Source :- SIRAJLIVE NEWS
ദുബൈ| യു എ ഇയിൽ ഉന്നതപഠന സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾക്കായി നിർമിതബുദ്ധി (എ ഐ) അധിഷ്ഠിത ഡിജിറ്റൽ സംവിധാനം ഒരുക്കി ഉന്നതവിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയം. പുതിയ പ്ലാറ്റ് ഫോം വഴി വിദ്യാർഥികൾക്ക് അപേക്ഷാ നടപടികൾ വെറും അഞ്ച് മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. മന്ത്രാലയത്തിന്റെ ഏകീകൃത ഉന്നത വിദ്യാഭ്യാസ ഡിജിറ്റൽ പോർട്ടലായ “എഡ്യുഹബ്ബ്’ വഴിയാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ സി പി), നാഷണൽ സർവീസ് ആൻഡ് റിസർവ് അതോറിറ്റി, വിദ്യാഭ്യാസ മന്ത്രാലയം തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളെ പരസ്പരം ബന്ധിപ്പിച്ചാണ് ഈ പ്ലാറ്റ് ഫോം സജ്ജമാക്കിയിരിക്കുന്നത്. ഇത് വഴി അപേക്ഷകർക്ക് ആവശ്യമായി വരുന്ന രേഖകളുടെ എണ്ണം വെറും രണ്ടെണ്ണമായി ചുരുങ്ങി.
മുമ്പ് അഞ്ച് ഘട്ടങ്ങളിലായി പൂർത്തിയാക്കിയിരുന്ന അപേക്ഷാ നടപടികൾ മൂന്നായി കുറച്ചു. പൂരിപ്പിക്കേണ്ട കോളങ്ങളുടെ എണ്ണം 22-ൽ നിന്ന് നാലായി വെട്ടിച്ചുരുക്കുകയും ചെയ്തു. അപേക്ഷയിലെ വിവരങ്ങളും രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നിർമിതബുദ്ധി സംവിധാനങ്ങളിലൂടെയാണ്. സ്‌കോളർഷിപ്പ് കരാറുകളിൽ ഡിജിറ്റലായി ഒപ്പുവെക്കാനും അപേക്ഷയുടെ പുരോഗതി തത്സമയം അറിയാനും സാധിക്കും.
മന്ത്രാലയ സന്ദർശനം, ഇ-മെയിൽ വഴിയുള്ള നീണ്ട ആശയവിനിമയം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Content Highlights:
The UAE Ministry of Higher Education launched an AI-powered platform on EduHub for scholarship applications. Students can complete procedures in five minutes using just two documents across three simple steps. Integrated government services streamline digital signing and real-time tracking.




