Home rss national malayalam പുതിയ വാർത്ത യുവശക്തിയും ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയും

യുവശക്തിയും ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയും

2
0

Source :- SIRAJLIVE NEWS

ആഗോള സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങളില്‍ യുവാക്കളുടെ പങ്ക് വലുതാണ്. അധികാരത്തിന്റെ ഇടനാഴികളില്‍ ചോദ്യം ചെയ്യപ്പെടാതെപോയ തീരുമാനങ്ങളെ ചോദ്യം ചെയ്യാനും അഴിമതി പോലോത്ത ഭരണ വൈകല്യങ്ങളെ തുറന്നുകാട്ടാനും ലംഘിക്കപ്പെടുന്ന പൗരാവകാശങ്ങള്‍ക്കായി തെരുവിലിറങ്ങാനും യുവാക്കള്‍ കാണിക്കുന്ന ആര്‍ജവം പ്രശംസനീയമാണ്. ആഗോളതലത്തില്‍ യുവാക്കളും വിദ്യാര്‍ഥികളും ജനാധിപത്യാവകാശങ്ങള്‍ക്കായും വിദ്യാഭ്യാസരംഗത്തെ അസമത്വങ്ങള്‍ക്കെതിരെയും നടത്തിയ പ്രക്ഷോഭങ്ങളും സ്വീഡനില്‍ ഗ്രെറ്റ തുന്‍ബെര്‍ഗിന്റെ നേതൃത്വത്തില്‍ വളര്‍ന്ന കാലാവസ്ഥാ പ്രസ്ഥാനവും യുവതലമുറയുടെ ഇടപെടലിന്റെ വ്യത്യസ്ത മുഖങ്ങളാണ്.

ആഗോള യുവമുന്നേറ്റത്തിന്റെ പ്രതിധ്വനികള്‍ ഇന്ത്യയിലും ശക്തമാണ്. രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തനങ്ങളിലും പൊതുജീവിതത്തിലും പുതിയ തലമുറയുടെ ഇടപെടല്‍ കരുത്താര്‍ജിച്ചുകഴിഞ്ഞു. രാഷ്ട്രീയ ചാപല്യങ്ങളെയും അധികാര കേന്ദ്രീകരണത്തിലെ ഭരണവൈകല്യങ്ങളെയും ചോദ്യം ചെയ്യുന്ന യുവശബ്ദങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു വരുന്നുണ്ട്. തെരുവ് പ്രക്ഷോഭങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വരെ യുവതലമുറ അഭിപ്രായങ്ങളും അസംതൃപ്തികളും ശക്തമായി പ്രകടിപ്പിക്കുന്നു. യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ശക്തിക്ക് ബലമുള്ളതിനാല്‍ തന്നെ, രാജ്യത്തുടനീളമുള്ള രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാര്‍ വകുപ്പുകളും തിങ്ക് ടാങ്കുകളും യുവതയെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരിക്കുകയാണ്.

രാജ്യത്തിന്റെ പൊതുമണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് യുവാക്കളെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. യുവാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാനും ജെന്‍സിയുടെ വിശ്വാസം നേടിയെടുക്കാനും വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ തങ്ങളുടെ ആശയങ്ങള്‍ നിരന്തരമായവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഭരണ നേതാക്കള്‍ മന്ത്രിമാരോടും എം പിമാരോടും ഇന്‍സ്റ്റയില്‍ സജീവമാകാന്‍ ആവശ്യപ്പെടുന്നു. 14 മുതല്‍ 29 വരെ വയസ്സുള്ള യുവാക്കളുടെ ഭാഷ അനുകരിക്കാന്‍ ഭരണകര്‍ത്താക്കളും രാഷ്ട്രീയക്കാരും ശ്രമിക്കുന്നു. യുവതലമുറയുമായി ബന്ധം സ്ഥാപിക്കാനായി രാഷ്ട്രീയ നേതൃത്വം കോളജുകളിലും സ്‌കൂള്‍ ക്യാമ്പസുകളിലും സാന്നിധ്യം വര്‍ധിപ്പിക്കുകയോ അല്ലെങ്കില്‍ പി എം ശ്രീ പോലോത്ത പദ്ധതികള്‍ വഴി വിദ്യാര്‍ഥികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ബ്രാന്‍ഡിംഗ് നടത്തുകയോ ചെയ്യുന്നു.
യുവാക്കള്‍ക്കായി നിരവധി പദ്ധതികള്‍

യുവാക്കളെ ശ്രദ്ധ പിടിച്ചുപറ്റാനായി കഴിഞ്ഞ 12 വര്‍ഷത്തിനിടെ നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. തൊഴില്‍, സംരംഭകത്വം, നൈപുണ്യ വികസനം, വിദ്യാഭ്യാസം, ഇന്റേണ്‍ഷിപ്പ്, കായികം, സന്നദ്ധപ്രവര്‍ത്തനം തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ദേശീയ വിദ്യാഭ്യാസ നയ പ്രകാരം ഗുണമേന്മയുള്ള പഠനത്തിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ട പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. വികാസം പ്രാപിച്ച ഡിജിറ്റല്‍ കാലഘട്ടത്തെ നേരിടാനാണ്, 15 മുതല്‍ 29 വരെ വയസ്സുള്ള യുവാക്കളെ ലക്ഷ്യമിട്ട് നാഷനല്‍ യൂത്ത് പോളിസി-26 എന്ന പേരില്‍ കേന്ദ്ര സര്‍ക്കാറിന്റെ യുവജനകാര്യ-കായിക മന്ത്രാലയത്തിനു കീഴില്‍ പുതിയ പദ്ധതി ക്രമീകരിച്ചിട്ടുള്ളത്. ജെന്‍സിയെ സംതൃപ്തമാക്കുന്ന രീതിയിലുള്ള പോളിസിയായി നാഷനല്‍ യൂത്ത് പോളിസി മാറിയിട്ടില്ല എന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. നിതി ആയോഗ് റിപോര്‍ട്ട് പ്രകാരം 15-29 പ്രായപരിധിയിലുള്ള ഏകദേശം 8.7 കോടി പേര്‍ നിലവില്‍ വിദ്യാഭ്യാസത്തിലോ തൊഴില്‍രംഗത്തോ പരിശീലനത്തിലോ ഇല്ലാത്തവരാണ്. 8.7 കോടി വരുന്ന യുവാക്കള്‍ വഴികാട്ടിയില്ലാതെയോ അവസരങ്ങള്‍ ലഭിക്കാതെയോ രാജ്യത്ത് അസംതൃപ്തരായി കഴിയുകയാണ്. ജനസംഖ്യയുടെ കാതലായ യുവാക്കള്‍ തൊഴിലില്ലാതെയും ഗൈഡന്‍സ് ലഭിക്കാതെയും അലയുന്നുവെന്നത് പരിതാപകരമാണ്.

രാജ്യത്തെ ഔപചാരിക വിദ്യാഭ്യാസവും തൊഴില്‍ സാധ്യതകളും തമ്മിലുള്ള അന്തരം വലുതാണ് എന്നത് ഗുരുതര പ്രതിസന്ധിയാണ്. തൊഴില്‍ നേടുന്നതിനും കരിയര്‍ ഡെവലപ്പ് ചെയ്യുന്നതിനും പാകമായ രീതിയിലുള്ള കരിക്കുലം രാജ്യത്തിനില്ല. സമീപകാലത്തെ തെരുവ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍, യുവതലമുറയോട് ഭരണകൂടം കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ടെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. യുവാക്കള്‍ക്കായി രാജ്യത്തിന് വ്യക്തമായൊരു ഭാവി രൂപരേഖയുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്. ഭാവിതലമുറയെ സമ്പന്നമാക്കാന്‍ പാകപ്പെട്ട പദ്ധതികള്‍ രാജ്യത്തില്ല.
ഫലപ്രദമാകാത്ത വോട്ട്

ലോകത്തേറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ഏകദേശം 1.5 ബില്യണ്‍ ജനസംഖ്യയില്‍ 65 ശതമാനത്തോളം പേര്‍ 35 വയസ്സിന് താഴെയുള്ളവരാണ്. രാജ്യത്തെ വോട്ടര്‍മാരില്‍ ഏകദേശം 23 ശതമാനം പേര്‍ 18-29 പ്രായപരിധിയിലുള്ളവരാണ്. എന്നാല്‍ അടുത്തകാലത്തെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍, യുവാക്കള്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ ദിശയിലേക്ക് കൂട്ടത്തോടെ നീങ്ങുന്നില്ല. എന്നാല്‍, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഭരണകൂടം പരാജയപ്പെടുന്നുമുണ്ട്. തമിഴ്‌നാട്, അസം, പശ്ചിമ ബംഗാള്‍, കേരളം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ഇത് പ്രകടമാണ്. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ യുവാക്കളുടെ ഏകീകരണത്തിന്റെ ചില സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും, അത് വ്യക്തമായൊരു ബദല്‍ യുവജന രാഷ്ട്രീയ അജന്‍ഡയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും രാഷ്ട്രീയ പാര്‍ട്ടികള്‍ യുവജന അജന്‍ഡകള്‍ മുന്നോട്ടുവെച്ചെങ്കിലും പ്രതീക്ഷിച്ചത്ര സ്വീകാര്യത ലഭിച്ചില്ല. ചില പഠനങ്ങള്‍ പ്രകാരം 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ ഫലങ്ങളെ യുവ വോട്ടര്‍മാര്‍ ഒരു പരിധിവരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ്.

75 വര്‍ഷത്തെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍, വോട്ടുകള്‍ വിവിധ സാമൂഹിക വിഭാഗങ്ങളുടെ പേരിലാണ് പലപ്പോഴും ക്രമീകരിക്കപ്പെട്ടത്. സമുദായം, വര്‍ഗം, കര്‍ഷകര്‍, വ്യവസായ തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളുടെ പേരില്‍. എന്നാല്‍ യുവാക്കളെ ഒരു സ്വതന്ത്രവും ഏകീകൃതവുമായ രാഷ്ട്രീയ വോട്ടുബേങ്കായി ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ദളിത്, ന്യൂനപക്ഷ, പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ തുടങ്ങിയവരുടെ വോട്ടുകള്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്നു. ഉത്തര്‍പ്രദേശിലെ യാദവ് വോട്ടും ബിഹാറിലെ മുസ്‌ലിം- യാദവ് വോട്ട് എന്നറിയപ്പെടുന്ന രാഷ്ട്രീയ സമവാക്യവും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഉദാഹരണങ്ങളാണ്. സ്ത്രീ വോട്ടര്‍മാരുടെ എണ്ണം വലുതാണ്. വീട്, ശൗചാലയം, ഗ്യാസ്, വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ നേരിട്ടുള്ള സാമ്പത്തിക സഹായങ്ങള്‍ വരെ സ്ത്രീകളുടെ മനസില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. ഇതിന്റെ പ്രതിഫലനമാണ് വോട്ടെടുപ്പില്‍ പ്രകടമാകുന്നത്.
തിരഞ്ഞെടുപ്പ് പങ്കാളിത്തം

മറ്റ് ജനവിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ യുവാക്കളുടെ തിരഞ്ഞെടുപ്പ് പങ്കാളിത്തം കുറവാണ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ ബോധവത്കരണം കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് ശതമാനം മെച്ചപ്പെട്ടുവെന്നു പറയാം. സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥികളെ തിരഞ്ഞെടുപ്പ് സംവിധാനം പരിചയപ്പെടുത്തുന്നതിനും ജനാധിപത്യ പ്രക്രിയകളില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ടറല്‍ ലിറ്ററസി ക്യാമ്പയിന്‍ കൊണ്ടുവന്നതു കാരണമാണ് യുവാക്കളിലെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധനവുണ്ടായത്.

ഇന്ത്യയിലെ യുവാക്കളുടെ തിരഞ്ഞെടുപ്പ് പങ്കാളിത്തം താരതമ്യേന പരിമിതമാണെന്നറിയിക്കുന്ന വിവിധ പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. രാഷ്ട്രീയ സ്ഥാപനങ്ങളിലെ വിശ്വാസക്കുറവ് വിദ്യാര്‍ഥികളില്‍ രാഷ്ട്രീയ താത്പര്യക്കുറവുണ്ടാക്കുകയും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ നിന്ന് അവരെ പിറകോട്ടടിപ്പിക്കുകയും ചെയ്തുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. യുവജന സ്ഥാനാര്‍ഥികളെ മത്സരാര്‍ഥികളായി തിരഞ്ഞെടുക്കുന്നതില്‍ വന്ന വീഴ്ചയും യുവാക്കളെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ നിന്ന് പിന്നോട്ട് വലിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍, ചില സംസ്ഥാനങ്ങളില്‍ യുവാക്കളെ മത്സര രംഗത്തിറക്കിയപ്പോള്‍ ശ്രദ്ധേയ വിജയമുണ്ടായി. തെലങ്കാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ യുവ സ്ഥാനാര്‍ഥികളെ മത്സരാര്‍ഥികളാക്കുകയും യുവജന കേന്ദ്രീകൃതമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തു. യുവജനങ്ങളുടെ തൊഴില്‍, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകളുടെ ഭാഗമായി. വാശിയേറിയ മത്സരം നടന്ന ഉത്തര്‍പ്രദേശിലെ ചില മണ്ഡലങ്ങളില്‍ യുവമുഖങ്ങളെ മത്സരരംഗത്തിറക്കുകയുണ്ടായി. ജെന്‍സി വോട്ടര്‍മാരെ അത് വല്ലാതെ ആകര്‍ഷിക്കുകയും ചെയ്തിരുന്നു.

യുവജനസംഖ്യ
ഇന്ത്യയുടെ യുവജനസംഖ്യ ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്. എന്നാല്‍ ഇത്രയും വലിയ ജനസംഖ്യാ ശക്തി ഇതുവരെ ഒരു ഏകീകൃത രാഷ്ട്രീയ വോട്ടുബേങ്കായി മാറിയിട്ടില്ല. ജാതി, സമുദായം, വര്‍ഗം, ലിംഗം തുടങ്ങിയ പഴയ സാമൂഹിക സമവാക്യങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളെ ശക്തമായി സ്വാധീനിക്കുന്നു. അതേസമയം വിദ്യാഭ്യാസം, തൊഴില്‍, സംരംഭകത്വം, ഡിജിറ്റല്‍ ജീവിതം, രാഷ്ട്രീയ ഉത്തരവാദിത്വം തുടങ്ങിയ വിഷയങ്ങളിലൂടെ യുവാക്കള്‍ പുതിയ രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അടുത്ത വലിയ മാറ്റശക്തി യുവാക്കളായിരിക്കാം. ആ ശക്തിയെ എപ്പോള്‍, എങ്ങനെ, ഏത് രാഷ്ട്രീയ രൂപത്തില്‍ ഏകീകരിക്കപ്പെടുമെന്നതാണ് ഇനി കാണേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം രാജ്യത്തെ മൊത്തം വോട്ടര്‍മാരില്‍ 22.78 ശതമാനവും 18-29 പ്രായ വിഭാഗക്കാരാണ്. 2024ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പ് കാലയളവില്‍ മാത്രം 18-29 പ്രായപരിധിയിലുള്ള 26.46 ലക്ഷം പുതിയ വോട്ടര്‍മാരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത്. എന്തായാലും നിര്‍മാണാത്മക രാഷ്ട്രീയത്തിലേക്ക് യുവാക്കള്‍ കടന്നുവരുന്നുണ്ടോ എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആലോചിക്കേണ്ട സമയമാണിപ്പോള്‍.

Content Highlights:
India holds the world’s largest youth population with 65 percent of citizens aged under 35. Despite representing 23 percent of voters, young people have not consolidated into a unified voting bank. Major political parties are adapting digital strategies to engage Gen Z and address employment issues.