Home rss national malayalam പുതിയ വാർത്ത വിവാദങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ: കേരള മുസ്‌ലിം ജമാഅത്ത്

വിവാദങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ: കേരള മുസ്‌ലിം ജമാഅത്ത്

2
0

Source :- SIRAJLIVE NEWS

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സ്ത്രീകളുടെ പൊതുരംഗപ്രവേശവുമായി ബന്ധപ്പെട്ട് നടത്തിയത് ഇസ്‌ലാമിക പ്രമാണങ്ങളിൽ അധിഷ്ഠിതമായ മതപരമായ മാർഗനിർദേശമാണെന്നും ഇസ്‌ലാമിക മൂല്യങ്ങൾ അനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള നിലപാടിനെ തെറ്റിദ്ധരിപ്പിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
സമകാലിക പൊതുജനപ്രീതിക്കോ വിമർശങ്ങൾക്കോ വേണ്ടി ശരീഅത്ത് നിയമങ്ങളിൽ മാറ്റംവരുത്താൻ സാധിക്കില്ല. ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യവും മതനിയമങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള അവകാശവും നിഷേധിക്കാനാകില്ല. സമത്വം എന്നതിനേക്കാൾ ഇസ്‌ലാം പ്രാധാന്യം നൽകുന്നത് ലിംഗനീതിക്കാണ്. ശാരീരികവും മാനസികവുമായ പ്രകൃതിസഹജമായ സവിശേഷതകൾ മുൻനിർത്തി സ്ത്രീക്കും പുരുഷനും വെവ്വേറെ ഉത്തരവാദിത്വങ്ങളാണ് ഇസ്‌ലാം നൽകിയിട്ടുള്ളത്. ഇത് പ്രകൃതിപരമായ നീതി നടപ്പാക്കലാണ്.
ഇത് പൊതുസമൂഹത്തിൽ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കലല്ല. ഇസ്‌ലാമിക വിശ്വാസപ്രകാരം ജീവിക്കാൻ ആഗ്രഹിക്കുന്ന സമുദായത്തോടുള്ള മതപരമായ ഉപദേശവും മാർഗനിർദേശവുമാണിത്. വസ്ത്രധാരണത്തിലും ഇടപഴകലുകളിലും സ്വകാര്യതയും നൈതികതയും കാത്തുസൂക്ഷിക്കുന്നത് ആത്മീയവും ധാർമികവുമായ അവകാശമാണ്. ഓരോ സമുദായത്തിനും സ്വന്തം ആചാരാനുഷ്ഠാനങ്ങളും വസ്ത്രധാരണ രീതികളും പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാനോ സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കാനോ സമസ്ത ശ്രമിച്ചിട്ടില്ല.

ഇസ്‌ലാം ഒരിക്കലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് എതിരല്ല, മറിച്ച് അത് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. സ്ത്രീകൾ അധ്യാപനം, വൈദ്യശാസ്ത്രം തുടങ്ങിയ സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്നതിനോ മികച്ച വിദ്യാഭ്യാസം നേടുന്നതിനോ എതിർപ്പില്ല. എന്നാൽ, പഠനവും തൊഴിലും ധാർമിക അതിരുകൾ ലംഘിക്കുന്നതിലേക്കോ സ്ത്രീ എന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കുന്നതിനോ തടസ്സമായി മാറരുത് എന്ന ജാഗ്രത മാത്രമാണ് മുന്നോട്ടുവെക്കുന്നത്. ഇത് സ്ത്രീകളെ താഴ്ത്തിക്കെട്ടാനല്ല, സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബം തകരാതെ കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാനം.
യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെ നടത്തുന്ന രാഷ്ട്രീയവത്കരണങ്ങളിൽ നിന്നും അടിസ്ഥാനരഹിതമായ വിമർശങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, മാരായമംഗലം അബ്ദുർറഹ്‌മാൻ ഫൈസി, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, സയ്യിദ് ത്വാഹാ സഖാഫി, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, എൻ അലി അബ്ദുല്ല, മജീദ് കക്കാട്, മാളിയേക്കൽ സുലൈമാൻ സഖാഫി, സി പി സൈതലവി ചെങ്ങര, മുസ്തഫ കോഡൂർ, എം കെ ഹാമിദ് പങ്കെടുത്തു.

Content Highlights: Kerala Muslim Jamaat stated that Kanthapuram AP Aboobacker Musliyar’s remarks on women entering the public sphere are based on Islamic principles. The organization emphasized that Islam supports women’s education and professions like teaching and medicine within moral boundaries. It urged critics to refrain from political exploitation of religious guidance.