Home rss national malayalam പുതിയ വാർത്ത വിജിലന്‍സ് വിവരങ്ങള്‍ക്ക് ഇരുമ്പുമറ!

വിജിലന്‍സ് വിവരങ്ങള്‍ക്ക് ഇരുമ്പുമറ!

2
0

Source :- SIRAJLIVE NEWS

ദുരൂഹമാണ് വിജിലന്‍സിലെ ടി 1, ടി 2 വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ക്കെതിരെയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നവരാണ് വിജിലന്‍സിലെ ടി 1, ടി 2 വിഭാഗങ്ങള്‍. മുഖ്യമന്ത്രി വി ഡി സതീശനെതിരായ വിജിലന്‍സ് റിപോര്‍ട്ട് വിവരാവകാശ നിയമം വഴി പുറത്തുവന്നതിനു പിന്നാലെയാണ് ഈ നടപടിയെന്നത് ശ്രദ്ധേയമാണ്.

വിജിലന്‍സിലെ അതീവ രഹസ്യ സ്വഭാവമുള്ള കേസുകളും രേഖകളും എക്‌സിക്യൂട്ടീവ്, ലീഗല്‍ ഉദ്യോഗസ്ഥരുടെ വാര്‍ഷിക റിപോര്‍ട്ടുകളും ഉയര്‍ന്ന സുരക്ഷാപ്രാധാന്യമുള്ള ഫയലുകളും കൈകാര്യം ചെയ്യുകയും സൂക്ഷിക്കുകയുമാണ് ടി 1 വിഭാഗത്തിന്റെ ചുമതല. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പ്രതിവാര ഡയറികളുടെ കൈകാര്യകര്‍തൃത്വവും നിര്‍ണായക വിവരങ്ങളുടെ ഉറവിടം സംബന്ധിച്ച ഫയലുകളുടെ ഉത്തരവാദിത്വവുമാണ് ടി2 വിഭാഗം വഹിക്കുന്നത്. വിവരാവകാശ പരിധിയില്‍ നിന്ന് പുറത്തു നിര്‍ത്തിയതോടെ ഈ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന കേസുകളുടെ വിവരങ്ങള്‍ പൊതുജനത്തിന് മുമ്പില്‍ കൊട്ടിയടക്കപ്പെടും. വിജിലന്‍സിന്റെ മുമ്പിലെത്തുന്ന ഫയലുകളില്‍ ഏതെല്ലാം ടി വിഭാഗത്തിലേക്ക് മാറ്റണമെന്ന് തീരുമാനിക്കുന്നത് വിജിലന്‍സ് ഡയറക്ടറാണ്. ഇത് നിയമത്തിലെ ഒരു പഴുതാണ്. ഡയറക്ടറില്‍ സര്‍ക്കാറിനുള്ള സ്വാധീനം ഉപയോഗപ്പെടുത്തി മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ ഉയരുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ ടി സെക്്ഷനുകളിലേക്ക് മാറ്റാനാകും. അതോടെ ഇത്തരം ഫയലുകള്‍ ഇരുമ്പ് മറക്കുള്ളിലാകും.
കേവലം സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനമല്ല വിവരാവകാശ നിയമം. ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ പൊതുസമൂഹത്തിന് ജനാധിപത്യപരമായ രീതിയില്‍ നിരീക്ഷിക്കാനും ഭരണത്തിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനും കൂടിയാണ് 2005ല്‍ ഈ സംവിധാനം നടപ്പാക്കിയത്. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഏതൊക്കെ സംവിധാനങ്ങളിലും അഴിമതികളോ ക്രമക്കേടുകളോ നടക്കുന്നുണ്ടോ എന്നാരായാന്‍ ജനങ്ങള്‍ക്ക് അവകാശവുമുണ്ട്. ഈ അവകാശം നിലനില്‍ക്കുമ്പോഴാണ് ജനാധിപത്യം അര്‍ഥവത്താകുന്നത്. ജനങ്ങളുടെ ജാഗ്രതയാണ് ജനാധിപത്യത്തിന്റെ കാവലാള്‍. അത് എടുത്തുകളയുന്നത് ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് കടകവിരുദ്ധമാണ്. നീതീകരിക്കാനാകാത്തതാണ് സുതാര്യവും അഴിമതിരഹിതവുമായ ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സര്‍ക്കാറില്‍ നിന്നുള്ള ഇത്തരമൊരു നടപടി.

ജനാധിപത്യത്തില്‍ അഴിമതിയുടെയും നിയമനടപടികളുടെയും കാര്യത്തില്‍ സാധാരണക്കാരും രാഷ്ട്രീയ നേതാക്കളും തുല്യരാണ്. ഭരണഘടനാ ഉപച്ഛേദം 14 ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പ്രസംഗങ്ങളിലും പ്രഖ്യാപനങ്ങളിലും ഒതുങ്ങേണ്ടതല്ല ഈ ഭരണഘടനാ തത്ത്വം. ഭരണ നിര്‍വഹണത്തിലും അന്വേഷണ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും അത് പ്രതിഫലിക്കണം. മന്ത്രിമാരോ രാഷ്ട്രീയനേതാക്കളോ അഴിമതിയാരോപണങ്ങളുടെ നിഴലിലാകുമ്പോള്‍ സാധാരണ പൗരന്മാര്‍ക്ക് ബാധകമാകുന്ന നിയമപരമായ അന്വേഷണവും നടപടികളും അവര്‍ക്കും ബാധകമാകണം. അധികാരവും രാഷ്ട്രീയ സ്വാധീനവും കേസന്വേഷണങ്ങളെ ബാധിക്കുന്നുവെന്ന സന്ദേഹത്തിനിടയാക്കുന്ന നടപടികള്‍ നിയമവാഴ്ചയിലുള്ള ജനങ്ങളുടെ വിശ്വാസം ദുര്‍ബലപ്പെടുത്തും. ആര്‍ട്ടിക്കിള്‍ 14 ഉറപ്പ് നല്‍കുന്ന തുല്യതയുടെ അന്തസ്സത്ത, നിയമത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒരു പോലെയാണെന്ന സന്ദേശം നല്‍കുന്നതിനൊപ്പം അധികാരത്തിലിരിക്കുന്നവരും നിയമനടപടികള്‍ക്ക് വിധേയരായിരിക്കണമെന്ന തത്ത്വം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. രാഷ്ട്രീയ സ്വാധീനമില്ലാത്ത അന്വേഷണം, കേസന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കല്‍ എന്നിവ ഉറപ്പാക്കുന്നതിലൂടെ മാത്രമേ ഭരണഘടനയിലെ തുല്യതയുടെ തത്ത്വം യാഥാര്‍ഥ്യമാവുകയുള്ളൂ.

ജനപ്രതിനിധികളെയും ഉദ്യോഗസ്ഥ പ്രമുഖരെയും നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കുന്നത് ഭരണാധികാരികളുടെ ഏകാധിപത്യ പ്രവണതക്ക് വഴിയൊരുക്കലാണ്. സുതാര്യതയും ജനകീയ സമീപനവും ഉറപ്പ് വരുത്തേണ്ട ഭരണസംവിധാനത്തില്‍ ഇത്തരം കരിമ്പടങ്ങള്‍ വീഴ്ത്തുന്നത് ജനാധിപത്യ വ്യവസ്ഥിതിയുടെ വിശ്വാസ്യതയെ ഇല്ലാതാക്കും. അഴിമതി അന്വേഷിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അനിവാര്യമായ ഘട്ടങ്ങളിലല്ലാതെ സര്‍ക്കാര്‍ ഇടപെടരുത്. അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും തേടാനുള്ള പൊതുസമൂഹത്തിന്റെ അവകാശങ്ങൾ അനാവശ്യമായി പരിമിതപ്പെടുത്തുകയുമരുത്. സുതാര്യതയില്ലാത്ത അധികാര പ്രയോഗം അഴിമതിക്ക് വളക്കൂറുള്ള മണ്ണൊരുക്കും.

2005ല്‍ വിവരാവകാശ നിയമം നിലവില്‍ വന്നപ്പോള്‍ വിജിലന്‍സിലെ ടി വിഭാഗങ്ങളെ അതിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയിരുന്നു. പിന്നീട് 2022 ലാണ് അവയെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. 22ന് മുമ്പുള്ള നില പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നാണ് പുതിയ വിജ്ഞാപനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ തുടക്കത്തില്‍ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയ വിജിലന്‍സിനെ പിന്നീട് അതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുണ്ടായ സാഹചര്യത്തിനു നേരെ കണ്ണടക്കുകയാണ് സര്‍ക്കാര്‍. അഴിമതിക്കേസ് അന്വേഷണങ്ങള്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി മൂടിവെക്കപ്പെടുന്ന സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് ജനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും വിവരാവകാശ പ്രവര്‍ത്തകരില്‍ നിന്നും കടുത്ത വിമര്‍ശം ഉയര്‍ന്നപ്പോഴാണ് 22ല്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. അന്നത് ജനാധിപത്യത്തിന്റെ വിജയമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. 2022ല്‍ വിജിലന്‍സ് ടി വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനിടയായ സാഹചര്യം ഇന്നും പൂര്‍വോപരി ശക്തമായി നിലനില്‍ക്കുന്നുണ്ട്. അഴിമതി രഹിത കേരളമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാനും അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസ്യത നിലനിര്‍ത്താനും ഇതാവശ്യമാണ്.