Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | രാജ്യത്ത് വാഹനങ്ങളുടെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി നിബന്ധനകളില്‍ കേന്ദ്ര ഉപരിതല ഗതാഗതഹൈവേ മന്ത്രാലയം മാറ്റങ്ങള്‍ വരുത്തി. 1989ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് വാഹനത്തിന്റെ പഴക്കവും എമിഷന്‍ നിലവാരവും അടിസ്ഥാനമാക്കി പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നത്. പുതിയ ബി എസ് 6 വാഹനങ്ങളെയും വര്‍ഷങ്ങള്‍ പഴക്കമുള്ള വാഹനങ്ങളെയും ഒരേ രീതിയില്‍ പരിഗണിക്കുന്ന രീതി ഇതോടെ അവസാനിക്കും.
പുതിയ വാഹന ഉടമകള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് പുതിയ വ്യവസ്ഥകള്‍. രജിസ്ട്രേഷന് തീയതി മുതല്‍ ആറ് വര്‍ഷം വരെ പഴക്കമുള്ള സ്വകാര്യ ബി എസ് 6 വാഹനങ്ങള്‍ക്ക് ഇനി മുതല്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം പുകപരിശോധന നടത്തിയാല്‍ മതിയാകും. ആറ് മുതല്‍ പത്ത് വര്‍ഷം വരെ പഴക്കമുള്ള ബി എസ് 6 വാഹനങ്ങള്‍ക്ക് പ്രതിവര്‍ഷ പരിശോധന ബാധകമായിരിക്കും. പത്ത് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ബി എസ് 6 വാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് കാലാവധി ആറ് മാസമായി ചുരുങ്ങും.
പഴയ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. ബി എസ് 4 വാഹനങ്ങള്‍. നിലവില്‍ 12 മാസമായിരുന്ന സര്‍ട്ടിഫിക്കറ്റ് കാലാവധി ആറ് മാസമായി കുറച്ചു. ബി എസ് 1, ബി എസ് 2, ബി എസ് 3 വാഹനങ്ങള്‍. മുമ്പ് ആറ് മാസമായിരുന്ന കാലാവധി ഇനി മൂന്ന് മാസമായിരിക്കും. ഡല്‍ഹി-എന്‍ സി ആര് പോലുള്ള ചില പ്രദേശങ്ങളില്‍ ഇത്തരം ചുരുങ്ങിയ കാലാവധി നിലവിലുണ്ടായിരുന്നെങ്കിലും, പുതിയ ഉത്തരവിലൂടെ ഇത് രാജ്യവ്യാപകമായി ഒരേ രീതിയില്‍ നടപ്പിലാക്കുകയാണ്.
നിലവില്‍ കൈവശമുള്ള പുകപരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലാവധി പൂര്‍ത്തിയാകുന്നതുവരെ പ്രാബല്യമുണ്ടായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് പുതുക്കുന്ന സമയത്ത് മാത്രമാണ് പുതിയ കാലാവധി ബാധകമാകുന്നത്. നിലവിലെ സര്‍ട്ടിഫിക്കറ്റ് കാലാവധി തീരുന്നതിന് പത്ത് ദിവസം മുമ്പ് പുതുക്കുകയാണെങ്കില്‍, പഴയ കാലാവധി അവസാനിക്കുന്ന തീയതി മുതല്‍ തന്നെ പുതിയ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കണക്കാക്കപ്പെടും. എന്നാല്‍ കാലാവധി കഴിഞ്ഞ ശേഷമാണ് പുതുക്കുന്നതെങ്കില്‍, പുതുക്കുന്ന ദിവസം മുതലായിരിക്കും പുതിയ കാലാവധി പ്രാബല്യത്തില്‍ വരിക.
Content Highlights: The Road Transport Ministry amended Central Motor Vehicles Rules to tie PUC validity to vehicle age and emission norms. Private BS6 vehicles up to six years old get a three-year validity, while older BS6, BS4, and BS1 to BS3 vehicles face shorter intervals. Existing certificates remain valid until expiry.




