Home LATEST NEWS malyalam പുതിയ വാർത്ത ലയണൽ മെസ്സിക്ക് ഇന്ന് 39ാം പിറന്നാൾ

ലയണൽ മെസ്സിക്ക് ഇന്ന് 39ാം പിറന്നാൾ

2
0

Source :- SIRAJLIVE NEWS

ഡാളസ് | “നൂറ് വയസ്സുള്ള മെസ്സി ആരാധിക’ എന്ന പ്ലക്കാർഡുമായി ലോകകപ്പിലെ അർജന്റീന- ആസ്ത്രിയ മത്സരം കാണാൻ ഡാളസ് സ്റ്റേഡിയത്തിയ വയോധിക ഫുട്ബോൾ പ്രേമികളെ സന്തോഷിപ്പിച്ച കാഴ്ചയായിരുന്നു. പ്രായമേറിയവർ മുതൽ പിഞ്ചുമക്കൾ വരെ ഏറെ ഇഷ്ടപ്പെടുന്ന ഇതിഹാസ താരം ലയണൽ മെസ്സിക്ക് ഇന്ന് 39ാം പിറന്നാളാണ്. മത്സരത്തിൽ ഇരട്ട ഗോൾ നേടി അർജന്റീനയെ നോക്കൗട്ടിലെത്തിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഇത്തണത്തെ പിറന്നാൾ. 38, 90+5 മിനുട്ടുകളിലായിരുന്നു മെസ്സിയുടെ ഗോൾ നേട്ടം. തുടക്കത്തിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും പിന്നീട് മെസ്സിയുടെ മിന്നലാട്ടമാണ് കണ്ടത്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16) റെക്കോർഡ് മത്സരത്തിൽ മെസ്സി സ്വന്തം പേരിലാക്കി. ലോകകപ്പിൽ തുടർച്ചയായി ആറ് മത്സരങ്ങളിൽ ഗോൾ നേടുന്ന മൂന്നാമത്തെ കളിക്കാരനായും മാറി. 1958ൽ ഫ്രാൻസിനായി ജസ്റ്റ് ഫോണ്ടെയ്‌നും 1970ൽ ബ്രസീലിനായി ജയർസീഞ്ഞോയുമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചവർ.

ഇത്തരത്തിൽ സമാനതകളില്ലാത്ത ഫുട്ബോൾ കരിയറിൽ പുതിയ അധ്യായങ്ങൾ കൂട്ടിച്ചേർക്കുന്നത് മെസ്സി തുടരുകയാണ്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള കളിക്കാരിൽ ഒരാളായി താൻ തുടരുന്നത് എന്തുകൊണ്ടാണെന്ന് 2026 ലോകകപ്പിന്റെ ആദ്യ രണ്ട് റൗണ്ടുകൾ പിന്നിടുമ്പോൾ തന്നെ അർജന്റീന ക്യാപ്റ്റൻ വീണ്ടും തെളിയിച്ചു കഴിഞ്ഞു. ഖത്വറിൽ അർജന്റീനയെ ലോക കിരീടത്തിലേക്ക് നയിച്ച് നാല് വർഷത്തിന് ശേഷവും, മറ്റൊരു കിരീടപ്പോരാട്ടത്തിനായി മെസ്സി ഉറച്ചുതന്നെയാണെന്ന് താരത്തിന്റെ മികച്ച ഫോം സൂചിപ്പിക്കുന്നു.
2022ൽ ലോകകപ്പ് ഉയർത്തുന്നതിനു മുമ്പ് അർജന്റീന ജഴ്സിയിൽ താൻ അനുഭവിച്ച മാനസികവും വൈകാരികവുമായ കടുത്ത സമ്മർദങ്ങളെക്കുറിച്ച് മെസ്സി പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. കടുത്ത വിമർശനങ്ങൾ കാരണം താനും കുടുംബവും വലിയ പ്രയാസങ്ങളിലൂടെയാണ് കടന്നുപോയതെന്ന് മെസ്സി പറഞ്ഞിരുന്നു. എട്ട് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി ഇതിനെല്ലാം മറുപടി നൽകിയത് തന്റെ കളിയിലൂടെ മാത്രമാണ്. ലമിൻ യമാൽ, കിലിയൻ എംബാപ്പെ, എർലിംഗ് ഹാലാൻഡ് തുടങ്ങിയ പുതിയ തലമുറയിലെ മിന്നും താരങ്ങൾ അണിനിരക്കുന്ന ഈ ടൂർണമെന്റിലും മിന്നിത്തിളങ്ങുകയാണ് മെസ്സി.

2016ൽ കോപ്പ അമേരിക്ക ഫൈനലിൽ ചിലിക്കെതിരായ തോൽവിക്കു പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മെസ്സിയെ കാൽപ്പന്ത് പ്രേമികൾ മറന്നിട്ടില്ല. ഷൂട്ടൗട്ടിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതും ഒമ്പത് വർഷത്തിനിടെ അർജന്റീന തങ്ങളുടെ നാലാമത്തെ പ്രധാന ഫൈനലിൽ പരാജയപ്പെടുകയും ചെയ്തപ്പോൾ ആ വേദന അദ്ദേഹത്തിന് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു. കൃത്യം പത്ത് വർഷങ്ങൾക്കിപ്പുറം അർജന്റീനക്കായി താരം കളിക്കളത്തിലുണ്ടാകുമെന്നും ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരനായി മാറുമെന്നും അന്ന് ആരും ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. വിരമിക്കൽ പിൻവലിക്കാനുള്ള തീരുമാനം മെസ്സിക്കും അദ്ദേഹത്തിന്റെ രാജ്യത്തിനും വൻ വിജയങ്ങളുടെ സുവർണ കാലമാണ് സമ്മാനിച്ചത്. 2022ൽ ക്യാപ്റ്റൻ മെസ്സിയുടെ കീഴിൽ അർജന്റീന ലോകകിരീടമുയർത്തി. 1986നു ശേഷമുള്ള ടീമിന്റെ ആദ്യ ലോകകപ്പ് നേട്ടം. ഫൈനലിലെ രണ്ട് ഗോളുകൾ ഉൾപ്പെടെ ടൂർണമെന്റിൽ ആകെ ഏഴ് ഗോളുകളാണ് മെസ്സി അന്ന് അടിച്ചുകൂട്ടിയത്. ആ ലോകകപ്പിൽ ഗോൾഡൻ ബോൾ പുരസ്കാരവും നേടി.
കഴിഞ്ഞ രണ്ട് കോപ്പ അമേരിക്ക ടൂർണമെന്റുകളിലും അർജന്റീനയെ കിരീടത്തിലേക്കു നയിച്ചു. ഈ ലോകകപ്പിൽ ഹാട്രിക്കടക്കം രണ്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളുമായി മെസ്സി ജൈത്രയാത്ര തുടരുന്നു. ഗോൾഡൻ ബൂട്ട് പോരാട്ടത്തിലും മെസ്സിയാണ് മുന്നിൽ.

Content Highlights: Lionel Messi celebrated his 39th birthday a day after guiding Argentina to the World Cup knockouts with a brace against Austria. During the match in Dallas, he surpassed Germany’s Miroslav Klose to become the highest goal-scorer in World Cup history. The eight-time Ballon d’Or winner currently leads the Golden Boot race with five goals.