Home rss national malayalam പുതിയ വാർത്ത സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് കോഴിക്കോട് ഒരുങ്ങി

സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് കോഴിക്കോട് ഒരുങ്ങി

4
0

Source :- SIRAJLIVE NEWS

കോഴിക്കോട് | 68ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ആതിഥ്യമരുളാന്‍ കോഴിക്കോട് ഒരുങ്ങി. 25ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് എന്‍ ഐ ടി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഒളിമ്പ്യന്‍ പി ടി ഉഷ എം പി ദീപശിഖ തെളിയിക്കും. 4,000ത്തോളം കായിക താരങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റും 3,000ത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ എം എ റസാഖ് എം എല്‍ എ സ്വാഗതം പറയും. മന്ത്രിമാര്‍, എം പിമാര്‍, എം എല്‍ എ മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 10,000ത്തോളം കായിക താരങ്ങളും ഒഫീഷ്യലുകളും പരിശീലകരും ഉള്‍പ്പെടെ 15,000ലേറെ പേര്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കായിക മാമാങ്കത്തില്‍ പങ്കെടുക്കും. എന്‍ ഐ ടിയിലെ നവീകരിച്ച സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന ആദ്യത്തെ വലിയ കായിക മേളയാണിത്. മേളയുടെ മുന്നോടിയായി 25ന് ജനപ്രതിനിധികള്‍ക്കായി 100 മീറ്റര്‍ ഓട്ടം, ഷോട്ട്പുട്ട് മത്സരങ്ങള്‍ നടക്കും.

പത്ത് വേദികള്‍
ജില്ലയിലെ പത്ത് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. പ്രധാന ഇനമായ അത്ലറ്റിക്സ് 27 മുതല്‍ 31 വരെ എന്‍ ഐ ടി ക്യാമ്പസില്‍ സംഘടിപ്പിക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 2,800 താരങ്ങള്‍ മാറ്റുരക്കും. 30ന് ക്രോസ്സ് കണ്‍ട്രി, ഇന്‍ക്ലൂസീവ് അത്ലറ്റിക്സ്, ഇന്‍ക്ലൂസീവ് ഫുട്ബോള്‍ മത്സരങ്ങളും നടക്കും. ബാഡ്മിന്റണ്‍, ഇന്‍ക്ലൂസീവ് ബാഡ്മിന്റണ്‍ മത്സരങ്ങള്‍ക്ക് ദേവഗിരി സെന്റ്‌ജോസഫ്്‌സ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം വേദിയാകും. പെണ്‍കുട്ടികളുടെ ബാസ്‌കറ്റ്ബോള്‍ ചേവായൂര്‍ പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ആണ്‍കുട്ടികളുടെ ബാസ്‌കറ്റ്ബോള്‍ സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളിലും നടക്കും. വടംവലി, ഇന്‍ക്ലൂസീവ് ക്രിക്കറ്റ് മത്സരങ്ങള്‍ കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. കരാട്ടെ, വുഷു, സോഫ്റ്റ്ബോള്‍, ബേസ്ബോള്‍, ബോള്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ കൊടിയത്തൂര്‍ പി ടി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വാദി റഹ്്മ ഇംഗ്ലീഷ് സ്‌കൂളിലുമായി നടക്കും. യോഗ മത്സരങ്ങള്‍ക്ക് ചാത്തമംഗലം ആര്‍ ഇ സി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും നെറ്റ്ബോള്‍, ത്രോബോള്‍ മത്സരങ്ങള്‍ക്ക് പെരുവയല്‍ സെന്റ്‌സേവ്യേഴ്സ് യു പി സ്‌കൂളും വേദിയാകും.

2000ത്തിലധികം ഭിന്നശേഷി താരങ്ങള്‍
26ന് നടക്കുന്ന ഇന്‍ക്ലൂസീവ് മത്സരങ്ങളില്‍ 2,000ത്തിലധികം ഭിന്നശേഷി താരങ്ങള്‍ പങ്കെടുക്കും. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കായികശേഷി ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനും തുല്യമായ അവസരങ്ങള്‍ ഒരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വിപുലമായ സംഘാടനം
മേളയുടെ സുഗമമായ നടത്തിപ്പിനായി 17 സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിന് 620 ഒഫീഷ്യല്‍സ്, 140 സെലക്ടര്‍മാര്‍, 100 ടെക്നിക്കല്‍ ഒഫീഷ്യല്‍സ് എന്നിവരുടെ സേവനം ലഭ്യമാകും. മത്സരവേദികളുടെ സജ്ജീകരണം, ഗതാഗതം, ഭക്ഷണം, സുരക്ഷ, ആരോഗ്യ സംരക്ഷണം, താമസം തുടങ്ങിയ മേഖലകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

50ലധികം സ്‌കൂളുകളില്‍ താമസം
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന കായികതാരങ്ങള്‍ക്കും ടീം മാനേജര്‍മാര്‍ക്കും ഒഫീഷ്യല്‍സിനും താമസസൗകര്യമൊരുക്കുന്നതിനായി 50ലധികം സ്‌കൂളുകളില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി 750 ക്ലാസ്സ് മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെത്തുന്ന കായികതാരങ്ങളെ താമസസ്ഥലങ്ങളിലേക്കും മത്സരവേദികളിലേക്കും എത്തിക്കുന്നതിനായി ‘ഒളിമ്പിക്സ് എക്സ്പ്രസ്സ്’ എന്ന പേരില്‍ പ്രത്യേക ഗതാഗത സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഭക്ഷണത്തിന് പഴയിടം രുചി
പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ രണ്ട് അടുക്കളകളിലായി കായികതാരങ്ങള്‍ക്ക് അനുയോജ്യമായ ഭക്ഷണം പാകം ചെയ്ത് എല്ലാ വേദികളിലും സമയബന്ധിതമായി എത്തിക്കും.

സമാപന സമ്മേളനം 31ന്
സമാപന സമ്മേളനം 31ന് വൈകിട്ട് നാലിന് എന്‍ ഐ ടി സ്റ്റേഡിയത്തില്‍ നടക്കും. മന്ത്രി എന്‍ ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് വിശിഷ്ടാതിഥിയാകും. വിവിധ കായിക ഇനങ്ങളില്‍ വിജയികളാകുന്ന താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ക്കൊപ്പം ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും ചടങ്ങില്‍ വിതരണം ചെയ്യും. കായികമികവിനൊപ്പം ലഹരിവിരുദ്ധ ബോധവത്്കരണത്തിനും സമത്വത്തിനും പ്രാധാന്യം നല്‍കുന്നതാണ് മേള.

എം എ റസാഖ്, എം എല്‍ എ മാരായ കെ പ്രവീണ്‍കുമാര്‍, പാറക്കല്‍ അബ്ദുല്ല, വി കെ ഫൈസല്‍ ബാബു, സംസ്ഥാന സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ അജിത് വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ദീപശിഖാ പ്രയാണം ഇന്നാരംഭിക്കും
കാസര്‍കോട് | സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ദീപശിഖാ പ്രയാണം ഇന്ന് കാസര്‍കോട് ജില്ലയിലെ ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാരംഭിക്കും. രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങില്‍ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എയില്‍ നിന്ന് ദേശീയ ഡിസ്‌കസ് ത്രോ താരം കെ സി സര്‍വാന്‍ ദീപശിഖ ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷത വഹിക്കും.

തുടര്‍ന്ന് കായികതാരങ്ങളുടെ അകമ്പടിയോടെ ദീപശിഖ ആദ്യ സ്വീകരണ കേന്ദ്രമായ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിക്കും. ഇവിടെനിന്ന് ജില്ലാ അതിര്‍ത്തിയായ പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിക്കുന്ന ദീപശിഖ സ്വീകരണ ശേഷം കരിവെള്ളൂര്‍ എ വി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കണ്ണൂര്‍ ജില്ലയിലെ അത്്‌ലറ്റുകള്‍ക്ക് കൈമാറും.

Content Highlights: Kozhikode is fully prepared to host the prestigious Kerala State School Sports Meet. Extensive arrangements have been made across various venues to ensure smooth events. Student athletes from across the state are expected to participate enthusiastically.