Source :- SIRAJLIVE NEWS

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയും അഭിഷേക് ബാനര്‍ജിയുമില്ലാത്ത പുതിയ തൃണമൂല്‍ കോണ്‍ഗ്രസ്സ് രൂപവത്കരണത്തിനായുള്ള നീക്കങ്ങള്‍ നടക്കുന്നതായി റിപോര്‍ട്ട്. പാര്‍ട്ടിയിലെ ഒപ്പ് വിവാദത്തില്‍ വിവരങ്ങള്‍ പുറത്തുവിട്ട ഋതബ്രത ബാനര്‍ജി, സന്ദീപന്‍ സാഹ എന്നീ എം എല്‍ എമാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ബംഗാളില്‍ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമായത്.

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പാര്‍ട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമാക്കിയത്. പാര്‍ട്ടി മമതാ ബാനര്‍ജിയുടെ വിശ്വസ്തനായ ശോഭന്‍ദേബ് ഛതോപാധ്യായയെ പ്രതിപക്ഷ നേതാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ, വിമത നേതാവ് ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവാക്കാന്‍ ഒരു വിഭാഗം തൃണമൂല്‍ എം എല്‍ എമാര്‍ രംഗത്തെത്തുകയായിരുന്നു.

മഹാരാഷ്ട്രയില്‍ ശിവസേനയിലുണ്ടായതിന് സമാനമായ വലിയൊരു പിളര്‍പ്പ് തൃണമൂലിലും ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്. തൃണമൂലിന്റെ 50ഓളം എം എല്‍ എമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് സൂചന. ചില എം പിമാരും വിമതരുമായി ചര്‍ച്ചയിലാണെന്ന് റിപോര്‍ട്ടുണ്ട്. മമതയുടെ വസതിയില്‍ വിളിച്ചുചേര്‍ത്ത സുപ്രധാന യോഗത്തില്‍ ഭൂരിഭാഗം എം എല്‍ എമാരും വിട്ടുനിന്നത് ഈ അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കുന്നു.
ആകെയുള്ള 80 തൃണമൂല്‍ എം എല്‍ എമാരില്‍ 50 എം എല്‍ എമാര്‍ വിമത പക്ഷത്താണ്. തങ്ങളാണ് യഥാര്‍ഥ തൃണമൂല്‍ എന്ന് കാണിച്ച് ഇവര്‍ നിയമസഭാ സ്പീക്കറെ സമീപിക്കുമെന്ന് പാർട്ടിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട നേതാവ് റിജു ദത്ത പറഞ്ഞു. മൂന്നില്‍ രണ്ട് ഭാഗമായ എം എല്‍ എമാരുടെ പിന്തുണയുള്ളതിനാല്‍ തങ്ങളുടെ സ്ഥാനാർഥിയാകും നിയമസഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഭീഷണിപ്പെടുത്തിയും പണം വാഗ്ദാനം ചെയ്തും തൃണമൂല്‍ ജനപ്രതിനിധികളെ സ്വാധീനിക്കാന്‍ ബി ജെ പി ശ്രമിക്കുകയാണെന്ന് മമതാ ബാനർജി ആരോപിച്ചു. പോലീസിനെ ദുരുപയോഗം ചെയ്ത് തന്റെ പാര്‍ട്ടിയിലെ ചില നേതാക്കളെ വഞ്ചകരാക്കാനാണ് ശ്രമിക്കുന്നതെന്നും മമത പറഞ്ഞു. യോഗത്തില്‍ പങ്കെടുത്താല്‍ ആയുധ നിയമപ്രകാരം അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി നാല് എം എല്‍ എമാര്‍ തന്നോട് പരാതിപ്പെട്ടതായി മമത ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തി. സംസ്ഥാനത്ത് ജനാധിപത്യം തകര്‍ന്നതായും അവര്‍ ആരോപിച്ചു.
കഴിഞ്ഞ ശനിയാഴ്ച കാളിഘട്ടില്‍ നടന്ന യോഗത്തില്‍ ആകെയുള്ള 80 തൃണമൂല്‍ എം എല്‍ എമാരില്‍ 60 പേരും പങ്കെടുത്തിരുന്നില്ല. ഈ സമയത്ത് വിമത എം എല്‍ എമാര്‍ രതിന്‍ ഘോഷിന്റെ വസതിയിലും തെക്കന്‍ കൊല്‍ക്കത്തയിലെ ഒരു ഹോട്ടലിലും സമാന്തര യോഗങ്ങള്‍ ചേര്‍ന്നതായാണ് വിവരം. എന്നാല്‍, തനിക്ക് സുഖമില്ലാത്തതിനാലാണ് യോഗത്തിന് പോകാതിരുന്നതെന്നാണ് രതിന്‍ ഘോഷ് നല്‍കിയ വിശദീകരണം.