Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആക്രമണം കടുപ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ‘മോദി പ്രധാനമന്ത്രി പദത്തില്‍ ഒരു വര്‍ഷം കൂടി മാത്രമേ ഉണ്ടാവുകയുള്ളൂ. ഒരു വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹം പ്രധാനമന്ത്രിയായിരിക്കില്ല.;-രാഹുല്‍ പറഞ്ഞു. ആദിവാസി കോണ്‍ഗ്രസ്സ് ഡല്‍ഹിയിലെ ഇന്ദിരാ ഭവനില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ രാജ്യത്തെ ഗോത്രവര്‍ഗ നേതാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

‘സാമ്പത്തിക സുനാമി’യാണ് രാജ്യത്തെ കാത്തിരിക്കുന്നത്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്തത്ര രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് വരാന്‍ പോകുന്നത്. വിലക്കയറ്റം കാരണം ശക്തമായ പൊതുജന സമ്മര്‍ദമാണ് മോദി സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നത്. രാജ്യത്തിന്റെ സിസ്റ്റത്തിനുള്ളില്‍ വന്‍ കലാപമാണ് നടക്കുന്നത്. ഒരുകാലത്ത് സിസ്റ്റത്തെ നിയന്ത്രിച്ചിരുന്ന നരേന്ദ്ര മോദി നിലവില്‍ കടുത്ത ആഭ്യന്തര കുഴപ്പങ്ങളെ നേരിടുകയാണ്. ഇത് മോദി സര്‍ക്കാറിനെ തകര്‍ച്ചയിലെത്തിക്കും.

നീറ്റ്-യു ജി 2026 പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച, സി ബി എസ് ഇ സ്‌ക്രീന്‍ മാര്‍ക്കിങ് (ഒ എസ് എം) വിവാദം തുടങ്ങിയ വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ കടുത്ത വിമര്‍ശനങ്ങളെ നേരിടുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രസ്താവന.

ഒരുവശത്ത് സാമ്പത്തിക പ്രതിസന്ധിയാണെങ്കില്‍ മറുവശത്ത് ഇന്ത്യന്‍ സിസ്റ്റത്തിനുള്ളില്‍ കലാപവും നടക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണമായും സര്‍ക്കാറിന്റെ നിയന്ത്രണത്തിലാണെന്നും രാഹുല്‍ ആരോപിച്ചു.