Source :- SIRAJLIVE NEWS
തിരുവനന്തപുരം | സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ പ്രതികരണവുമായി മുസ്‍ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി. വന്ദേമാതരം പൂര്‍ണമായും ചൊല്ലേണ്ടതില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇന്ത്യ മുന്നണിയുടെ നിലപാട് തന്നെയാണ് സംസ്ഥാനത്തും ആവര്‍ത്തിക്കുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി ചീഫ് സെക്രട്ടറി ഇന്ന് ഉത്തരവിറക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം പരിപാടികളില്‍ വന്ദേമാതരം ആലപിക്കണമെന്നും അത് പൂര്‍ണമായും ആലപിക്കണമെന്നുമാണ് ഉത്തരവിലുള്ളത്. നേരത്തെ വന്ദേമാതരം പൂര്‍ണമായും ആലപിക്കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
നേരത്തെ നിയമസഭയില്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സ്പീക്കറെ രേഖാമൂലം പ്രതിഷേധം അറിയിച്ചിരുന്നു. വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടിയിരുന്നുവെന്നും എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നതെന്നും ഗവര്‍ണര്‍ സ്പീക്കറോട് ചോദിച്ചിരുന്നു. സഭയില്‍ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികള്‍ മാത്രമാണ് ആലപിച്ചത്.
അതേസമയം, വന്ദേമാതരം പൂര്‍ണമായി ആലപിക്കാനാകില്ലെന്നും യുഡിഎഫിന്റെ നയത്തിന് വിരുദ്ധമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുഡിഎഫിന് വ്യക്തമായ രാഷ്ട്രീയ നയമുണ്ടെന്നും അതനുസരിച്ചായിരിക്കും സര്‍ക്കാര്‍ മുന്നോട്ടുപോകുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights:
IUML leader PK Kunhalikutty stated that singing the full Vande Mataram is unnecessary following the government order for Independence Day. He affirmed that the state aligns with the INDIA alliance stance and will discuss the Chief Secretary order with the Chief Minister.




