ സാംസ്കാരിക ചൈതന്യങ്ങളുടെ തെളിച്ചവും വെളിച്ചവും നിലനിർത്തിക്കൊണ്ട് തന്നെയാണ് ഓരോ നേട്ടവും കൈവരിച്ചതെന്ന് അഭിമാനത്തോടെ പറയാൻ ഓരോ കേരളീയനും ഇക്കാലമത്രയും സാധ്യമായിട്ടുണ്ട്.
കലയുടെ, കവിതയുടെ, കഥകളുടെ, ചലച്ചിത്രത്തിന്റെ, മാധ്യമ പ്രവർത്തനത്തിന്റെ, സാഹിത്യത്തിന്റെ ഏതൊരു സങ്കേതത്തിലും, ഓട്ടത്തിന്റെ, ചാട്ടത്തിന്റെ, നീന്തലിന്റെ, കാൽപ്പന്തു കളിയുടെ, ക്രിക്കറ്റിന്റെ, കായിക തികവിന്റെ ഏതൊരു വിഭാഗത്തിലും ആത്മാർപ്പണം നടത്തി പ്രാണൻ പകുത്തു കൊണ്ട് സ്വയം അടയാളപ്പെടുത്തിയവർ ഏറെയുണ്ട്.
ആന്റണി പി ജെ
ഗണിതത്തിന്റെ സമവാക്യങ്ങളിൽ രസതന്ത്രത്തിന്റെ രാസവാക്യങ്ങളിൽ, ഭൗതിക കാഴ്ചകളുടെ അന്തസ്സത്തകളിൽ, ആരോഗ്യ പരിപാലനത്തിന്റെ കരുതലുകളിൽ, ആത്മാവ് അകന്ന ദേഹങ്ങളുടെ പുനഃപരിശോധനകളിൽ, ശാസ്ത്രത്തിന്റെ ഏതൊരു വഴിയിലുമുണ്ട്, തങ്ങളുടേത് മാത്രമായ ചിന്തകൾ കൊണ്ട് വിളക്ക് കാലുകൾ പണിഞ്ഞുവെച്ച മഹാരഥർ.
മലകളോട് മല്ലടിച്ചും, മണ്ണിനോട് പോരടിച്ചും, മരങ്ങളോട് മനസ്സെറിഞ്ഞും, കാറ്റിനോട് കഥ പറഞ്ഞും കാട്ടരുവികളോട് കൊഞ്ചിയും തരിശ് ഭൂമികളിൽ കൈക്കോട്ടെടുത്ത് കരുത്തു കാട്ടിയും വിത്തെറിഞ്ഞും വിളവെടുത്തും കള പറിച്ചും കാവൽ കിടന്നും വിണ്ടുകീറിയ മണ്ണിന്റെ മാറിൽ പച്ചപ്പ് പടർത്തിയവർ ചിന്തിയ ചുവന്ന ചോരത്തുള്ളികളിൽ നിന്നും ഊർജം പറ്റിക്കൊണ്ട് കൂടിയാണ്, ഈ നാട് അതിന്റെ മഹാധ്വജങ്ങളെ സഹ്യസാനുക്കളിൽ ഉയർത്തിക്കെട്ടിയത്. വൈയക്തികമായ നേട്ടങ്ങളാൽ, പൊരുതി നേടിയ പേരും പെരുമയും കൊണ്ട്, ഈ നാടിന്റെ യശസ്സ് വാനോളമുയർത്തിയ വ്യക്തികൾ ഏറെയുണ്ട്. ഏത് മേഖലയിലും. ഏതൊരു വിദേശ നാട്ടിലും രാജ്യത്തുമുണ്ടവർ.
മുട്ടിലിഴഞ്ഞും പിച്ചവെച്ചും കരുതലോടെ കാലെടുത്തു വെച്ചും കുതിച്ചും കിതച്ചും മുന്നോട്ട് നടന്ന ഈ നാട് പർവത സമാനമായ വെല്ലുവിളികൾ നേർക്കുനേർ വന്നു മൂടിയപ്പോഴും, ദുരന്തങ്ങൾ ഒന്നൊന്നായി വന്നപ്പോഴും, പൊരുതി നേടിയ കനകക്കാഴ്ചകളെ കടലെടുത്തു തുടങ്ങിയപ്പോഴും ഒന്നിച്ചു നിന്ന് സങ്കടക്കടലുകളെ, ആഘോഷങ്ങളുടെ നീർത്തടങ്ങളാക്കിയ ഒരു ജനത ലോകത്തിന് മുന്നിൽ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും കരുതലിന്റെയും വിശാലമായ മാതൃകകൾ കൂടി മലർക്കെ തുറന്നിട്ടാണ് ഓരോന്നിനെയും നേരിട്ടത്. മറ്റേതൊരു നാടും തമ്മിൽ പൊരുതി തളർന്നു നിന്നപ്പോൾ, ഒരാശ്ചര്യവും കാണിക്കാനില്ലാത്ത വിധം തമ്മിൽ ചേർന്ന് നിന്നു കൊണ്ടാണ് കേരളം വളർന്നത്. രാജ്യത്തെ ഏതൊരു മനുഷ്യനും നാട്ടുകാരനും ജീവിക്കാൻ, സ്വസ്ഥമായി സമ്പാദിക്കാൻ ഒരിടമായി ഈ നാട് മാറിയത്, അതെല്ലാം ഒറ്റ രാവിന്റെ വിപ്ലവം കൊണ്ട് ഉണ്ടായതാകില്ല. ഏതേലും ഒന്നിന്റെ മാത്രം പൊലിമ കൊണ്ട് വളർന്നതുമാകില്ല. ഒരു ജനത ഒന്നാകെ ഒരമ്മ പെറ്റ മക്കളെ പോൽ പുണർന്നു നിന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ്.
പരിമിതമായിരുന്നു, എല്ലാം. ഭാഷ കൊണ്ട് മാത്രം ജന്മം കൊണ്ട നാടിന് ഏറ്റെടുത്തു നടത്താൻ വെല്ലുവിളികൾ ഏറെയുണ്ടായിരുന്നു. എണ്ണിപ്പറയാൻ ഒരുമ്പെട്ടിറങ്ങിയാൽ ആയിരത്തൊന്ന് രാവുകളും തികയാത്തത്ര മാത്രം. എന്നിട്ടും എല്ലാം സ്വന്തമാക്കി, എവിടെയും തങ്ങളുടേതായ മേൽവിലാസം സൃഷ്ടിച്ചു.
മലനിരകളാൽ മൂടപ്പെട്ട ഒരു കൊച്ചു ദേശത്തു പോലും കാണാം, കേരളീയന്റെ ഈ പോരാട്ട വീര്യം. ആരോട് തോറ്റാലും മണ്ണിനോട് തോൽക്കില്ലെന്ന വാശി. അങ്ങനെ അവിടെ മനുഷ്യൻ തോറ്റു പോയാൽ, അവിടെ മണ്ണും തോറ്റ് ഇല്ലാതാകും എന്ന് അവൻ ആത്മാവിലാവാഹിച്ച അറിവിന്റെ പുണ്യം കൂടിയാണത്.
കേരളം എന്ന സംസ്ഥാനത്തിന്റെ ഒരു കോണിൽ കോഴിക്കോട് നഗരത്തിന്റെ ഉൾപ്രാന്തങ്ങളിലൊന്നിൽ ആനക്കാംപൊയിൽ എന്ന ഒരു കൊച്ചു മലയോരനാട്ടിൽ പോലുമുണ്ട്, വിളവെടുപ്പിന്റെ കഥകൾ എവിടെ പറഞ്ഞാലും എണ്ണിപ്പറയേണ്ട ചില ജന്മങ്ങൾ, അവരുടെ ജീവിതങ്ങൾ, ഒരു നാടിന്റെ തന്നെ ചരിത്രമായി മാറിയ അത്തരം ചിലരുടെ നേരനുഭവങ്ങൾ.
ഇനിയുമീ കുളത്തിൽ മീൻകുഞ്ഞുങ്ങൾ തന്നെ നീന്തട്ടെ…
മണ്ണിടിച്ചും, ജലകുംഭങ്ങളിൽ മണ്ണ് നിറച്ചും മണി സൗധങ്ങൾ പണിഞ്ഞും, കൊട്ടാരക്കെട്ടുകൾ കൊണ്ട് ആഡംബരം ആഘോഷമാക്കിയും ആദായമാക്കിയും ഒരു ജനത പുത്തൻ സമ്പാദ്യ ശീലങ്ങൾ കണ്ടെടുത്ത ഈ കാലത്ത് വീട്ടു പറമ്പിൽ സ്വന്തം സമ്പാദ്യത്തിൽ നിന്ന് നല്ലൊരു തുക ചെലവഴിച്ചു ആഴവും പരപ്പുമേറിയ, ഉറവ കിനിയുന്ന മനോഹരമായ കുഴികൾ എടുത്ത് തടാകങ്ങൾ നിർമിച്ചു മത്സ്യകൃഷിക്ക് അനുയോജ്യമായ അന്തരീക്ഷം സ്വയം നിർമിച്ചപ്പോൾ, തിരുവമ്പാടിയിലെ പ്ലാത്തോട്ടത്തിൽ ജോസഫേട്ടന്റെ മകൻ ആന്റണിക്ക്, വിനാശ കാലത്ത് ഒരു വിപരീത ബുദ്ധി വന്നെന്ന് നാലാള് കൂടുന്ന അങ്ങാടി വട്ടത്തത്രയും നാട്ടുപാട്ടായി പടർന്നു. മൂക്കത്തു വിരൽ വെച്ചവരും, മുഖാമുഖം വന്നപ്പോൾ കണ്ണ് നിറച്ചു ഉപദേശിച്ചവരും മറഞ്ഞു നിന്ന് വാപൊത്തി ചിരിച്ചിട്ടുണ്ടാകണം. കണ്ണായ സ്ഥലത്ത് വല്ല ബിൽഡിംഗും പണിഞ്ഞു എളുപ്പം പത്ത് പുത്തൻ ഉണ്ടാക്കാൻ നോക്കുന്നതിന് പകരം മീൻ വളർത്തൽ കേന്ദ്രം.
നാട്ടിലെ മെയിൻ റോഡിനരികിലുള്ള സ്ഥലത്ത്, കറൻസിയുടെ അക്കപ്പെരുക്കങ്ങൾ മാത്രം കിനാവ് കണ്ടവർക്ക് ബിഎസ്സിക്കാരൻ ആന്റണിയോട് സഹതാപം മാത്രം തോന്നാനെ നിവൃത്തിയുള്ളൂ. പക്ഷേ, നാട്ടാരുടെ വാക്കും ഉപദേശവും കേട്ട്, എടുത്ത കുഴികളിലെല്ലാം മണ്ണും നിറച്ച് കോൺക്രീറ്റ് തൂണുകൾ പണിഞ്ഞു വരുമാനം മാത്രം നോക്കി പോയിരുന്നു എങ്കിൽ, ഇന്ന് ആന്റണി പി ജെ എന്ന അറുപത്തിമൂന്നുകാരൻ ആയിരത്തിലൊരുവൻ മാത്രമായി ആനക്കാംപൊയിലിൽ ബാക്കിയാവുമായിരുന്നുള്ളു.
മണ്ണ്കൂശുമ്പില് വീട്ടില് ഡൊമിനിക്
2017ൽ തന്റെ അര ഏക്കർ സ്ഥലത്ത്, സർക്കാർ ഓഫീസിൽ നിന്ന് കിട്ടിയ അയ്യായിരം ഗിഫ്റ്റ് തിലോപ്പിയ മത്സ്യക്കുഞ്ഞുങ്ങളെ വളർത്തി വലുതാക്കി, വിപണിയിലേക്ക് കാലെടുത്തു വെച്ച അതേ ആണ്ടിൽ തന്നെ, കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഫ്രഷ് വാട്ടർ മത്സ്യകൃഷിക്കുള്ള പുരസ്കാരം ആന്റണിയെ തേടിയെത്തി. കളി പറഞ്ഞും കഥ കേൾപ്പിച്ചും ഉപദേശം ചൊരിഞ്ഞും നല്ല ബുദ്ധി ചൊല്ലിക്കൊടുത്തും പിന്തിരിപ്പിക്കാൻ ശ്രമിച്ച നാട്ടുകാർക്കും ബോധ്യമായി, മീൻ വളർത്തൽ വെറും ഒരു നേരമ്പോക്കല്ല.
പിന്നീട് ആ വീട്ടുമുറ്റത്തെ കുളത്തിൽ വളർന്നത് കട്്ല, രോഹു, ഗ്രാസ് കാർപ്, നട്ടർ, കരിമീൻ തുടങ്ങി എണ്ണമറ്റ മീനുകൾ. അവയെല്ലാം നീന്തിത്തുടിച്ച ആ കൊച്ചു തടാകത്തിൽ മനുഷ്യർക്കും കാഴ്ചക്കും വിനോദത്തിനും അവസരം സൃഷ്ടിച്ചപ്പോൾ, അവിടെ മറ്റൊരു സാധ്യത കൂടി തുറന്നു വരികയായിരുന്നു. ലേക്ക് വ്യൂ ഹോളിഡേ വില്ല എന്ന കൊച്ചു സംരംഭം ഇന്ന്, ഒരു കൊച്ചു വിനോദ കേന്ദ്രമായി മാറിയിരുന്നു. എല്ലാ അർഥത്തിലും തെളിഞ്ഞൊഴുകിയ സംരംഭം പക്ഷെ ഇപ്പോൾ, വലിയൊരു പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്.കൃത്യമായി പറഞ്ഞാൽ കൊവിഡ് കാലത്തിന് ശേഷം, ഇപ്പോഴും ദുരിത പൂർണമാണ് ഈ മേഖലയുടെ അവസ്ഥ എന്ന് ആന്റണി ആവർത്തിച്ചു പറയുന്നു. മഴ ലഭ്യതയിലുണ്ടായ കുറവും, വിപണിയിലുണ്ടായ ഇടിവും, ഇപ്പഴും വിറ്റഴിക്കാനാകാതെ മത്സ്യങ്ങൾ ടൺ കണക്കിന് കെട്ടിക്കിടക്കുമ്പോൾ, അവയുടെ തീറ്റ മുതലുള്ള കാര്യങ്ങളെല്ലാം അവതാളത്തിലാവുകയാണ്.
ആദ്യത്തെ അര പട്ടിണിക്കപ്പുറം പിന്നീട് മുഴുപ്പട്ടിണിയുമായാൽ മലച്ച് പൊങ്ങുന്നത്, മത്സ്യങ്ങൾ മാത്രമാകില്ല, അവയിലൂടെ ജീവിതം കിനാവ് കണ്ട ഒരു സാദാ കർഷകന്റെ സ്വപ്നം കൂടിയാകും. അങ്ങനെ സംഭവിക്കാതിരിക്കാൻ സർക്കാർ ഭാഗത്തു നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും തെളിഞ്ഞൊഴുകുന്ന നീർതടങ്ങളിൽ ഇനിയും മീൻ കുഞ്ഞുങ്ങൾ നീന്തിത്തുടിക്കുമെന്നും, ആ തടാകക്കരയിൽ ജീവിതം കിനാവ് കണ്ട്, ഇവിടെ ആനക്കാം പൊയിലിൽ ആന്റണിയും, പേരറിയാത്ത ദേശത്ത് ഇതേ കിനാക്കളെ താലോലിച്ചു ഒത്തിരി ഒത്തിരി കർഷകരും സന്തോഷത്തോടെ ജീവിക്കുമെന്ന് നമുക്കും ആശ്വസിക്കാം.
കാലികൾക്കൊപ്പം ഓടാൻ കൊതിച്ച്…
കൊച്ചു എമെഴ്സൻ ജോസഫ് പുലർച്ചെ എഴുന്നേറ്റ് മുത്തച്ഛന്റെ കൈപിടിച്ചു നടന്നത്, കാലികൾക്ക് തീറ്റ കൊടുക്കാനായിരുന്നു. അവയെ കറക്കാനായിരുന്നു. പാടത്തും പറമ്പിലും കറങ്ങിയത് അവയ്ക്കുള്ള വെള്ളവും തീറ്റയും കണ്ടെത്തി കൊടുക്കാനായിരുന്നു. മുതിർന്നു വല്യ ആളായപ്പോഴും അയാൾക്ക് മറ്റൊന്നും ചെയ്യാൻ തോന്നിയില്ല, അല്ലെങ്കിൽ എണ്ണമറ്റ കന്നുകാലികളെ ഇട്ടിട്ട് മറ്റെന്തെങ്കിലും മാർഗം തേടി പോകാൻ അയാളുടെ മനസ്സൊട്ടും അനുവദിച്ചതുമില്ല.
ആനക്കം പൊയിലിൽ കല്ലൊരിക്കൽ വീട്ടിൽ എമെഴ്സൺ ജോസഫ്, ഷഷ്ടിപൂർത്തിയിലെത്തി നിൽക്കുമ്പോഴും കാലികൾക്കൊപ്പം ഓടുകയാണ്. അയാൾക്ക് അതല്ലാതെ മറ്റൊന്നിനും ഇനിയും മനസ്സ് പാകമായിട്ടില്ലല്ലോ. ഏഴ് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കൃഷിയിടത്തിൽ, ഓർമ വെച്ച നാൾ മുതൽ എല്ലാ വിത്തും വിളകളും കണ്ടാണ് എമെഴ്സൻ വളർന്നത്. എന്നിട്ടും അയാൾ കാലികളെ പോറ്റാനും അവയ്ക്കൊപ്പം ജീവിക്കാനുമാണ് ആഗ്രഹിച്ചത്.
കാര്യങ്ങൾ നോക്കാൻ പാകത്തിൽ വലുതായപ്പോൾ, മുത്തച്ഛന്റെ ആത്മാവും അതിരറ്റു സന്തോഷിച്ചിട്ടുണ്ടാവണം, ഏറ്റവും അനുയോജ്യമായ കൈകളിലാണ് തന്റെ മണ്ണ് ഏൽപ്പിച്ചതെന്ന്. കാരണം എന്ന് തൊട്ടോ കാലി സംരക്ഷണത്തിനും, ക്ഷീര കർഷകനുമുള്ള പുരസ്കാരങ്ങൾ കാലങ്ങളോളം തന്റെ ചെറുമകൻ സ്വന്തമാക്കി വെക്കുന്നത് പതിവാക്കിയിരുന്നു. 2006 ൽ എം ആർ എം എയുടെ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ക്ഷീര കർഷകനുള്ള പുരസ്കാരം 2009 ൽ മൃഗ സംരക്ഷണ വകുപ്പിന്റെ കർഷക അവാർഡ്, എത്രയോ തവണ തുടർച്ചയായി ബ്ലോക്ക് തലത്തിൽ ക്ഷീര കർഷകനും ഏറ്റവും കൂടുതൽ പാല് അളന്നതിനുമുള്ള പുരസ്കാരങ്ങൾ. പട്ടിക ഇനിയും നീളും.
കൃത്യമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അറിയാവുന്ന പണിക്കാർ ഇല്ലാതെയാവുന്നതും, പുതിയ തലമുറയിലെ മക്കൾക്ക് കൃഷിയോടും കന്നുകാലികളോടുമുള്ള താത്പര്യക്കുറവും കാര്യങ്ങൾ എല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടി വരുമ്പോൾ പ്രായം ഒരു തടസ്സമായി തുടങ്ങുന്നതും കാലികളെ ഉപേക്ഷിച്ചു മറ്റേതെങ്കിലും കൃഷി ചെയ്യാൻ തോന്നാറുണ്ടെങ്കിലും എമെഴ്സന്റെ മനസ്സ് ഇപ്പോഴും അയാളുടെ വീട്ടുമുറ്റത്തു എണ്ണം കുറഞ്ഞു തുടങ്ങിയ കാലികൾക്കൊപ്പം, വിശ്രമമില്ലാതെ ഓടുകയാണ്.
മണ്ണിൽ വിരിഞ്ഞ പുരസ്കാരങ്ങൾ…
ആനക്കംപൊയിലിൽ, മണ്ണ്കുശുമ്പിൽ വീട്ടിൽ ഡൊമിനിക്കിനെക്കുറിച്ച് ഏറ്റവും എളുപ്പത്തിൽ സരസമായി പറയാവുന്ന ഒരു വാചകം, എവിടെയെങ്കിലും ആരെങ്കിലും കർഷക പുരസ്കാരം കൊടുക്കുന്നുണ്ടെങ്കിൽ അതിലൊന്ന്, ഈ അറുപത്തിയാറുകാരന്റെ പേരിലാകും. പതിനൊന്ന് ഏക്കർ ഭൂമിയിൽ അയാളും കുടുംബവും വിളയിച്ചെടുക്കാത്തതൊന്നുമില്ല. തെങ്ങും കവുങ്ങും ജാതിയും, കൊക്കോയും എല്ലാം ആ മണ്ണിൽ അയാൾ വിത്തെറിഞ്ഞു. വിളവ് എടുത്തു. ജീവിതത്തിലും ആ മണ്ണിൽ നിന്ന് തന്നെ അയാൾ എല്ലാം നേടി. പേരും പെരുമയും പണവും എല്ലാം. നേടിയ പുരസ്കാരങ്ങളിൽ ഏറെയും തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട് ഡൊമിനിക് നടത്തിയ പരീക്ഷണങ്ങൾക്കായിരുന്നു.
എമെഴ്സണ് ജോസഫ്
ഒരു തെങ്ങ് വെച്ചാൽ മൂന്ന് വർഷം കൊണ്ട് കായ്ക്കുകയും തെങ്ങിന് വേണ്ടി ഒറ്റത്തവണ കുഴിയെടുത്താൽ പിന്നീട് എഴുപത് വർഷത്തേക്ക് തെങ്ങിൻ ചുവട്ടിൽ തടം എടുക്കേണ്ടതുമില്ല എന്ന മാതൃകാപരമായ ഒരു പരീക്ഷണം വിജയം കണ്ടപ്പോൾ പുരസ്കാരപ്പെരുമകൾ മാത്രമല്ല, കർഷകന്റെ നടുവൊടിക്കുന്ന കൂലിച്ചെലവുകളിൽ നിന്ന് രക്ഷ തേടി നിരവധി ദേശങ്ങളിൽ നിന്ന് കർഷകരും അതിന്റെ പൊരുൾ തേടി ഇവിടെ, ഈ മണ്ണ്കുശുമ്പിൽ വീട്ടിലെത്തുകയുണ്ടായി. ലളിതമായി പറഞ്ഞാൽ മൊത്തം രണ്ടര മീറ്റർ താഴ്ചയും വിസ്താരവും വരുന്ന കുഴിയിൽ തൈ വെയ്ക്കുക. വല്യ കുഴിയായത് കൊണ്ട് മഴ പെയ്ത് വെള്ളം വീണാൽ തൈ ചീഞ്ഞു പോകാതിരിക്കാൻ കുഴിക്കായി എടുത്ത മണ്ണ് മുഴുവൻ ചുറ്റിലും വരമ്പ് പോലെ കെട്ടി വെച്ച് പുറമെ നിന്ന് വെള്ളം ഒഴുകി കുഴിയിൽ വീഴുന്നത് പൂർണമായും തടയുക.
വളമിടുമ്പോൾ, തെങ്ങിൻ തൈകൾക്ക് ചുറ്റും പടർന്നു കിടക്കുന്ന, പൊടിപടലങ്ങളും മറ്റും നീക്കി, അതിന് താഴെയായി വളമിട്ട ശേഷം ആ ഇലകളും പടർപ്പുകളും പൊടിപടലങ്ങളും അങ്ങനെ തന്നെ മുകളിലായി പരത്തിയിടുക. ഇങ്ങനെ കൃത്യമായി പരിപാലിച്ചാൽ മൂന്ന് വർഷം കൊണ്ട് മുളയിടുമെന്നും, നാലാം വർഷം തേങ്ങ പറിക്കാനാകുമെന്നും വിജയകരമായി പരീക്ഷിച്ചു തെളിയിച്ചതിനാണ്, പുരസ്കാരങ്ങളിൽ ഏറെയും മണ്ണിന്റെ മനസ്സറിഞ്ഞ ഈ കർഷകനെ തേടിയെത്തിയത്.
എണ്ണിയാലൊടുങ്ങാത്തതാണ്, ഈ മനുഷ്യന്റെ മണ്ണിൽ പൊരുതി തഴമ്പിച്ച കൈകളാൽ ഏറ്റ് വാങ്ങിയ അംഗീകാരങ്ങൾ. അതിൽ എല്ലാ വിളകൾക്കുമുള്ള അംഗീകാരങ്ങളുമുണ്ട് എന്നതാണ് ഡൊമിനിക് നമ്മളിലുണ്ടാക്കുന്ന ഏറ്റവും വല്യ അത്ഭുതവും ആഹ്ലാദവും. 2009ൽ തിരുവമ്പാടി പഞ്ചായത്തിൽ മികച്ച കർഷകൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2011ൽ കോഴിക്കോട് ജില്ലാ അവാർഡ് സമിശ്ര കർഷകന് ആണെങ്കിൽ 2011ലെ കേര കേസരി സംസ്ഥാന അവാർഡും 2016 ലെ ദേശീയ പുരസ്കാരവും രാജ്യത്തെ ഏറ്റവും മികച്ച നാളികേര കർഷകനുള്ളതാണ്. 2020 അക്ഷയ ശ്രീ പുരസ്കാരം മികച്ച ജൈവ കർഷകൻ എന്ന നിലയ്ക്കാണ്. ഇനിയും നീണ്ടു നിവർന്നു കിടക്കുകയാണ്, ഈ പട്ടിക.
അവാർഡുകളുടെ തിളക്കം ഉള്ളിലൊരു അഭിമാനത്തോടെ കൊണ്ട് നടക്കുന്ന ഡോമിനിക് എന്ന കർഷകന്റെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ്, പ്രിയങ്ക ഗാന്ധി വീട്ടിൽ വന്നതും മണിക്കൂറുകളോളം സന്തോഷത്തോടെ അവിടെ ചെലവഴിച്ചതും വീട്ടിൽ ഉണ്ടാക്കിയ കഷായം കൊണ്ട് പോയതുമെല്ലാം അയാൾക്കും കുടുംബത്തിനും മാത്രമല്ല ആ നാടിന് ആകെയും എക്കാലവും ഓർത്തുവെക്കാവുന്ന അഭിമാന നിമിഷങ്ങളാണ്. പാർലിമെന്റിൽ നിന്ന് പ്രിയങ്ക ഗാന്ധി ഒപ്പിട്ടയച്ച താമ്രപത്രം, ആ വീട്ടിന്റെ സ്വീകരണ മുറിയിൽ ചില്ലിട്ടു വെച്ചിരിക്കുന്നു.
മണ്ണിൽ നനച്ചും വിതച്ചും മെതിച്ചും കൊയ്തും ജീവിതം ആഘോഷമാക്കുന്ന മനുഷ്യരെ അടുത്തറിയുമ്പോൾ താനെ ഉള്ളകങ്ങളെ തൊട്ടുണർത്തുന്ന ഒരു തിരിച്ചറിവുണ്ട് ഒന്നും വെറുതെയാവുന്നില്ല. ഇനിയുള്ള കാലം കൃഷി കൊണ്ട് ഒക്കെ എങ്ങനെ ജീവിക്കാനാ എന്ന് ആരെങ്കിലും ചോദിച്ചാൽ അഭിമാനത്തോടെ വിരൽ ചൂണ്ടി കാണിക്കാം, ആന്റണി, എമെഴ്സൻ, ഡൊമിനിക്…പട്ടിക അവസാനിക്കുന്നില്ല, അവസാനിക്കുകയുമില്ല. ആ ചുണ്ടുവിരലിന് അറ്റത്തുണ്ട്, പേരറിയാത്ത ദേശങ്ങളിൽ പേരറിയാത്ത അനന്തക്കോടി കർഷകർ…അവരുടെ വിയർപ്പ് അടർന്നുവീണു നനഞ്ഞ മണ്ണിലെ പുതു പുത്തൻ നാമ്പുകൾ. എന്റെയും നിന്റെയും ഒക്കെ അന്നം വിളവെടുക്കുന്നത്, അവരാണ്, അവിടെയാണ്…!
Content Highlights: This report highlights the inspiring journeys of dedicated farmers in Anakkampoyil, Kerala, who achieved remarkable success through innovative fish farming, dairy management, and coconut cultivation. It details their resilience in overcoming financial and environmental hurdles while earning prestigious agricultural awards. Ultimately, the article celebrates the hard work and enduring spirit of rural cultivators who sustain the agricultural legacy of the region.
.




