Source :- SIRAJLIVE NEWS
പനാജി | 2013 ൽ ജൂനിയർ സഹപ്രവർത്തകയെ ലൈംഗികമായി അതിക്രമിച്ച കേസിൽ പ്രമുഖ മാധ്യമപ്രവർത്തകനും തെഹൽക്ക മുൻ എഡിറ്റർ ഇൻ ചീഫുമായ തരുൺ തേജ്പാൽ കുറ്റക്കാരനാണെന്ന് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് വിധിച്ചു. 2021 ൽ വിചാരണക്കോടതി തരുൺ തേജ്പാലിനെ വെറുതെവിട്ട വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.
2013 നവംബർറിൽ ഗോവയിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ വെച്ച് തന്നോട് ലൈംഗിക അതിക്രമം കാട്ടിയെന്ന ജൂനിയർ സഹപ്രവർത്തകയുടെ പരാതിയിലാണ് കേസ്. 2013 നവംബർ 30 ന് ഈ കേസിൽ തേജ്പാലിനെ ഗോവ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഐ പി സി സെക്ഷൻ 354, 354 എ, 354 ബി, 341, 342, 376 ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ബലാത്സംഗം, ലൈംഗിക അതിക്രമം, അനധികൃതമായി തടഞ്ഞുവെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
2021 മേയിൽ ഗോവ സെഷൻസ് കോടതി തരുൺ തേജ്പാലിനെ വിചാരണ നടത്തി വെറുതെവിട്ടിരുന്നു. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ സാധിച്ചില്ലെന്നും ഇരയുടെ പെരുമാറ്റത്തിൽ വൈരുധ്യമുണ്ടെന്നും നിരീക്ഷിച്ചായിരുന്നു അന്നത്തെ ഉത്തരവ്. എന്നാൽ ഈ വിധിക്കെതിരെ ഗോവ സർക്കാർ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
ഹൈക്കോടതിയിലെ വാദത്തിനിടെ, വിചാരണക്കോടതി ഇരയെ വിചാരണ ചെയ്യുന്ന രീതിയിലാണ് കേസിനെ സമീപിച്ചതെന്നും അനുചിതമായ ചോദ്യങ്ങൾ ഇരയോട് ചോദിച്ചെന്നും ഗോവ സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. തേജ്പാൽ ഇരയോട് മാപ്പ് പറഞ്ഞ് അയച്ച ഇമെയിലുകൾ കുറ്റസമ്മതത്തിന് തെളിവാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇത് ശരിവെച്ചാണ് ഹൈക്കോടതി തരുൺ തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
Content Highlights:
The Bombay High Court has convicted former Tehelka editor Tarun Tejpal in a 2013 sexual assault case. This verdict overturns the 2021 trial court judgment that previously acquitted him. The Goa government successfully appealed against the lower court’s decision in the High Court.




