Source :- SIRAJLIVE NEWS
ഷാർജ|ആഗോള പുസ്തക പ്രസാധന, വിതരണ രംഗത്തെ പ്രമുഖരെ ഒരുമിച്ച് അണിനിരത്തി അഞ്ചാമത് ഷാർജ ബുക്ക് സെല്ലേഴ്സ് കോൺഫറൻസിന് ഷാർജ എക്സ്പോ സെന്ററിൽ തുടക്കമായി. പുസ്തക വിതരണക്കാർ, പുസ്തകശാല ഉടമകൾ, ഓൺലൈൻ പുസ്തക വിൽപന പ്ലാറ്റ്ഫോം പ്രതിനിധികൾ എന്നിവരുൾപ്പെടെ 99 രാജ്യങ്ങളിൽ നിന്നായി 912 പേരാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പുസ്തക വ്യവസായ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.
നാല് മുഖ്യപ്രഭാഷണങ്ങൾ, രണ്ട് നവീകരണ പ്രദർശനങ്ങൾ, നാല് പാനൽ ചർച്ചകൾ, അവതരണങ്ങൾ എന്നിവയ്‌ക്കൊപ്പം 14 അന്താരാഷ്ട്ര ശിൽപശാലകളും ആറ് അറബിക് ശിൽപ്പശാലകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. വിപണി നേരിടുന്ന ആധുനിക വെല്ലുവിളികൾക്ക് പ്രായോഗിക പരിഹാരം കാണുന്നതിനും അന്താരാഷ്ട്ര അനുഭവങ്ങളും പുതിയ വിപണന മാർഗങ്ങളും പങ്കുവെക്കുന്നതിനും സമ്മേളനം വേദിയാകും.
പ്രസാധന രംഗത്ത് വനിതകൾ നേരിടുന്ന വെല്ലുവിളികൾ തരണം ചെയ്യാൻ ശൈഖ ബുദൂർ തുടക്കം കുറിച്ച ആഗോള സംരംഭമായ “പബ്ലിഷർ’ പദ്ധതിയുടെ കീഴിലുള്ള ആദ്യ ബാച്ചിന്റെ ബിരുദദാനം ആദ്യദിനത്തിൽ നടന്നു. ബിസിനസ് വികസനത്തിനായുള്ള പ്രത്യേക കൂടിക്കാഴ്ചകളും വിദഗ്ധരുമായി സംവദിക്കാനുള്ള അവസരങ്ങളും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Content Highlights: The 5th Sharjah Booksellers Conference commenced at Expo Centre Sharjah bringing together 912 participants from 99 countries. Sheikha Bodour bint Sultan Al Qasimi delivered the opening keynote address at the event. The conference features panel discussions workshops and the PublisHer graduation.




