Source :- SIRAJLIVE NEWS
ഇടുക്കി| ചിന്നക്കനാലിലെ കാട്ടാന ചക്കക്കൊമ്പനെ റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം ഇന്ന്. മയക്കുവെടി വെച്ച് പിടികൂടിയ ശേഷം വിദേശത്തുനിന്ന് എത്തിച്ച സാറ്റലൈറ്റ് റേഡിയോ കോളര്‍ കഴുത്തില്‍ ഘടിപ്പിച്ച് ആനയെ തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം. ദൗത്യത്തിനായി 50 അംഗ വനംവകുപ്പ് സംഘം രംഗത്തിറങ്ങി.
ചിന്നക്കനാല്‍ ഏഴാം മൈലിലെ ഫാത്തിമ മാതാ സ്കൂളില്‍ സജ്ജീകരിച്ച ക്യാമ്പില്‍നിന്ന് ആദ്യസംഘം 301 കോളനി ഭാഗത്തേക്ക് നീങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെ 80 ഏക്കര്‍ മേഖലയില്‍നിന്ന് 301 കോളനിയിലേക്ക് എത്തിയ ചക്കക്കൊമ്പന് നിലവില്‍ ആനയിറങ്കല്‍ തടാകത്തിന്റെ കരയിലാണ് തുടരുന്നത്.
ആന 301 കോളനിക്ക് സമീപത്തെ പുല്‍മേടുകളിലേക്ക് എത്തിയില്ലെങ്കില്‍ ദൗത്യം ദുഷ്കരമാകുമെന്നാണ് വിലയിരുത്തല്‍. തടാകക്കരയില്‍ കഴിയുന്ന ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വെറ്ററിനറി സംഘത്തിന്റെ റിപ്പോര്‍ട്ട്.
ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്ന്, രണ്ട്, ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് വാര്‍ഡുകളിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
മേഖലയിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെന്റ് ക്യാമ്പിങ്, ക്യാമ്പ് ഫയര്‍ എന്നിവ നിരോധിച്ചു. ആളുകള്‍ കൂട്ടംകൂടുന്നതിനും പൊതുഗതാഗതത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: A 50-member forest department team is executing a mission today to tranquilize and fit a satellite radio collar on wild elephant Chakkakomban in Chinnakkanal. The elephant moved near the Anayirangal reservoir from the 301 colony area while veterinary teams report its health is satisfactory. Prohibitory orders, school holidays, and tourism restrictions are in place across six wards of Chinnakkanal panchayat.




