Source :- SIRAJLIVE NEWS
വാഷിങ്ടണ്‍ | ഇറാഖ് ദേശീയ ഫുട്ബോള്‍ ടീമിലെ മിന്നും താരം അയ്മന്‍ ഹുസൈനെ യുഎസിലെ ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്ത സംഭവം വിവാദമാകുന്നു. ലോകകപ്പ് തുടങ്ങിനിരിക്കെ തന്റെ ടീമിനൊപ്പം യുഎസിലെത്തിയ താരത്തെ ഏഴ് മണിക്കൂറിലേറെ നേരം വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചെന്ന് രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 12ന് തുടങ്ങുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളില്‍കാനഡക്കും മെക്സിക്കോക്കുമൊപ്പം യുഎസും വേദിയാണ്.
ടീമിനൊപ്പം എത്തിയ സ്‌ട്രൈക്കര്‍ അയ്മന്‍ ഹുസൈനെ അധികൃതര്‍ പ്രത്യേക പരിശോധനയ്ക്കായി മാറ്റി നിര്‍ത്തുകയും ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യുകയും ചെയ്തെന്നാണ് ഇറാഖ് ഒളിമ്പിക് കമ്മിറ്റി വൃത്തങ്ങള്‍ പറയുന്നത്. ഈ സമയത്ത് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും പരിശോധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് പുറത്തേക്ക് പോകാന്‍ അനുവദിച്ചു. ഇറാഖ് ദേശീയ ടീമിന്റെ ഫോട്ടോഗ്രാഫറായ തലാല്‍ സലാഹിനെയും അധികൃതര്‍ തടഞ്ഞുവച്ചു. പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്യലിന് ശേഷം തലാഹിന് യുഎസിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഇറാഖ് ദേശീയ ടീമിന് ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ നിര്‍ണായക ഗോള്‍ നേടിയ താരമാണ് അയ്മന്‍ ഹുസൈന്‍. 1986ന് ശേഷം ആദ്യമായാണ് ഇറാഖ് ലോകകപ്പിന് യോഗ്യത നേടുന്നത്.







