Source :- SIRAJLIVE NEWS
റാഞ്ചി | രൂക്ഷമായ വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങള്‍ രാജിവച്ചു. അജിത ഭട്ടാചാര്യ, അനിമ ഹന്‍സ്ഡ, ജമാല്‍ അഹമ്മദ് എന്നിവരുടെ രാജി ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാംഗ്വാര്‍യ സ്വീകരിച്ചു.
പരീക്ഷാ ക്രമക്കേടുകളില്‍ സി ബി ഐ അന്വേഷണം വേണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇതോടെ നാളെ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രതിഷേധക്കാരായ വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സി ജെ പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയും രംഗത്തുണ്ട്.
വിദ്യാര്‍ഥികളുമായി സര്‍ക്കാര്‍ നടത്തിയ മൂന്നാംഘട്ട ചര്‍ച്ച പരാജയപ്പെട്ടെങ്കിലും പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട സി ഐ ഡി അന്വേഷണം 90 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു. പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി സുവിദ്യ കുമാറും പ്രതികരിച്ചു. കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കും. പ്രതികള്‍ക്കെതിരെ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും. പരീക്ഷകളുടെ നടത്തിപ്പില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്നും സുവിദ്യ കുമാര്‍ പറഞ്ഞു.
ഹൈക്കോടതിയുടെയും സുപ്രിംകോടതിയുടെയും നിര്‍ദേശപ്രകാരമാണ് പരീക്ഷ നടത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജാര്‍ഖണ്ഡ് പി എസ് സി പരീക്ഷകളില്‍ അഴിമതി ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നത്. 14-ാമത് ജെ പി എസ് സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഉള്‍പ്പെടെയുള്ള വിവിധ മത്സരപരീക്ഷകളില്‍ വലിയ ക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്. ക്രമക്കേട് ആരോപിക്കപ്പെട്ട പരീക്ഷകള്‍ റദ്ദാക്കണമെന്നും പരീക്ഷാ നടത്തിപ്പില്‍ സുതാര്യത ഉറപ്പുവരുത്തണമെന്നുമാണ് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.
Content Highlights:
JPSC members resigned following intense student protests over exam irregularities. Governor Santosh Kumar Gangwar accepted their resignations. While the government rejected a CBI probe, CM Hemant Soren promised a 90-day CID inquiry led by a retired judge and fast-track courts to protect students.




