Source :- SIRAJLIVE NEWS
ആലപ്പുഴ | നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ മര്‍ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം. പ്രതികളായ അഞ്ചുപേര്‍ക്കും ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റിസ് ഹണി എം വര്‍ഗീസ് ജാമ്യം അനുവദിക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാന് അനില്‍ കല്ലിയൂര്‍, എസ് സന്ദീപ്, വിപിന്‍, അരുണ്‍, ഷൈജു എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.
2023 ഡിസംബറില്‍ നവകേരള യാത്രക്കിടെ ആലപ്പുഴയില്‍ വെച്ച് അന്നത്തെ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ ഗണ്മാന്മാര് മര്‍ദിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങി വന്നാണ് ഗണ്മാന്മാര് പ്രതിഷേധക്കാരെ മര്‍ദിച്ചത്.
മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗണ്മാന്മാര് ചെയ്തതെന്നും അത് ഒരു രക്ഷാപ്രവര്‍ത്തനമാണെന്നുമായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ഇതിനോട് പ്രതികരിച്ചിരുന്നത്. പിന്നീട് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ കോടതിയെ സമീപിക്കുകയും കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുക്കുകയുമായിരുന്നു. പറഞ്ഞ് മുഖ്യമന്ത്രി ഗണ്മാന്മാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്.







