Home LATEST NEWS malyalam പുതിയ വാർത്ത വെറും രാഷ്ട്രീയ നാടകങ്ങളോ?

വെറും രാഷ്ട്രീയ നാടകങ്ങളോ?

2
0

Source :- SIRAJLIVE NEWS

രാഷ്ട്രീയ വേദികളില്‍ ഏറ്റവും എളുപ്പം സാധിക്കുന്ന കാര്യം പ്രസംഗിക്കലാണ്. എന്നാല്‍ ഏറ്റവും പ്രയാസമുള്ള കാര്യം അതിന്റെ സുമോഹനമായ പ്രയോഗവും. പ്രഭാഷണം വേദികളിലാണ്. വേദി വിട്ടാല്‍ പിന്നെ പ്രഭാഷണം ശൂന്യതയില്‍ വിലയിതമാകും. പ്രയോഗം പക്ഷേ ദൃശ്യപ്പെടുന്നത് അധികാരപ്രയോഗത്തിലും ഭരണത്തിലുമാണ്. ഈ സത്യം മറച്ചുപിടിച്ചാണ് ജനങ്ങളെ ആവേശിതരാക്കാന്‍, സാധ്യമല്ലെന്നറിയുന്ന കാര്യങ്ങള്‍ പോലും അതിരു കടന്ന വാഗ്ദാനങ്ങളാക്കി വിതറി രക്ഷപ്പെടാന്‍ ചിലര്‍ ശ്രമിക്കുന്നത്.

ഇന്ന് നമ്മുടെ പൊതുജീവിതത്തില്‍ അപകടകരമായ ഈയൊരു പ്രവണത ശീഘ്രത്തില്‍ വളര്‍ന്നുവരുന്നുണ്ട്. ആശയങ്ങളുടെ പ്രയോഗ മത്സരത്തിന് പകരം കപട വാക്യങ്ങളുടെ വെറും മത്സരമാണ് സംഭവിക്കുന്നത്. പ്രത്യയശാസ്ത്ര വിമര്‍ശനങ്ങള്‍ക്ക് പകരം ആക്രോശങ്ങള്‍ക്കും അട്ടഹാസങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും മേല്‍കൈ ലഭിക്കുന്നു. എതിരാളികളെ ആശയപരമായി നേരിടുന്നതിന് പകരം അവരെ ശബ്ദത്തിന്റെ ഇടിവെട്ട് കൊണ്ട് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പ്രവണതയാണ് ശക്തിപ്പെടുന്നത്.

പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ഏത് വീര പ്രഘോഷങ്ങളും സാധ്യമാകും. അതിന് നികുതി ഒടുക്കേണ്ടതില്ലല്ലോ. എന്നാല്‍ കാര്യത്തോടടുക്കുമ്പോഴാണ് ഇവരൊക്കെയും എത്ര ചെറിയ മനുഷ്യരാണെന്ന് നാം തിരിച്ചറിയുന്നത്. ഇവര്‍ക്ക് വേണ്ടത് അധികാരത്തിന്റെ സുഖശൈത്യവും സാമൂഹിക ധവളിമയും മാത്രമാണ്. അപ്പോള്‍ രൂക്ഷമായ ചോദ്യങ്ങള്‍ സ്വാഭാവികം. അതും ഇവര്‍ക്ക് പ്രശ്‌നമല്ല. സഹജമായുമപ്പോള്‍ ഇവര്‍ ന്യായങ്ങള്‍ നിരത്തും. നിയമതടസ്സങ്ങള്‍, ധനപരിമിതികള്‍, ഭരണഘടനാപരമായ ബാധ്യതകള്‍… ഇതിന്റെ മറവില്‍ ഇവര്‍ വീണ്ടും വിശുദ്ധരാകും. ഒരുകാലത്ത് തങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ പല വാഗ്ദാനങ്ങളും പതിയേ നിശബ്ദമായി സംവാദങ്ങളില്‍ നിന്ന് പോലും നിഷ്‌ക്രമിക്കപ്പെടുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക വികസനം, ക്ഷേമപദ്ധതികള്‍ തുടങ്ങിയവയില്‍ പോലും ഈ രാഷ്ട്രീയ നാടകീയത ആവര്‍ത്തിക്കപ്പെടുന്നു. ഒരു പദ്ധതിയെ പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ജനവിരുദ്ധമെന്ന് വിശേഷിപ്പിക്കുന്നവര്‍ തന്നെ അധികാരത്തിലെത്തുമ്പോള്‍ അതേ പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ പ്രത്യക്ഷപ്പെടുന്നു. ഇന്നലെ തുരത്തിയെറിയുമെന്ന് പ്രഖ്യാപിച്ചതിനെ ഇന്ന് സംരക്ഷിക്കേണ്ടി വരുന്നു.

ഒരു പദ്ധതിയെക്കുറിച്ച് വസ്തുതാപരമായ വിമര്‍ശനം നടത്തുന്നതും അതിനെ രാഷ്ട്രീയ ആയുധമാക്കുന്നതും രണ്ടാണ്. ആദ്യത്തേത് ജനാധിപത്യത്തിന്റെ ശക്തിയാണ്; രണ്ടാമത്തേത് ജനാധിപത്യത്തിന്റെ ക്രൂരമായ നിരാസവും. പക്ഷേ പുതിയ മനുഷ്യര്‍ മറവിയുള്ളവരല്ല. ഓരോ വാഗ്ദാന പ്രസംഗങ്ങളും ഇന്ന് ആര്‍ക്കൈവുകളില്‍ രേഖീയമാണ്. ഓരോ പ്രഖ്യാപനവും ഡിജിറ്റല്‍ ചരിത്രത്തിന്റെ അഭ്രങ്ങളില്‍ സുരക്ഷിതമാണ്.

പൊതുപ്രവര്‍ത്തകരുടെ വാക്കുകള്‍ വെറും ചാക്കും തിരഞ്ഞെടുപ്പ് കാലത്തെ ആയുധങ്ങളുമല്ല; അവ സമൂഹത്തോടുള്ള വാഗ്ദാനങ്ങളാണ്. അതുകൊണ്ട് പ്രസംഗവേദികളില്‍ വീരവാദം മുഴക്കുന്നതിന് മുമ്പ് നാളെയുടെ ഭരണസാധ്യതകളെക്കുറിച്ചും ചിന്തിക്കേണ്ടത് അനിവാര്യമാണ്. ഇന്നത്തെ ജനം ഒന്നും വിസ്മരിക്കുന്നവരല്ല. അന്നത്തെ കൈയടികള്‍ ഇന്നത്തെ പരിഹാസമായി മാറുമെന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും പ്രകടിപ്പിക്കണം. രാഷ്ട്രീയത്തിനാവശ്യം കൂടുതല്‍ ശബ്ദമല്ല; എളിമയും സത്യസന്ധതയുമാണ്. ജനങ്ങള്‍ക്ക് വേണ്ടത് കൂടുതല്‍ മുദ്രാവാക്യങ്ങളല്ല, ഉത്തരവാദിത്വബോധമാണ്. വാക്കുകളുടെ അമിതോത്സവത്തില്‍ നിന്ന് രാഷ്ട്രീയം യാഥാര്‍ഥ്യത്തിന്റെ വെറും മണ്ണിലേക്ക് മടങ്ങിവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.