Home rss national malayalam പുതിയ വാർത്ത മാടന്‍വിളയില്‍ പ്രവാസി കുടുംബത്തിന് ആശ്രയമായി ‘ഇന്ത്യന്‍ മീഡിയ അബുദാബി’യുടെ സ്‌നേഹവീട്; നിര്‍മ്മാണം അവസാന ഘട്ടത്തില്‍

മാടന്‍വിളയില്‍ പ്രവാസി കുടുംബത്തിന് ആശ്രയമായി ‘ഇന്ത്യന്‍ മീഡിയ അബുദാബി’യുടെ സ്‌നേഹവീട്; നിര്‍മ്മാണം അവസാന ഘട്ടത്തില്‍

2
0

Source :- SIRAJLIVE NEWS

അബൂദാബി/ ചിറയന്‍കീഴ് |  പ്രവാസലോകത്തെ മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു ചരിത്രമെഴുതിക്കൊണ്ട്, അബുദാബിയിലെ പ്രമുഖ മാധ്യമ കൂട്ടായ്മയായ ‘ഇന്ത്യന്‍ മീഡിയ അബുദാബി’ പ്രഖ്യാപിച്ച ഭവന പദ്ധതിയിലെ പ്രഥമ ‘സ്‌നേഹവീടിന്റെ’ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറയ്ക്കടുത്തുള്ള മാടന്‍വിളയിലാണ് അര്‍ഹനായ പ്രവാസി കുടുംബത്തിനായി ഈ കാരുണ്യത്തിന്റെ മന്ദിരം അതിവേഗം ഉയരുന്നത്.

ഗള്‍ഫ് നാടുകളില്‍ മുപ്പത് വര്‍ഷത്തിലേറെക്കാലം വിയര്‍പ്പൊഴുക്കിയിട്ടും സ്വന്തമായി സുരക്ഷിതമായ ഒരു പാര്‍പ്പിടം കെട്ടിപ്പടുക്കാന്‍ സാധിക്കാതെ വിഷമിച്ച മാടന്‍വിള സ്വദേശി മഹ്ബൂബ് ശംസുദ്ദീനാണ് ഈ പദ്ധതിയിലൂടെ സ്വന്തമായി ഒരു തണലൊരുങ്ങുന്നത്. 950 സ്‌ക്വയര്‍ ഫീറ്റില്‍ 15 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ ഇരുനില വീടിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.

ഈ വര്‍ഷം ജനുവരിയില്‍ നാടിന്റെയും പ്രവാസലോകത്തിന്റെയും പ്രമുഖരുടെ സാന്നിധ്യത്തില്‍ ഏറെ വിപുലമായ രീതിയിലാണ് വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചത്. തറക്കല്ലിട്ട് ചുരുങ്ങിയ മാസങ്ങള്‍ക്കകം തന്നെ നിര്‍മാണം ഇത്രയും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാണിക്കുന്നു.

യു.എ.ഇയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘ഇന്ത്യന്‍ മീഡിയ അബുദാബി’യുടെ ഈ ഭവന പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണയുമായി നില്‍ക്കുന്നത് ഗള്‍ഫിലെ പ്രമുഖ സംരംഭകനും വി.പി.എസ് ഹെല്‍ത്ത് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലിലാണ്. പദ്ധതിയുടെ ആദ്യ വീടിന്റെ നിര്‍മാണം വളരെ വിജയകരമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് സമീര്‍ കല്ലറ, ജനറല്‍ സെക്രട്ടറി റാഷിദ് പൂമാടം , ട്രഷറര്‍ ഷിജിന കണ്ണന്‍ദാസ് എന്നിവര്‍ അറിയിച്ചു. സെപ്റ്റംബര്‍ മാസം അവസാനത്തില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് താക്കോല്‍ അര്‍ഹതപ്പെട്ട കൈകളിലേക്ക് കൈമാറാന്‍ കഴിയുമെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: The first house built under the Snehaveedu scheme by Indian Media Abu Dhabi for a needy expat in Perumathura is near completion. Supported by Dr. Shamsheer Vayalil, the 15-lakh double-story house will be handed over in September. Key officials confirmed the rapid progress of the home.