Source :- REPORTER LIVE
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ (എംഎല്) ലിബറേഷനുമായി സഖ്യത്തിലെത്താന്‍ തയ്യാറെടുത്ത് സമാജ്വാദി പാര്‍ട്ടി. മിര്‍സാപൂര്‍-സോന്‍ഭദ്ര മേഖലയില്‍ സീറ്റുകളാണ് സിപിഐഎംഎല്‍ (ലിബറേഷന്‍) ലക്ഷ്യമിടുന്നത്. ഉത്തര്‍പ്രദേശില്‍ ഇതുവരെ ഒരു നിയമസഭാ സീറ്റിലും വിജയിച്ചിട്ടില്ലെങ്കിലും പാര്‍ട്ടിക്ക് ജില്ലാ പഞ്ചായത്ത് തലത്തില്‍ സാന്നിധ്യമുണ്ട്. ജൂലൈയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച സിപിഐഎംഎല്‍ വിദ്യാര്‍ത്ഥി സംഘടനയായ ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ(aisa)യുടെ സജീവ പങ്കാളിത്തവും സമാജ്വാദി പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ട്. 23 ദിവസം നീണ്ട നിരാഹാര സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങളിലാണ് ഐസ പങ്കെടുത്തത്.
Also Read:

സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ നവംബര്‍ ഒന്നിന് നടന്ന ഇന്ത്യാ മുന്നണിയുടെ രാംലീല റാലിക്കിടെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ചയ്ക്ക് താല്പര്യം അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആഴ്ചകള്‍ക്കുശേഷം അഖിലേഷ് യാദവിന്റെ ഓഫീസ് സിപിഐഎംഎല്‍ നേതാക്കളെ ലഖ്നൗവിലേക്ക് ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. വെള്ളിയാഴ്ച ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയില്‍ വിവിധ താല്പര്യങ്ങളുള്ള രാഷ്ട്രീയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വിശാലമായ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച നടന്നത്.

കോണ്‍ഗ്രസുമായി മാത്രം സഖ്യത്തില്‍ ഒതുങ്ങാതെ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി പ്രതിപക്ഷ ധാരണ രൂപീകരിക്കുകയാണ് സമാജ്വാദി പാര്‍ട്ടിയുടെ ലക്ഷ്യം. കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ഇതിനകം തന്നെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. എത്രയും വേഗം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. ഡിസംബര്‍ 12ന് അയോധ്യ സന്ദര്‍ശിക്കുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്.
മിര്‍സാപൂര്‍-സോന്‍ഭദ്ര മേഖലയില്‍ മത്സരിക്കാനാണ് സിപിഐ എംഎല് താല്പര്യം പ്രകടിപ്പിക്കുന്നത്. കോള്‍ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗത്തിന് ശക്തമായ സാന്നിധ്യമുള്ള മേഖലയാണിത്. ഭൂരിഭാഗവും ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍, ക്വാറികളിലെ തൊഴിലാളികള്‍, വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്നവര്‍ എന്നിവരാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഉത്തര്‍പ്രദേശില്‍ പട്ടികജാതി വിഭാഗത്തിലാണ് കോള്‍ സമുദായത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അയല്‍സംസ്ഥാനമായ മധ്യപ്രദേശില്‍ പട്ടികവര്‍ഗ വിഭാഗത്തിലാണ് ഇവര്‍. ഉത്തര്‍പ്രദേശിലും പട്ടികവര്‍ഗ പദവി വേണമെന്ന ആവശ്യം കോള്‍ സമുദായം നിരന്തരം ഉന്നയിക്കുന്നുണ്ട്.
Also Read:

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സിപിഐ എംഎല്, പ്രത്യേകിച്ച് അതിന്റെ വിദ്യാര്‍ഥി സംഘടനയായ ഐസ നേടിയ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുത്താനും പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്. ചിലയിടങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥി നേതാക്കളെ മത്സരിപ്പിക്കാനും പാര്‍ട്ടിക്ക് താല്പര്യമുണ്ട്. എന്നാല്‍ സീറ്റ് വിഭജനം സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: The Samajwadi Party is exploring an alliance with CPI(ML) Liberation ahead of the 2027 Uttar Pradesh Assembly elections. Talks have focused on seat-sharing in the Mirzapur-Sonbhadra region, broader opposition unity and the participation of student leaders, with no final agreement reached yet
![]()
![]()




