Home rss national malayalam പുതിയ വാർത്ത മലപ്പുറത്ത് നാലുപേര്‍ക്കും കോഴിക്കോട്ട് മൂന്നുപേര്‍ക്കും ഷിഗെല്ല സ്ഥിരീകരിച്ചു

മലപ്പുറത്ത് നാലുപേര്‍ക്കും കോഴിക്കോട്ട് മൂന്നുപേര്‍ക്കും ഷിഗെല്ല സ്ഥിരീകരിച്ചു

4
0

Source :- SIRAJLIVE NEWS

മലപ്പുറം | ജില്ലയില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് കൂടി ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ സ്ഥിരീകരിച്ച ഷിഗെല്ല കേസുകളുടെ എണ്ണം ഏഴായി. രോഗം സ്ഥിരീകരിച്ച നാല് പേരെയും പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ വടകര മേപ്പയില്‍ എസ് ബി സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കും ഷിഗെല്ല സ്ഥിരീകരിച്ചു. ഒരു വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നടത്തിയ സമ്പര്‍ക്കപ്പട്ടിക പരിശോധനയിലാണ് മറ്റ് രണ്ടുപേരിലും രോഗബാധ കണ്ടെത്തിയത്.

ഒക്ടോബര്‍ 31ന് പെരിന്തല്‍മണ്ണയിലെ എളങ്കുളം പഞ്ചായത്തിലെ കൊരക്കുത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വിവാഹത്തില്‍ 114 പേര്‍ പങ്കെടുത്തിരുന്നു. ഇവരില്‍ നിരവധി പേര്‍ക്ക് പിന്നീട് രോഗലക്ഷണങ്ങള്‍ പ്രകടമായി. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിലമ്പൂരിലാണ് ജില്ലയില്‍ നേരത്തെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അമരമ്പലം ഭാഗത്തെ കടയില്‍ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസുകാരിയും പാലുണ്ടയിലെ കടയില്‍ നിന്ന് മന്തി കഴിച്ച രണ്ട് പേരുമാണ് രോഗബാധിതരായത്. പ്രദേശത്ത് 23ഓളം പേര്‍ക്ക് വയറിളക്കം, ഛര്‍ദി, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളുമുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചിലരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.

എളങ്കുളത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. രോഗബാധിതരുടെയും രോഗലക്ഷണങ്ങളുള്ളവരുടെയും വീടുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. കിണറുകള്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകളിലും ക്ലോറിനേഷന്‍ ആരംഭിച്ചു. വിവാഹം ഉള്‍പ്പെടെയുള്ള സാമൂഹിക ചടങ്ങുകളില്‍ സമൂഹസദ്യകളും പൊതുഭക്ഷണ വിതരണവും താത്കാലികമായി നിരോധിക്കണമെന്ന് എളങ്കുളം കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി പി ഷമീറ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

വയറിളക്കം, ഛര്‍ദി, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ ചികിത്സ തേടണം. ഗുരുതരമായ അണുബാധ ജീവന് ഭീഷണിയാകുന്ന സങ്കീര്‍ണതകള്‍ക്കും നാഡീവ്യവസ്ഥയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കും കാരണമാകാമെന്നും അവര്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷാ, പൊതുജനാരോഗ്യ ചട്ടങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Content Highlights: Four new Shigella cases have been confirmed in Malappuram, taking the district’s total tally to seven. Cases were also reported among school students in Kozhikode district. Health officials have initiated preventive steps, including well chlorination and food safety warnings.