Source :- SIRAJLIVE NEWS
കോഴിക്കോട് | ഒരാഴ്ച മുമ്പ് സാറ വിളിച്ചിരുന്നു. ഇഞ്ചോടിഞ്ച് മത്സരമാണെന്നാണ് പറഞ്ഞത്. അവളുടെ വാക്കുകളില്‍ ഒട്ടും പ്രതീക്ഷയില്ലായിരുന്നു – ഡോ. അബ്ദുര്‍റഹ്മാന്‍ മുഹമ്മദ് സയിദ് യു എസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ അതിരറ്റ ആഹ്ലാദത്തിലാണ് കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ മജീദ് ജുകാകുവിന്റെ കുടുംബം. മുഹമ്മദ് സയിദിന്റെ ഭാര്യ ഡോ. സാറ ജുകാകുവിന്റെ പിതാവ് ഡോ. ത്വയ്യിബിന്റെ ഇളയ സഹോദരനാണ് മജീദ്.
ബെംഗളൂരു മെഡി. കോളജില്‍ നിന്ന് എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് കര്‍ണാടക ഭട്കല് സ്വദേശിയായ ഡോ. ത്വയ്യിബ് അമേരിക്കയിലേക്ക് ജോലിയാവശ്യാര്‍ഥം പോയത്. പിന്നീട് യു എസ് പൗരനായി. സാറയടക്കമുള്ള മക്കള്‍ ജനിച്ചതും പഠിച്ചതും വിവാഹിതരായതുമെല്ലാം അമേരിക്കയില്‍.
മജീദ് ബിസിനസ്സ് ആവശ്യാര്‍ഥം 42 വര്‍ഷം മുമ്പ് കോഴിക്കോട്ടേക്ക് കുടിയേറി. സാറ ജുകാകു ഇടക്കിടെ ഇന്ത്യയില്‍ വരാറുണ്ട്. പിതാവ് ത്വയ്യിബ് കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടെത്തുകയും തന്റെ കൂടെ മര്‍കസ് നോളജ് സിറ്റിയിലും മറ്റും സന്ദര്‍ശനം നടത്തുകയും ചെയ്തതായി സഹോദരന് മജീദ് ജുകാകു പറഞ്ഞു.
യു എസ് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഡോ.സയിദ് ഈജിപ്ഷ്യന്‍ വംശജനാണ്. പൊതുപ്രവര്‍ത്തനരംഗത്ത് അതീവ തത്പരനായ അദ്ദേഹം ആറ് വര്‍ഷത്തോളമായി രാഷ്ട്രീയ രംഗത്ത് സജീവമാണ്. സയിദിനെക്കുറിച്ച് കുടിയേറ്റക്കാരനെന്നും തീവ്രവാദിയെന്നുമുള്ള പ്രചാരണം വ്യാപകമായിരുന്നു.
ഇത്തരം പ്രചാരണങ്ങളെ അതിജീവിച്ച് മുസ്ലിം ജനസംഖ്യ വളരെ കുറവായ മിഷഗനില്‍ നിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെടാനുള്ള പ്രധാന കാരണം പൊതുരംഗത്തുള്ള അദ്ദേഹത്തിന്റെ മികവും ട്രംപിന്റെ നിലപാടിനോടുള്ള എതിര്‍പ്പുമാണെന്ന് മജീദ് അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മുസ്ലിം സെനറ്റംഗമാണ് ഡോ. സയിദ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡോ. സയിദ് ഇന്‍ശാഅല്ലാഹ് (അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കില്‍) എന്ന പദം വ്യാപകമായി ഉപയോഗിച്ചത് വിമര്‍ശിക്കപ്പെട്ടിരുന്നു.
എന്നാല്‍, വിമര്‍ശങ്ങള്‍ക്ക് മറുപടി പറയാതിരുന്ന സയിദ് ഇനി ഈ വാചകം അല്‍ഹംദുലില്ലാഹ്(അല്ലാഹുവിന് സ്തുതി) എന്ന് മാറ്റം വരുത്തുന്നതായി വിജയാഘോഷത്തോടനുബന്ധിച്ച പൊതുവേദിയില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Content Highlights: The family of Sara Jukaku in Kozhikode is celebrating the historic US Senate victory of her husband, Dr. Abdurrahman Muhammed Sayeed. Elected from Michigan, Dr. Sayeed is the first Muslim US Senator. Despite facing negative campaigns, he won by gaining public support against opposing stances.




