Source :- SIRAJLIVE NEWS
സന | യെമനില്‍ കരയുദ്ധം വീണ്ടും കടുക്കുന്നു. ഏറ്റുമുട്ടലുകളില്‍ 60-ഓളം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഖ്യസേനയുടെയും സര്‍ക്കാര്‍ അനുകൂല വിഭാഗങ്ങളുടെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് ഹൂത്തി വിമതര്‍ ആക്രമണം ശക്തമാക്കിയതോടെയാണ് സ്ഥിതിഗതികള്‍ ഗുരുതരമായത്. യെമന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ആധിപത്യം ഉറപ്പിക്കാനായി എണ്ണനിക്ഷേപ മേഖലയായ മരീബ് നഗരം പിടിച്ചെടുക്കാനും തായിസ് പ്രവിശ്യയിലെ തന്ത്രപ്രധാനമായ ഗതാഗത പാതകളുടെ നിയന്ത്രണം കൈവശപ്പെടുത്താനുമാണ് വിമതര്‍ മുന്നേറ്റം നടത്തുന്നത്.
പോരാട്ടം രൂക്ഷമായ ഇടങ്ങളിലേക്ക് മരുന്നും മറ്റ് അടിയന്തര സഹായങ്ങളും എത്തിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രദേശം വന്‍ മാനുഷിക ദുരന്തത്തിലേക്ക് നീങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കുന്നു. 2014 മുതല്‍ തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ ഒന്നര ലക്ഷത്തോളം പൗരന്മാര്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന പോരാട്ടത്തില്‍ ഹൂത്തി വിമതര്‍ കനത്ത ഷെല്ലിംഗും റോക്കറ്റ് ആക്രമണങ്ങളും നടത്തുമ്പോള്‍, അതിന് മറുപടിയായി സഖ്യസേനയുടെ വ്യോമസേന ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമായ ബോംബാക്രമണങ്ങള്‍ തുടരുകയാണ്. പുതിയ സംഭവവികാസങ്ങള്‍ രാജ്യത്തെ സമാധാന പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായതോടെ ആയിരക്കണക്കിന് സാധാരണക്കാര്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി.
Content Highlights: Severe ground fighting in Yemen has left around 60 civilians dead following an intensified offensive by Houthi rebels in Marib and Taiz. The United Nations warned of a major humanitarian crisis as aid delivery remains blocked in conflict zones. Heavy shelling and airstrikes have displaced thousands, dealing a blow to regional peace efforts




