Source :- SIRAJLIVE NEWS
കൊച്ചി | കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ ടി വി ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) നടത്തിയ റെയഡ് അവസാനിച്ചത് വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ന്. ബുധനാഴ്ച രാവിലെ ആറുമണിയോടെ തുടങ്ങിയ പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തതായി തൃക്കാക്കര എ സി പി ബിജോയ് ചന്ദ്രന്‍ അറിയിച്ചു.
മെമ്മറി കാര്‍ഡുകളും കലൂര്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 20 മണിക്കൂര്‍ നീണ്ട റെയ്ഡിനിടെ 6,300 അമേരിക്കന്‍ ഡോളറും കണ്ടെടുത്തു. തെളിവുകള്‍ ശേഖരിച്ചതായും റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ എസ്‌ഐടി തലവന്‍ നല്‍കുമെന്നും എസിപി ബിജോയ് ചന്ദ്രന്‍ അറിയിച്ചു. റെയ്ഡ് നടത്തുമ്പോള്‍ സ്വകാര്യ സംഭാഷണം പാടില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും അല്ലാതെ ജോലി തടസ്സപ്പെടുത്താന്‍ നോക്കിയിട്ടില്ലെന്നും എ സി പി പറഞ്ഞു. കളമശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മജിസ്ട്രറ്റ് അനുമതിയോടെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെ ചെമ്പുമുക്കിലെ ഫ്‌ളാറ്റിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. ആന്റോയുമായി ബന്ധമുണ്ട് എന്ന് കരുതുന്ന മാര്‍ക്കറ്റിംഗ് കമ്പനി ഗോട് ആഡിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.
അതിനിടെയാണ് ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ തറവാട്ട് വീട്ടില്‍നിന്ന് അളവില്‍ കവിഞ്ഞ് മദ്യം കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്യാനായി എത്തിയത്. അസിസ്റ്റന്റ് കമ്മീഷണര്‍ ബൈജുവിന്റെ നേതൃതത്തിലുള്ള സംഘമാണ് മൂന്നു വണ്ടികളിലായി ഓഫീസില്‍ എത്തിയത്. വാഴവറ്റയിലെ വീട്ടില്‍ നിന്ന് 67 ലിറ്ററിലധികം മദ്യശേഖരം കണ്ടെത്തിയെന്നാണ് എക്‌സൈസ് പറയുന്നത്. ഒരാള്‍ക്ക് കൈവശം വെക്കാവുന്നതിലും അധികം മദ്യമാണ് കണ്ടെത്തിയതെന്നും അബ്കാരി ആകട് പ്രകാരം കേസെടുക്കുമെന്നും എക്‌സൈസ് അറിയിച്ചു.
Content Highlights:
The SIT concluded a 20-hour raid at the Reporter TV office in Kalamassery, seizing key documents, memory cards, and 6,300 USD. Police also searched connected premises including owner Anto Augustine’s flat and marketing firm. Concurrently, Excise arrived to arrest Augustine after seizing excess liquor from his Wayanad home.




