Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ഫിലിം സൊസൈറ്റി പരിപാടിയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് എത്താൻ വൈകിയതിൽ നീരസം പ്രകടിപ്പിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കേണ്ട പരിപാടിയിൽ വൈകിട്ട് നാലായിട്ടും മന്ത്രി എത്തിയിരുന്നില്ല. മന്ത്രിക്കായി കാത്തിരുന്ന അടൂർ ഗോപാലകൃഷ്ണൻ വേദിയിൽ സംസാരിക്കാതിരിക്കുകയും പിന്നീട് പ്രസംഗത്തിനിടെ തന്റെ അതൃപ്തി തുറന്നുപറയുകയും ചെയ്തു.
മന്ത്രിമാർക്ക് എപ്പോഴും തിരക്കാണെന്നും എന്നാൽ തങ്ങൾക്കും തിരക്കുണ്ടെന്ന് മന്ത്രിമാർ മനസിലാക്കണമെന്നും അടൂർ പറഞ്ഞു. നേരത്തെ ഒരു സാംസ്‌കാരിക മന്ത്രി അടിയന്തരമായി വിളിച്ചുചേർത്ത യോഗത്തിൽ ഒന്നര മണിക്കൂറോളം കാത്തിരിക്കേണ്ടിവന്ന അനുഭവവും അദ്ദേഹം പങ്കുവച്ചു.
“മറ്റുള്ളവരെല്ലാം എത്തിയിട്ടും മന്ത്രി വന്നില്ല. പോകാനായി എഴുന്നേറ്റപ്പോഴാണ് മന്ത്രി എത്തിയത്. മന്ത്രി അഞ്ച് മിനിറ്റിനുള്ളിൽ പോകണമെന്ന് പറഞ്ഞു. അന്ന് മേലാൽ മന്ത്രിമാർ വിളിക്കുന്ന പരിപാടികൾക്ക് പോകേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. മന്ത്രിമാർക്ക് എപ്പോഴും തിരക്കാണ്. അവർ മനസിലാക്കേണ്ടത് ഞങ്ങൾക്കും തിരക്കുണ്ടെന്നാണ്,” അടൂർ പറഞ്ഞു.
അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്‌കെയുടെ നടത്തിപ്പിലും അടൂർ ഗോപാലകൃഷ്ണൻ വിമർശനം ഉന്നയിച്ചു. ഐഎഫ്എഫ്‌കെ അന്താരാഷ്ട്ര തലത്തിൽ വേണ്ടത്ര അംഗീകാരം നേടിയിട്ടില്ലെന്നും ഫെസ്റ്റിവലിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ജൂറി വേണമെന്നും അദ്ദേഹം പറഞ്ഞു.
ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവാദിത്തപ്പെട്ട സംവിധാനത്തെ ഏർപ്പെടുത്തേണ്ടതുണ്ടെന്നും ചെയർമാൻ സ്ഥാനത്ത് വിവരവും അനുഭവസമ്പത്തുമുള്ള വ്യക്തി വേണമെന്നും അടൂർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഫെസ്റ്റിവലിന് പേരുദോഷമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഐഎഫ്എഫ്‌കെയുടെ വെബ്‌സൈറ്റിന്റെ നിലവാരത്തെയും അടൂർ വിമർശിച്ചു. താൽപര്യമില്ലാത്തവരാണ് ഫെസ്റ്റിവലിന് നേതൃത്വം നൽകുന്നതെന്ന തോന്നലാണ് വെബ്‌സൈറ്റ് കാണുമ്പോൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

