Source :- SIRAJLIVE NEWS
ബാർമർ | രാജസ്ഥാനിലെ അതിർത്തി ജില്ലകളായ ബാർമറിലും ജെയ്സാൽമീറിലും പള്ളികളും മറ്റ് മുസ്ലിം ആരാധനാലയങ്ങളും പൊളിക്കുന്നതിനെതിരെ ഹിന്ദു, മുസ്ലിം സമുദായങ്ങൾ സംയുക്തമായി പ്രതിഷേധ രംഗത്ത്. പ്രദേശത്ത് ദീർഘകാലമായി നിലനിൽക്കുന്ന സാമൂഹിക സൗഹാർദ്ദം തിരിച്ചുപിടിക്കാനും രാഷ്ട്രീയ പകപോക്കൽ നടപടികൾ നിർത്തിവെക്കാനും ആവശ്യപ്പെട്ട് ‘സർവ് ധർമ്മ ശാന്തി സഭ’ എന്ന പേരിൽ ഇരുവിഭാഗവും സംയുക്തമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. മുസ്ലിം ആരാധനാലയങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് നടപടിയുണ്ടാകുന്നത് എന്ന് ചൂണ്ടിക്കാണിച്ചാണ് ഹിന്ദു ഗ്രാമീണരും പ്രതിഷേധത്തിൽ പങ്കാളികളായത്.
ബാഡ്ബീർ ഉൾപ്പെടെ ഗ്രാമങ്ങളിൽ നടന്ന പ്രകടനങ്ങളിൽ ഹിന്ദു, മുസ്‍ലിം സമുദായത്തിൽപെട്ട ആളുകൾ ഒരുമിച്ച് മാർച്ച് ചെയ്യുകയും ഭരണകൂടത്തിന് നിവേദനം സമർപ്പിക്കുകയും ചെയ്തു. ആരാധനാലയങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിന് മുൻപ് അധികൃതർ കൃത്യമായ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
രാഷ്ട്രീയ നടപടികൾ നിയമവിരുദ്ധവും യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെയുമാണ് നടക്കുന്നതെന്ന് പാരഡിയ ഗ്രാമത്തിലെ സർപഞ്ച് സുർതാരം മേഘ്‌വാൾ പറഞ്ഞു. പള്ളികൾ പരിശോധിച്ച് പൊളിക്കുകയാണെങ്കിൽ ക്ഷേത്രങ്ങളും ഇതേ മാനദണ്ഡപ്രകാരം പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാഡ്ബീറിൽ ഒന്നിലധികം ആരാധനാലയങ്ങൾ പൊളിച്ചതിനെത്തുടർന്നാണ് ഗ്രാമീണർ സംഘടിച്ചതെന്നും ഈ പ്രതിഷേധം ജനങ്ങൾക്കിടയിൽ കൂടുതൽ സാഹോദര്യം വളർത്താനാണ് സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾക്കിടയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും രാഷ്ട്രീയ താല്പര്യങ്ങൾ ജനങ്ങളുടെ ഒത്തൊരുമയെ തകർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ ഗ്രാമത്തിൽ തലമുറകളായി നിലനിൽക്കുന്ന സൗഹാർദ്ദത്തിന്റെ പ്രശ്നമാണിതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ഉദാരം മേഘ്‌വാൾ പറഞ്ഞു. പുറത്തുള്ളവർ ഇതിനെ ഹിന്ദു മുസ്ലിം പ്രശ്നമായി കാണുമെങ്കിലും തങ്ങൾ എപ്പോഴും ഒരുമിച്ചാണ് ജീവിക്കുന്നതെന്നും ആ പാരമ്പര്യം നിലനിർത്താനാണ് ഒരുമിച്ച് നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമത്തിന് മുന്നിൽ എല്ലാവർക്കും തുല്യ പരിഗണന വേണമെന്ന് ജെയ്സാൽമീറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത ഗോവിന്ദ് ഭാർഗവ് ആവശ്യപ്പെട്ടു. തങ്ങളുടെ പ്രദേശത്ത് പൊളിച്ചുനീക്കിയ മസാർ ഇരുവിഭാഗത്തിൽപെട്ടവരും ബഹുമാനിച്ചിരുന്ന ഇടമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അതിർത്തി ജില്ലകളായ ജെയ്സാൽമീർ, ബിക്കാനീർ, ശ്രീഗംഗാനഗർ, ബാർമർ എന്നിവടങ്ങളിലായി 350 പള്ളികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ പി സി ആർ) വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഓപ്പറേഷൻ സ്വീപ്പ് എന്ന പേരിൽ അതിർത്തി സുരക്ഷ ഉറപ്പാക്കാനായി നടത്തുന്ന കയ്യേറ്റമൊഴിപ്പിക്കൽ നടപടികളിൽ ഭരണകൂടം മുസ്ലിം ആരാധനാലയങ്ങളെ മാത്രം ലക്ഷ്യം വെക്കുകയാണെന്ന് സിവിൽ റൈറ്റ്സ് പ്രവർത്തകർ ആരോപിക്കുന്നു. തങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണുന്നത് വരെ സമാധാനപരമായ പ്രതിഷേധങ്ങളും നിയമപരമായ പോരാട്ടങ്ങളും തുടരുമെന്ന് ഗ്രാമീണർ വ്യക്തമാക്കി.
Content Highlights
Hindus and Muslims in Rajasthan’s border districts of Barmer and Jaisalmer have jointly organized peaceful protests against the demolition of mosques. The residents under ‘Sarv Dharm Shanti Sabha’ demanded the administration to halt the drive and follow proper legal due process. Activists alleged that religious structures are being selectively targeted under the administration’s anti-encroachment drive. Local leaders emphasized that the movement has strengthened the historic communal harmony and brotherhood in the region.




