Source :- SIRAJLIVE NEWS
ഈ വർഷത്തെ ഇന്റർനാഷനൽ ബുക്കർ പ്രൈസ് നേടിയ യാങ് ഷുവാൻ സി (Yang Shuang-zi) തായ്വാനിലെ യുവ എഴുത്തുകാരിൽ ശ്രദ്ധേയയാണ്. അവരുടെ “തായ്വാൻ ട്രാവലോഗ്’ (Taiwan Travelogue) എന്ന, മാൻഡരിൻ ചൈനീസ് ഭാഷയിൽ രചിക്കപ്പെട്ട നോവലാണ് ഈ പുരസ്കാരത്തിന് അർഹത നേടിയിരിക്കുന്നത്. സാഹിത്യലോകത്തെ ഉന്നതമായ ഈ പുരസ്കാരം ആദ്യമായാണ് ഈ ഭാഷയിൽ രചിക്കപ്പെട്ട നോവലിന് ലഭിക്കുന്നത്. ലിൻ കിങ് എന്ന പരിഭാഷകയാണ് ഈ നോവലിന് ഇംഗ്ലീഷിന്റെ അക്ഷരലോകത്തേക്ക് വഴി തുറന്നത്.
ലോക സാഹിത്യത്തിലെ ഏറ്റവും മികച്ച നോവലുകളുടെയും ചെറുകഥകളുടെയും ഇംഗ്ലീഷ് പരിഭാഷക്ക് വർഷംതോറും നൽകിവരുന്ന വിഖ്യാതമായ പുരസ്കാരമാണ് ഇന്റർനാഷനൽ ബുക്കർ പ്രൈസ്. ലോകമെമ്പാടുമുള്ള എഴുത്തുകാരിൽനിന്നും പ്രസാധകരിൽനിന്നും ലഭിക്കുന്ന എൻട്രികളുടെ പ്രാഥമിക പരിശോധനക്കു ശേഷം പതിമൂന്ന് രചനകൾ തിരഞ്ഞെടുക്കുന്നു. തുടർന്ന് അവയിൽനിന്നും ആറ് രചനകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നു. അതിൽനിന്നാണ് പുരസ്കാര നിർണയ സമിതി ജേതാവിനെ തിരഞ്ഞെടുക്കുന്നത്. പുരസ്കാര പ്രഖ്യാപനത്തോടൊപ്പം പുരസ്കാരസമർപ്പണവും നടത്തുന്ന രീതിയാണ് ബുക്കർ സമിതി സ്വീകരിക്കാറുള്ളത്. മറ്റൊരു സവിശേഷത രചയിതാക്കളേയും വിവർത്തകരേയും പുരസ്കാരത്തിന് ഒരുപോലെ പരിഗണിക്കുന്നു എന്നതുമാണ്.
പുരസ്കാരത്തുകയായ അമ്പതിനായിരം പൗണ്ട് രണ്ടുപേർക്കും തുല്യമായി വീതിച്ചുനൽകുകയാണ് പതിവ്. ഇത്തവണത്തെ പുരസ്കാരപ്രഖ്യാപനവും സമർപ്പണവും ഇക്കഴിഞ്ഞ മെയ് പത്തൊന്പതിന് ലണ്ടനിലെ ഉജ്ജ്വലമായ ചടങ്ങിൽ പുരസ്കാര നിർണയസമിതിയുടെ അധ്യക്ഷയും പ്രമുഖ എഴുത്തുകാരിയുമായ നതാഷ ബ്രൗൺ നിർവഹിച്ചു.
തായ്വാനിലെ പുതുതലമുറ എഴുത്തുകാരിൽ ഏറെ ശ്രദ്ധേയയാണ് യാങ് ഷുവാൻ സി. നോവൽ, ഉപന്യാസം, ചെറുകഥ, വീഡിയോ ഗെയിം സ്ക്രിപ്റ്റ്, ഹാസസാഹിത്യം തുടങ്ങി എഴുത്തിന്റെ വ്യത്യസ്ത മേഖലകളിലെല്ലാം കഴിവ് പ്രകടിപ്പിച്ചിട്ടുള്ള ഈ എഴുത്തുകാരി മധ്യതായ്വാനിൽ 1984 ലാണ് ജനിച്ചത്. യാങ് ഷുവാൻ സി എന്ന തൂലികാനാമത്തിൽ എഴുതുന്ന ഇവരുടെ ശരിയായ പേര് യാങ് ജോത് സു (Yang Jo-tzu) എന്നാണ്. ആദ്യനോവൽ “The Man Scooping Up the Moon’ 2016 ലാണ് പ്രസിദ്ധീകരിച്ചത്. തുടർന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി ഒട്ടേറെ മറ്റു രചനകളും പുറത്തുവന്നു. 2017ൽ “The Season When Flowers Bloom’ എന്ന നോവലും 2018 ൽ “Blossoming Girls of Gorgeous Island’ എന്ന ചെറുകഥാസമാഹാരവും വെളിച്ചം കണ്ടു.
ബുക്കർ പ്രൈസ് നേടിയ “തായ്വാൻ ട്രാവലോഗ്’ 2020 ലാണ് പ്രസിദ്ധീകരിച്ചത്. 2024 ൽ ഈ നോവലിന്റെ ഇംഗ്ലീഷ് പതിപ്പ് യു എസ്സിൽ പുറത്തിറങ്ങി. ആ വർഷം തന്നെ ഏറ്റവും മികച്ച വിവർത്തിത രചനക്കുള്ള നാഷനൽ ബുക്ക് അവാർഡ് ഈ നോവൽ നേടുകയുണ്ടായി. അതിനു മുന്പുതന്നെ തായ്വാനിലെ വിഖ്യാത ബഹുമതിയായ ഗോൾഡൻ ട്രിപ്പോഡ് പുരസ്കാരവും ഈ നോവലിനെ തേടിയെത്തിയിരുന്നു.
ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലെ തായ്വാനിലെ രാഷ്ട്രീയ സാമൂഹിക സ്ഥിതിഗതികളിലേക്ക് വെളിച്ചം വീശുന്ന നോവലാണ് “തായ്വാൻ ട്രാവലോഗ്’. അക്കാലത്ത് ജപ്പാന്റെ കോളനിയായിരുന്നു തായ്വാൻ. നോവലിലെ കേന്ദ്ര കഥാപാത്രമായ അവോയെമ ചിസുക്കോ എന്ന ജപ്പാനീസ് എഴുത്തുകാരി നാഗസാക്കിയിലെ തന്റെ വീട്ടിൽനിന്നും തായ്വാനിലേക്ക് യാത്ര പോകുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്. സർക്കാറിന്റെ ക്ഷണപ്രകാരമുള്ള ഒരു ഔദ്യോഗിക യാത്രയാണെങ്കിലും ഔപചാരികമായ താത്പര്യങ്ങൾക്കുപരിയായി ആ നാട്ടിലെ ജീവിതരീതിയും സംസ്കാരവും ഭക്ഷണസമ്പ്രദായങ്ങളും സാമൂഹികാവസ്ഥകളും നേരിട്ടു മനസ്സിലാക്കുക എന്നതായിരുന്നു ചിസുക്കോയുടെ മനസ്സിലുണ്ടായിരുന്നത്. അവളുടെ ദ്വിഭാഷിയും സഹായിയുമായി നിയമിക്കപ്പെടുന്നത് തന്നെക്കാൾ പ്രായം കുറഞ്ഞ, പ്രസരിപ്പും സൗന്ദര്യവുമുള്ള ചിസുരു എന്ന തായ്വാൻ യുവതിയാണ്. ദിവസങ്ങൾക്കുള്ളിൽ അവർ തമ്മിൽ തീക്ഷ്ണമായ സൗഹൃദം രൂപപ്പെടുന്നു.
അധികം താമസിയാതെ ആ സൗഹൃദം അതിരുകൾക്കപ്പുറമുള്ള സ്നേഹബന്ധമായി വളരുകയും ചെയ്യുന്നു. അതേസമയം, ആ ബന്ധം രണ്ടുപേരിലുമുണ്ടാക്കുന്ന മാനസികസംഘർഷങ്ങൾ ജപ്പാന്റെയും തായ്വാന്റേയും രാഷ്ട്രീയപരമായ ഒട്ടേറെ പ്രശ്നങ്ങളുടേയും പ്രതിസന്ധികളുടേയും പശ്ചാത്തലത്തിൽ തീവ്രമാകുമ്പോൾ അവർ പരസ്പരം വേർപിരിയുന്നു.
തീവ്രമായൊരു സ്നേഹബന്ധത്തിന്റെ കഥ പറയുന്ന നോവലെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും അതിനുമപ്പുറമുള്ള സാമൂഹികവും രാഷ്ട്രീയവുമായ ഒട്ടേറെ വിഷയങ്ങൾ വിശകലനം ചെയ്യുന്ന രചനയാണ് “തായ്വാൻ ട്രാവലോഗ്’. വിശേഷിച്ചും കോളനി രാഷ്ട്രങ്ങൾക്കുമേൽ അധിനിവേശ രാഷ്ട്രങ്ങളുടെ അധികാര പ്രമത്തത സൃഷ്ടിക്കുന്ന തീരാ പ്രതിസന്ധികൾ അവിടുത്തെ പൗരന്മാരുടെ മനസ്സിൽ സൃഷ്ടിക്കുന്ന മുറിവുകളുടെ ആഴവും കടുപ്പവും ഈ നോവൽ ചർച്ച ചെയ്യുന്നു. അതോടൊപ്പം, അധികാരം സൃഷ്ടിക്കുന്ന സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളെ സ്നേഹം കൊണ്ട് മറികടക്കാൻ കഴിയുമോ എന്ന എക്കലത്തും പ്രസക്തമായൊരു ചോദ്യവും ഈ നോവൽ വായനക്കാരുടെ മുന്നിൽ വെക്കുന്നു. ബുക്കർലബ്ധിയിലൂടെ തായ്വാന്റെ സാഹിത്യ ഭൂമികയിലേക്ക് ലോകത്തിനു മുന്നിൽ ഒരു വാതിൽ തുറന്നിട്ടിരിക്കുകയാണ് യാങ് ഷുവാൻ സിയുടെ ഈ നോവൽ. അതുവഴി അധികം വൈകാതെ തന്നെ ആ നാട്ടിലെ മറ്റു വിഖ്യാത രചനകളും അനായാസമായി നമുക്ക് ലഭ്യമാകുമെന്ന് പ്രത്യാശിക്കാം.
Content Highlights:
Taiwanese author Yang Shuang-zi has won the prestigious International Booker Prize for her novel Taiwan Travelogue. Originally written in Mandarin Chinese, the book was translated into English by Lin King, making it the first novel in this language to win the award. The fifty thousand pound prize money will be shared equally between the author and the translator. The novel explores the intricate social and political dynamics of 1930s Taiwan under Japanese colonial rule through a deep bond between two women.







