Source :- SIRAJLIVE NEWS
ഇറാന്‍- യു എസ് സംഘര്‍ഷത്തിന്റെ തുടക്കം എവിടെ നിന്നാണ് എന്ന ചോദ്യത്തിന് ഇന്ന് ലോകത്തിന് മുന്നില്‍ വ്യക്തമായ ഉത്തരമുണ്ട്. ഡൊണാള്‍ഡ് ട്രംപ് നൊബേല്‍ സമ്മാന പ്രാര്‍ഥിയായി നടന്നിരുന്ന ഘട്ടത്തില്‍ സമാധാന കരാറുകളായിരുന്നു അദ്ദേഹത്തിന്റെ മുന്‍ഗണന. ഇറാനുമായി കരാറിലെത്താനാകുമെന്നും അതുവഴി പശ്ചിമേഷ്യയില്‍ ചൈന നടത്തുന്ന ഇടപെടല്‍ അവസാനിപ്പിക്കാനാകുമെന്നും ട്രംപ് കണക്കുകൂട്ടിയിരുന്നു. ഒമാനെയും ഈജിപ്തിനെയുമൊക്കെ മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ ട്രംപ് ഊര്‍ജിതമാക്കി. ആണവ വിഷയത്തില്‍ വലിയ വിട്ടുവീഴ്ചകള്‍ക്ക് ഇറാന്‍ സന്നദ്ധമാകുന്നതും ആഹ്ലാദപൂര്‍വം ലോകം കണ്ടു. എന്നാല്‍ ഒറ്റയടിക്ക് എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. ഇറാനെ ഏകപക്ഷീയമായി ആക്രമിക്കാനും പശ്ചിമേഷ്യയുടെ കരയും കടലും ആകാശവും യുദ്ധസന്നാഹത്തിന്റെ ബലിഷ്ഠതയില്‍ അമര്‍ത്താനും ഒരുമ്പെട്ടിറങ്ങുന്ന, രക്തദാഹിയായ ട്രംപിന്റെ ചിത്രമാണ് പിന്നെ തെളിഞ്ഞത്. ഈ അട്ടിമറിക്ക് പിന്നില്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ സയണിസ്റ്റ് വാര്‍ കാബിനറ്റുമായിരുന്നു. കരാറിലെത്തിയാല്‍ ഇറാൻ മേഖലയിലെ വലിയ സ്വാധീന ശക്തിയാകുമെന്നും അറബ് രാജ്യങ്ങളുമായി ശിയാ രാഷ്ട്രം മുമ്പൊരിക്കലുമില്ലാത്ത സൗഹൃദം സാധ്യമാക്കുമെന്നുമുള്ള ആഖ്യാനമാണ് നെതന്യാഹു നടത്തിയത്. സ്വാഭാവികമായും ട്രംപ് അത് കണക്കിലെടുത്തു. ട്രംപിന്റെ ആയുധ കച്ചവടത്വരയും യുദ്ധോത്സുതകതയും ഈ ചാടിപ്പുറപ്പെടലിലുണ്ടെങ്കിലും സയണിസ്റ്റ് ലോബീംഗാണ് യുദ്ധം യാഥാര്‍ഥ്യമാക്കിയത്. ഒടുവിലിപ്പോള്‍ വിജയത്തിന്റെ ഒരു സൂചനയെങ്കിലും സാധ്യമാക്കി ഇറാനില്‍ നിന്ന് രക്ഷപ്പെടാന്‍ നോക്കുന്ന ട്രംപിന്റെ ദയനീയ ചിത്രമാണ് കാണുന്നത്. ഈ ഘട്ടത്തിലും വെടിനിര്‍ത്തല്‍ കരാറിന് തുരങ്കം വെക്കുന്നത് ഇസ്‌റാഈലാണ്. ഹോര്‍മുസിലും ആക്രമണവിരാമത്തിലും നില്‍ക്കേണ്ട ചര്‍ച്ച ആണവ ചര്‍ച്ചയാക്കി മാറ്റി ഊരാക്കുടുക്കില്‍ അകപ്പെടുത്തുകയാണ് സയണിസ്റ്റ് ലോബി.
എന്താണ് ഇസ്‌റാഈലിന്റെ യഥാര്‍ഥ ലക്ഷ്യമെന്നതും ഇപ്പോള്‍ വ്യക്തമാണ്. അത് ഇറാനെ അസ്ഥിരമാക്കുക മാത്രമല്ല. ഗ്രേറ്റര്‍ ഇസ്‌റാഈല്‍ എന്ന ദീര്‍ഘകാല ലക്ഷ്യം തന്നെയാണ് അവരുടെ ഉള്ളിലിരിപ്പ്. ഹോര്‍മുസിലാണ് ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍. ഇറാനുമായി നീതിയുക്തമായ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകുമോയെന്നതാണ് ലോകത്തിന്റെ ആകാംക്ഷ. ഈ തക്കം നോക്കി ഗസ്സയിലും ലബനാനിലും അധിനിവേശം വ്യാപകമാക്കുകയാണ് ഇസ്‌റാഈല്‍. പടിപടിയായി ഗസ്സയും വെസ്റ്റ് ബാങ്കും കീഴടക്കുകയെന്ന ലക്ഷ്യത്തിലേക്ക് അതിവേഗം ചുവടുവെക്കുകയാണ് നെതന്യാഹു. അതിനായി മറ്റൊരു ആക്രമണ പദ്ധതിക്ക് അദ്ദേഹം കോപ്പുകൂട്ടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന രണ്ട് വസ്തുതകളെ മുന്‍നിര്‍ത്തി വിശകലന വിദഗ്ധരെല്ലാം മറ്റൊരു അധിനിവേശ പദ്ധതിയെക്കുറിച്ചാണ് മുന്നറിയിപ്പ് നല്‍കുന്നത്.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജ്യൂയിഷ് കൈയേറ്റ ഭവനസമുച്ചയത്തില്‍ നടത്തിയ പ്രസംഗത്തില്‍ നെതന്യാഹു പറഞ്ഞു: “ഗസ്സയിലെ സൈനിക നിയന്ത്രണം 70 ശതമാനത്തിലേക്ക് വര്‍ധിപ്പിക്കാന്‍ ഞാന്‍ ഇസ്‌റാഈല്‍ പ്രതിരോധ സേന (ഐ ഡി എഫ്)ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് എത്രയും വേഗം നടപ്പാക്കണം. പടിപടിയായി ഗസ്സ ഞങ്ങള്‍ പിടിക്കും. എന്നാല്‍ മാത്രമേ തീവ്രവാദത്തിന് അറുതിയാകൂ’. നെതന്യാഹുവിന്റെ ഈ വാക്കുകളിലെ അപകടം ചൂണ്ടിക്കാട്ടിയും ശക്തമായി അപലപിച്ചും ആദ്യം രംഗത്തു വന്നത്, യു എസ് കഴിഞ്ഞാല്‍ ഇസ്‌റാഈലിന്റെ ഏറ്റവും അടുത്ത കൂട്ടാളിയായ ജര്‍മനിയാണ്. ജൂത രാഷ്ട്രത്തിന്റെ ആയുധ പങ്കാളിയായ ജര്‍മനിക്കറിയാമല്ലോ നെതന്യാഹുവിന്റെ ഉള്ളിലിരിപ്പ്.
രണ്ട് വര്‍ഷത്തെ തുടര്‍ച്ചയായ ബോംബാക്രമണങ്ങള്‍ക്കും കര ആക്രമണങ്ങള്‍ക്കും ശേഷം, കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിയില്‍ ഒപ്പുവെച്ചതോടെ ഗസ്സയുടെ ദുരിതത്തിന് ഒരു പരിധി വരെ അറുതിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. ഇസ്‌റാഈല്‍ സൈന്യം “യെല്ലോ ലൈന്‍’ എന്ന് വിളിക്കപ്പെടുന്ന മേഖലയില്‍ നിന്ന് അടിയന്തരമായി പിന്‍വാങ്ങണമെന്നും പ്രദേശത്തിന്റെ 58 ശതമാനത്തിലേക്ക് ഐ ഡി എഫ് നിയന്ത്രണം പരമിതിപ്പെടുത്തണമെന്നുമായിരുന്നു ആ കരാറിലെ പ്രധാന വ്യവസ്ഥ. പൂര്‍ണ പിന്‍വാങ്ങലിന് തീയതി നിശ്ചയിക്കുകയും വേണം. ആ പിന്‍വലിക്കല്‍ നടന്നില്ലെന്ന് മാത്രമല്ല അതിനുശേഷമുള്ള മാസങ്ങളില്‍, (“വെടിനിര്‍ത്തല്‍’ കാലമെന്നാണ് വെപ്പ്) ഗസ്സയില്‍ ദിനം പ്രതി ആക്രമണം നടന്നു. 922 പേരെ കൊന്നു. ഇസ്‌റാഈല്‍ നിയന്ത്രിത പ്രദേശം ഏകദേശം 11 ശതമാനം വികസിപ്പിച്ചു. ഒക്ടോബര്‍ മുതല്‍, സഹായങ്ങളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും വിതരണം നിയന്ത്രിക്കുന്നതിലൂടെ ഗസ്സയിലെ മാനുഷിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി. ഇപ്പോഴിതാ 70 ശതമാനം പ്രദേശത്തേക്ക് സൈനിക വരിയല്‍ വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു നെതന്യാഹു.
വെടിനിര്‍ത്തല്‍ കരാറിന് മാധ്യസ്ഥ്യം വഹിച്ച യു എസിന് ഈ ആക്രോശം പ്രശ്‌നമല്ല. 2024ലെ ജഡ്ജ്‌മെന്റില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി പറയുന്നത് “ബലപ്രയോഗത്തിലൂടെ പ്രദേശം കീഴടക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്’ എന്നാണ്. എന്നിട്ടും യു എന്നില്‍ നിന്ന് ഒരു സ്വരവും കേള്‍ക്കുന്നില്ല. വെടിനിര്‍ത്തല്‍ കാലത്ത് അധിനിവേശം വ്യാപിപ്പിക്കുന്നതില്‍ യൂറോപ്യന്‍ യൂനിയനുമില്ല പ്രതിഷേധം. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ ഇസ്‌റാഈലിനൊപ്പം നിലയുറപ്പിച്ച് ഫലസ്തീനോട് ഐക്യപ്പെടുകയെന്ന വൈരുധ്യം ആവര്‍ത്തിക്കുകയാണ്.
യു എന്നിന്റെ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് ഉള്‍പ്പെടെ നിരവധി ഏജന്‍സികള്‍ ഗസ്സയിലെ ശേഷിക്കുന്ന ജനതക്ക് നിരന്തരം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഒരു സ്ഥലത്ത് എങ്ങനെ അതിജീവിക്കാന്‍ കഴിയുമെന്ന് ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്‌സ് നല്‍കുന്ന മറുപടിയാണ് ഭീകരം: “അതില്‍ ആരും ആശങ്കപ്പെടേണ്ടതില്ല. ഗസ്സയില്‍ നിന്ന് സ്വമേധയാ ഒഴിഞ്ഞുപോകാനുള്ള പദ്ധതി (വോളണ്ടറി ഇമിഗ്രേഷന്‍) തയ്യാറാക്കും. ആര്‍ക്കും ഒഴിഞ്ഞുപോകാം’ സ്വന്തം മണ്ണില്‍ നിന്ന് ഒരു ജനതയെ ആട്ടിയോടിക്കുന്നതിന്റെ ഓമനപ്പേരാണ് വോളണ്ടറി ഇമിഗ്രേഷന്‍. ജൂത രാഷ്ട്രത്തിന്റെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗിവിര്‍, ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് എന്നിവരുള്‍പ്പെടെ നിരവധി പേര്‍ ഈ പ്രയോഗം ആവര്‍ത്തിക്കുന്നുണ്ട്. വോളണ്ടറി ഇമിഗ്രേഷന്‍ ബ്യൂറോ സ്ഥാപിച്ചിട്ടുമുണ്ട് ഇസ്‌റാഈല്‍. വംശീയ ഉന്‍മൂലന പദ്ധതിയുടെ താക്കോല്‍ വാക്യമല്ലാതെ മറ്റെന്താ
ണിത്?
ഗസ്സയിലെ അധിനിവേശ പദ്ധതിക്ക് സമാന്തരമായി അതിനേക്കാള്‍ വേഗത്തില്‍ വെസ്റ്റ് ബാങ്കിലും ഭൂമിക്കൊള്ള തുടരുകയാണ് നെതന്യാഹു സംഘം. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ സ്വത്തുടമസ്ഥത ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യാനുള്ള പദ്ധതി ഈ അധിനിവേശ നീക്കത്തിലെ ഏറ്റവും പുതിയ ഇനമാണ്. ഡിജിറ്റലൈസ് ചെയ്യാനെന്ന വ്യാജേന ഫലസ്തീനികളുടെ ഉടമസ്ഥത കവരാനുള്ള തന്ത്രമാണിത്. ഫലസ്തീന്‍ ലാന്‍ഡ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: “അപകടകരമായ കൊളോണിയല്‍ അധിനിവേശ നടപടിയാണിത്. ഫലസ്തീന്‍ ജനതയുടെ ഭൂമിക്കും സ്വത്തിനും മേലുള്ള നിയമപരമായ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണിത്’ ഏതെങ്കിലും ഇസ്‌റാഈലി സ്ഥാപനങ്ങള്‍, കമ്മിറ്റികള്‍, പ്ലാറ്റ്ഫോമുകള്‍ എന്നിവയുമായി സഹകരിക്കരുതെന്ന് ഫലസ്തീന്‍ ജറൂസലം ഗവര്‍ണറേറ്റും കോളനിവത്കരണ പ്രതിരോധ കമ്മീഷനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഗസ്സയിലെ വംശഹത്യാ ആക്രമണം തുടങ്ങിയ ശേഷം വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ നടത്തിയ “നിയമപര’മായ കരുനീക്കങ്ങള്‍ നോക്കിയാല്‍ അധിനിവേശ പദ്ധതിയുടെ വ്യാപ്തി മനസ്സിലാകും. 2025 മേയില്‍ വെസ്റ്റ് ബാങ്കിലുടനീളം പുതിയ ഭൂമി നിര്‍ണയ ഡ്രൈവ് പ്രഖ്യാപിച്ചു. ഇസ്‌റാഈല്‍ കൈയടക്കിയ ഭൂമി പൂര്‍ണമായി രജിസ്റ്റര്‍ ചെയ്ത് അധിനിവേശ പ്രദേശങ്ങളുടെ നിയമപരവും ഭരണപരവുമായ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. ജൂലൈയില്‍, അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ബില്ല് ഇസ്‌റാഈല്‍ പാര്‍ലിമെന്റ് അംഗീകരിച്ചു. ഈ വര്‍ഷം ഫെബ്രുവരി 15ന്, ഇസ്‌റാഈല്‍ പൂര്‍ണ നിയന്ത്രണം ചെലുത്തുന്ന വെസ്റ്റ് ബാങ്കിന്റെ ഭാഗമായ, ഏരിയ സിയുടെ ഏകദേശം 58 ശതമാനവും രജിസ്റ്റര്‍ ചെയ്തു. ഇപ്പോഴിതാ ഡിജിറ്റലൈസേഷന്‍ പ്രക്രിയയും. ഇതിനിടയില്‍ സൈന്യത്തിന്റെ അകമ്പടിയോടെ ജൂത കൈയേറ്റക്കാര്‍ ഇരച്ചെത്തുന്നത് പതിവായിരിക്കുകയാണ്. 2022ല്‍ ഇത്തരത്തില്‍ 822 ഏറ്റുമുട്ടലുകളാണ് റിപോര്‍ട്ട് ചെയ്തതെങ്കില്‍ 2025ല്‍ അത് 1,828 ആണ്.
ലോകം ഹോര്‍മുസില്‍ മുങ്ങിത്താഴുമ്പോള്‍, ഇറാന് ചുറ്റും കറങ്ങുമ്പോള്‍, പാകിസ്താനിലേക്ക് നയതന്ത്ര യാത്രകള്‍ നടത്തുമ്പോള്‍ സയണിസ്റ്റ് രാഷ്ട്രം അതിന്റെ ജനിതകഗുണം കാണിച്ചുകൊണ്ടേയിരിക്കുകയാണ്. ഭീകരതയില്‍ പിറവിയെടുത്ത് ഭീകരതയിലൂടെ പടരുകയാണ് അക്രമി രാഷ്ട്രം.







