Source :- SIRAJLIVE NEWS
ലക്നോ/ദമാം|ഉത്തർപ്രദേശിലെ ലക്നോ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളം തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ യാത്രാവിമാനത്തെ സ്വാഗതം ചെയ്ത് പുതിയ നാഴികക്കല്ല് കുറിച്ചു. സഊദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സഊദിയ എയർലൈൻസിന്റെ ഭീമൻ വൈഡ് ബോഡി വിമാനമായ ബോയിംഗ് 777-300ER (B777-300ER) ആണ് ലക്നോവിൽ വിജയകരമായി ഷെഡ്യൂൾഡ് സർവീസ് നടത്തിയത്.
വിമാനത്താവളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയൊരു വാണിജ്യ യാത്രാവിമാനം ലാൻഡ് ചെയ്തത്. സർവീസിന് മുന്നോടിയായി വിമാനത്താവളത്തിലെ 2744 മീറ്റർ നീളമുള്ള റൺവേ ഭീമൻ വിമാനത്തെ സ്വീകരിക്കാൻ സജ്ജമാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി സഊദിയയുടെ സാങ്കേതിക വിദഗ്ധ സംഘം ലക്നോവിൽ നേരിട്ടെത്തി പരിശോധനകൾ നടത്തിയിരുന്നു.
ജിദ്ദയിൽ നിന്നും പുറപ്പെട്ട HZ-AK21 രജിസ്ട്രേഷനിലുള്ള ഈ വിമാനം ഏതാണ്ട് 430 യാത്രക്കാരുമായാണ് ലക്നോവിൽ എത്തിയത്. തിരിച്ച് ജിദ്ദയിലേക്കുള്ള മടക്കയാത്രയിൽ 300 യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. നിലവിൽ ജിദ്ദക്കും ലക്നോവിനും ഇടയിൽ എയർബസ് A330-300 വിമാനങ്ങൾ ഉപയോഗിച്ച് ആഴ്ചയിൽ 7 സർവീസുകളാണ് സഊദിയ നടത്തുന്നത്.
എന്നാൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കനത്ത തിരക്ക് പരിഗണിച്ചാണ് ഈ ആഴ്ചയിലെ രണ്ട് സർവീസുകൾക്കായി ബോയിംഗ് 777-300ER വിമാനം പ്രത്യേകമായി അനുവദിച്ചത്.ലക്നോ വിമാനത്താവളത്തിൽ നിന്നുള്ള ഏറ്റവും ദൈർഘ്യമേറിയ റൂട്ടുകളിലൊന്നാണിത്. മറ്റ് വിമാനക്കമ്പനികളെല്ലാം ലക്നോവിലേക്ക് സർവീസ് നടത്താൻ ചെറിയ നാരോ-ബോഡി (Narrow-body) വിമാനങ്ങൾ ഉപയോഗിക്കുമ്പോൾ, സഊദിയ എയർലൈൻസ് മാത്രമാണ് വലിയ വൈഡ്-ബോഡി (Wide-body) വിമാനങ്ങൾ ഇവിടെ ഉപയോഗിക്കുന്നത്.
പത്ത് വർഷങ്ങൾക്ക് മുമ്പ് ലക്നോ വിമാനത്താവളത്തിൽ ഒരു ബോയിംഗ് 747-400 വിമാനം ഇറങ്ങിയിരുന്നെങ്കിലും അത് ഇരുനൂറിൽ താഴെ ആളുകൾ മാത്രമുണ്ടായിരുന്ന ഒരു പ്രത്യേക (Special flight) സർവീസ് മാത്രമായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക ബോയിംഗ് 777 വിമാനവും ഇവിടെ ലാൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്രയധികം യാത്രക്കാരുമായി എത്തുന്ന ഒരു അന്താരാഷ്ട്ര വാണിജ്യ സർവീസിന് ലക്നോ വിമാനത്താവളം സാക്ഷ്യം വഹിക്കുന്നത് ഇതാദ്യമായാണ്.
Content Highlights: Lucknow’s Chaudhary Charan Singh International Airport welcomed its largest commercial passenger flight, a Saudia Boeing 777-300ER. The wide-body aircraft arrived from Jeddah carrying around 430 passengers to accommodate heavy travel demand. This marks a historic milestone for the airport’s infrastructure and operations.




