Home rss national malayalam പുതിയ വാർത്ത മുന്നൂറ് പട്ടാളക്കാരെ കൊലപ്പെടുത്താന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ ഉക്രൈനിനെ സഹായിച്ചു: റിപ്പോര്‍ട്ട്

മുന്നൂറ് പട്ടാളക്കാരെ കൊലപ്പെടുത്താന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ ഉക്രൈനിനെ സഹായിച്ചു: റിപ്പോര്‍ട്ട്

3
0

Source :- SIRAJLIVE NEWS

മോസ്‌കൊ | റഷ്യയിലെ മുന്നൂറ് പട്ടാളക്കാരെ കൊലപ്പെടുത്താനായി റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ ഉക്രൈനിനെ സഹായിച്ചെന്ന് റിപ്പോര്‍ട്ട്. 26കാരനായ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് ലെവ് സ്തുപ്‌നിക്കോവാണ് യുദ്ധ പദ്ധതികളും രഹസ്യാന്വേഷണ വിവരങ്ങളും ഉക്രൈനിന് കൈമാറിയത്. തുടര്‍ന്ന് ഇയാൾ രക്ഷപ്പെടുകയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ സര്‍ക്കാരിനെതിരെ പോരാടുന്ന സംഘത്തില്‍ ചേരുകയും ചെയ്തുവെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

സിഗ്‌നല്‍ കോര്‍പ്സിനായുള്ള ബുദ്യോണി മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ സ്റ്റുപ്നിക്കോവിനെ ഉക്രൈനിലെ ഡോണ്‍ബാസ് മേഖലയിലുള്ള സുപ്രധാന പ്രതിരോധ കേന്ദ്രമായ വുഹ്ലെദാര്‍ പിടിച്ചെടുക്കാന്‍ നിയോഗിക്കപ്പെട്ട ബറ്റാലിയന്‍ ചീഫ് സിഗ്‌നല്‍സ് ഓഫീസറായാണ് നിയമിച്ചത്. കമാന്‍ഡര്‍മാരെ യൂണിറ്റുകളുമായി ബന്ധിപ്പിച്ചു നിര്‍ത്തുകയും നിരീക്ഷണ സംവിധാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമായിരുന്നു സ്റ്റുപ്നിക്കോവിന്റെ ചുമതല. എന്നാല്‍ റഷ്യന്‍ സൈന്യത്തിന്റെ സ്ഥാനങ്ങളെക്കുറിച്ചും അവരുടെ ആസൂത്രിത നീക്കങ്ങളെക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങള്‍ അദ്ദേഹം രഹസ്യമായി ഉക്രൈനിയന്‍ സൈനിക ഇന്റലിജന്‍സിന് കൈമാറി.

2022 ഫെബ്രുവരിയില്‍ റഷ്യ ഉക്രൈനിന് നേരെ അധിനിവേശം ആരംഭിക്കുകയും ഉക്രൈനിയന്‍ നഗരങ്ങള്‍ക്ക് മുകളിലൂടെ റഷ്യന്‍ ഹെലികോപ്റ്ററുകള്‍ ബോംബുകള്‍ എറിയുകയും ചെയ്ത ദൃശ്യങ്ങള്‍ സ്വന്തം സൈന്യത്തിനെതിരെ തിരിയാന്‍ സ്തുപ്നിക്കോവ് തീരുമാനിക്കുന്നത്. അവര്‍ നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെ ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നന്ന് അദ്ദേഹം പറഞ്ഞു. തന്റെ മിലിട്ടറി അക്കാദമിയില്‍ പോലും സമാന ചിന്താഗതിക്കാരായ ഒരു ചെറിയ കൂട്ടം കേഡറ്റുകള്‍ ഉണ്ടായിരുന്നന്നും പരസ്പരം മനസ്സിലാക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന നോട്ടങ്ങള്‍ അവര്‍ കൈമാറുമായിരുന്നുവെന്നും  അദ്ദേഹം പറഞ്ഞു. 49കാരിയായ സ്റ്റുപ്‌നിക്കോവിന്റെ അമ്മ ടാറ്റിയാന യാന്‍സെനും പുടിനെ എതിര്‍ക്കുകയും പുടിന്റെ ഭരണത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

2023 ഒക്ടോബറില്‍ ഉക്രൈനിന്റെ യുദ്ധശ്രമങ്ങളെ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കാന്‍ തയ്യാറുള്ള റഷ്യന്‍ സൈനികര്‍ക്ക് 250,000 റൂബിള്‍ (2,700 ഡോളര്‍) പ്രതിഫലം നല്‍കുമെന്ന് ഉക്രൈനിയന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ ദിമിത്രോ കര്‍പെങ്കോ പ്രഖ്യാപിച്ചിരുന്നു. 2024 ഫെബ്രുവരിയില്‍ കര്‍പെങ്കോയെ ടാറ്റിയാന ബന്ധപ്പെട്ടു. ഇതുവഴിയാണ് സ്റ്റുപ്‌നിക്കോവ് രക്ഷപ്പെടുന്നത്. യുദ്ധമുഖത്തിലൂടെയുള്ള വഴി കണ്ടെത്താന്‍ സ്റ്റുപ്‌നിക്കോവും കാര്‍പൈങ്കോയും ഉക്രൈനിയന്‍ നിരീക്ഷകരും എന്‍ക്രിപ്റ്റ് ചെയ്ത ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചു.

2024 ജൂലൈയില്‍ തന്റെ റഷ്യന്‍ യൂണിറ്റില്‍ നിന്ന് രക്ഷപ്പെട്ട സ്റ്റുപ്‌നിക്കോവ് ഉക്രൈനിയന്‍ സൈനികര്‍ നിലയുറപ്പിച്ച സ്ഥലത്തെത്തി. റഷ്യന്‍ യൂണിഫോം ധരിച്ച ഒരാള്‍ തങ്ങളുടെ അടുത്തേക്ക് വരുന്നത് ഉക്രൈനിയന്‍ സൈനികര്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന് നേരെ തോക്കുകള്‍ ചൂണ്ടി പാസ്‌കോഡ് ചോദിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ‘പീനട്ട് ഷോപ്പ്’ എന്ന മറുപടി സ്റ്റുപ്‌നിക്കോവ് നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഉക്രൈനിയന്‍ സൈന്യം കസ്റ്റഡിയിലെടുത്തു. പിന്നീട് അദ്ദേഹം പുടിന്‍ സര്‍ക്കാരിനെതിരെ പോരാടുന്ന ഉക്രൈനിയന്‍ സൈനിക യൂണിറ്റായ റഷ്യന്‍ വോളന്റിയര്‍ കോര്‍പ്സില്‍ ചേര്‍ന്ന് കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റായി സേവനമനുഷ്ഠിക്കുന്നു.

ഒരു വര്‍ഷത്തിന് ശേഷം കര്‍പെങ്കോയുമായുള്ള രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ അഭിമുഖത്തില്‍ സ്റ്റുപ്‌നിക്കോവ് തന്റെ കഥകള്‍ പറഞ്ഞു. ഈ അഭിമുഖമാണ് അദ്ദേഹം സൈന്യത്തില്‍ നിന്ന് കൂറുമാറിയതിലേക്കും ഉക്രൈന് കൈമാറിയ രഹസ്യവിവരങ്ങളിലേക്കും വീണ്ടും ശ്രദ്ധ ക്ഷണിച്ചത്. തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ഭരണഘടനാപരമായ വ്യവസ്ഥയെയും സംരക്ഷിക്കുമെന്ന് താന്‍ പ്രതിജ്ഞ ചെയ്തിരുന്നന്നും പുടിന്റെ അധിനിവേശമാണ് ഈ തത്വങ്ങളെത്തന്നെ തകര്‍ത്തു കളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:

A 26-year-old Russian officer, Lieutenant Lev Stupnikov, helped Ukraine kill 300 Russian soldiers by leaking critical intelligence and battle plans. He later escaped to join the Russian Volunteer Corps fighting against Putin’s forces. Wall Street Journal reported details of his secret defection.