Home rss national malayalam പുതിയ വാർത്ത സംസ്ഥാനത്ത് മരുന്ന് ക്ഷാമം അതിരൂക്ഷം; തുറന്നുസമ്മതിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍

സംസ്ഥാനത്ത് മരുന്ന് ക്ഷാമം അതിരൂക്ഷം; തുറന്നുസമ്മതിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍

4
0

Source :- SIRAJLIVE NEWS

കൊച്ചി | സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം അതിരൂക്ഷമാണെന്ന വാര്‍ത്തകള്‍ ശരിവക്കുന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദരേഖ പുറത്ത്. മരുന്ന് ക്ഷാമം ഗുരുതരമാണെന്ന് തുറന്നുസമ്മതിക്കുന്ന ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി. മീനാക്ഷിയുടെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഇതോടെ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ക്ക് വകുപ്പ് നിര്‍ബന്ധിതമായി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രൊജക്ട് മാനേജര്‍മാര്‍, എ ഡി എച്ച് എസുമാര്‍ എന്നിവരടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥരുടെ ആഭ്യന്തര വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഡയറക്ടറുടെ സന്ദേശം വന്നത്. മരുന്ന് സംഭരണം അടിയന്തരമായി നടത്തണമെന്ന് ഡോ. മീനാക്ഷി നിര്‍ദേശിക്കുന്നു. പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ പ്രധാന ആശുപത്രികളില്‍ വരെ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം. ആശുപത്രി സൂപ്രണ്ടുമാരും മെഡിക്കല്‍ ഓഫീസര്‍മാരും എച്ച് എം സി ഫണ്ടോ പഞ്ചായത്ത്-എല്‍ എസ് ജി ഡി ഫണ്ടോ ഉപയോഗിച്ച് അടിയന്തരമായി പ്രാദേശിക തലത്തില്‍ മരുന്നുകള്‍ വാങ്ങണം. ഏതെങ്കിലും കേന്ദ്രങ്ങളില്‍ കൂടുതല്‍ സ്റ്റോക്കുണ്ടെങ്കില്‍ അത് ആവശ്യമുള്ളിടത്തേക്ക് മാറ്റാനും നിര്‍ദേശിക്കുന്നുണ്ട്. മരുന്ന് അടിയന്തരമായി സംഭരിച്ചില്ലെങ്കില്‍ പ്രശ്‌നമാകുമെന്നും ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സംസ്ഥാനത്ത് മരുന്ന് ക്ഷാമമുണ്ടെന്ന വിവരം പുറത്തറിയാതിരിക്കാന്‍ ആശുപത്രി സൂപ്രണ്ടുമാര്‍ യാതൊരു കാരണവശാലും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. എന്തെങ്കിലുമുണ്ടെങ്കില്‍ ഡി എം ഒമാരോട് ചോദിക്കാന്‍ പറയണം. ഏതെങ്കിലും മരുന്ന് ഉണ്ടെന്നോ ഇല്ലെന്നോ ഡി എം ഒമാര്‍ മാധ്യമങ്ങളോട് പറയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ശബ്ദരേഖയിലുണ്ട്. വിവാദമായതോടെ ശബ്ദരേഖ ഗ്രൂപ്പില്‍ നിന്നും ഡിലീറ്റ് ചെയ്തു.

സംസ്ഥാനത്ത് വലിയ തോതില്‍ മരുന്ന് ക്ഷാമമില്ലെന്നും പ്രാദേശിക പര്‍ച്ചേസുകള്‍ വഴി വിതരണം സുഗമമായി നടക്കുന്നുണ്ടെന്നും മരുന്നു ക്ഷാമം വ്യാജവാര്‍ത്തയാണെന്നുമുള്ള ആരോഗ്യ മന്ത്രിയുടെ വാദങ്ങളാണ് ഇതോടെ പൊളിഞ്ഞത്. പകര്‍ച്ചവ്യാധികളും പനിയും രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ അടിസ്ഥാന മരുന്നുകള്‍ പോലും ലഭ്യമാക്കാന്‍ കഴിയാത്തത് ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Content Highlights: Kerala is facing a severe shortage of essential medicines across government hospitals and medical colleges. The Director of Health Services openly admitted to the ongoing crisis and delayed supply chain issues. Patients are forced to buy costly life-saving drugs from private pharmacies outside.