Home rss national malayalam പുതിയ വാർത്ത മഴക്കെടുതി; കൃഷിനാശത്തിന് നല്‍കുന്ന ധനസഹായം 25 ശതമാനം വര്‍ധിപ്പിക്കും: മന്ത്രി എ പി അനില്‍കുമാര്‍

മഴക്കെടുതി; കൃഷിനാശത്തിന് നല്‍കുന്ന ധനസഹായം 25 ശതമാനം വര്‍ധിപ്പിക്കും: മന്ത്രി എ പി അനില്‍കുമാര്‍

4
0

Source :- SIRAJLIVE NEWS

തിരുവല്ല | മഴക്കെടുതി മൂലം ഉണ്ടാകുന്ന കൃഷിനാശത്തിന് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം 25 ശതമാനം വര്‍ധിപ്പിക്കുമെന്ന് മന്ത്രി എ പി അനില്‍കുമാര്‍. ജില്ലയിലുണ്ടായ സാഹചര്യം വിലയിരുത്താന്‍ തിരുവല്ല പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തം അനുഭവിക്കുന്നവരുടെ വീടുകളുടെ ശുചീകരണത്തിന് സര്‍ക്കാര്‍ 10,000 രൂപയുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറിക്കഴിഞ്ഞാല്‍ അവര്‍ ക്യാമ്പില്‍ വന്നാലും ഇല്ലെങ്കിലും ബന്ധുവീടുകളിലോ മറ്റു സ്ഥലങ്ങളിലോ താമസിച്ചാലും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കും. കടകള്‍ വൃത്തിയാക്കി വീണ്ടും ആരംഭിക്കുന്നതിന് വ്യാപാരികള്‍ക്കും 10,000 രൂപ വീതം നല്‍കും. നിലവില്‍ കച്ചവടക്കാര്‍ക്കുള്ള വായ്പാ പദ്ധതി പരിഷ്‌കരിക്കും. റോഡുകളുടെ കാര്യം പ്രത്യേകം പരിഗണിക്കും.

വലിയ രീതിയില്‍ റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. അതിന്റെ കണക്കെടുത്ത് ദുരന്തനിവാരണ ഫണ്ടില്‍ ഉള്‍പ്പെടുത്തി നന്നാക്കും. കാലവര്‍ഷക്കെടുതി ഉണ്ടായാല്‍ ആദ്യം ശ്രദ്ധിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിനാണ്. പിന്നീട് റവന്യൂ ഉദ്യോഗസ്ഥര്‍ നഷ്ടങ്ങളുടെ കൃത്യമായ കണക്കെടുക്കും. ഏകദേശം 8,000 ത്തിനടുത്ത് ആളുകള്‍ തിരുവല്ല നിയോജകമണ്ഡലത്തിലെ വിവിധ ക്യാമ്പുകളിലുണ്ട്. ക്യാമ്പുകളില്‍ അവശ്യസൗകര്യം ഉറപ്പാക്കിയതില്‍ ജനപ്രതിനിധികളെയും ജില്ലാ ഭരണകൂടത്തെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

പത്തനംതിട്ട ജില്ലയില്‍ 142 ക്യാമ്പുകളിലായി 3,331 കുടുംബങ്ങളിലെ 10,570 പേര്‍ നിലവിലുണ്ട്. ഏറ്റവും കൂടുതല്‍ ക്യാമ്പ് തിരുവല്ല താലൂക്കിലാണ്- 101 എണ്ണം. കോഴഞ്ചേരി 18, കോന്നി രണ്ട്, അടൂര്‍ ആറ്, റാന്നി ആറ്, മല്ലപ്പള്ളി ഒമ്പത് എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കണക്ക്. അടൂര്‍, റാന്നി താലൂക്കുകളില്‍ ഓരോ വീട് പൂര്‍ണമായും തകര്‍ന്നു. കോഴഞ്ചേരി ഒമ്പത്, കോന്നി 17, മല്ലപ്പള്ളി മൂന്ന്, അടൂര്‍ നാല്, തിരുവല്ല 70, റാന്നി 23 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വര്‍ഗീസ് മാമ്മന്‍ എം എല്‍ എ, ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍, തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ എസ് ലേഖ, ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പന്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ യോഗത്തില്‍ പങ്കെടുത്തു.

Content Highlights:
Kerala government has announced a 25 percent hike in financial assistance for crop damage due to monsoon rains. Minister AP Anilkumar confirmed the relief measure to support affected farmers across the state. The decision aims to mitigate agricultural losses caused by heavy rain.