Home rss national malayalam പുതിയ വാർത്ത സമസ്ത ഗ്രാഫ്: ഡിജിറ്റല്‍ ചുവരുകളിലെ നേരുകള്‍

സമസ്ത ഗ്രാഫ്: ഡിജിറ്റല്‍ ചുവരുകളിലെ നേരുകള്‍

3
0

Source :- SIRAJLIVE NEWS

പൂര്‍ണ ചന്ദ്രനെ കണ്ടവര്‍ നക്ഷത്രങ്ങളായി മാറിയ ചരിത്രമാണ് ഇസ്‌ലാമിന്റേത്. തിരുനബി(സ)യുടെ അറിവിന്റെ വെളിച്ചം അനുഭവിച്ചറിഞ്ഞവര്‍ ലോകത്താകമാനം ആ അറിവിന്റെ പ്രകാശ വിത്തുകള്‍ നട്ടുപിടിപ്പിച്ചു. ആ അറിവുറവകളില്‍ നിന്നാണ് ആകാശത്തിനധിപനായ അല്ലാഹുവിനെ അറിഞ്ഞ പണ്ഡിതന്മാര്‍ രൂപപ്പെട്ടത്. അന്ത്യദൂതരുടെ യഥാര്‍ഥ അനന്തരക്കാരായ അവര്‍ മണ്ണിലിറങ്ങി മനുഷ്യരെ തൊട്ടറിഞ്ഞു. മനുഷ്യ മനസ്സുകളില്‍ ഈമാനിന്റെയും ധര്‍മത്തിന്റെയും പൂക്കള്‍ വിരിയിച്ചു. ആ പ്രവാചക പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി കേരളത്തിന്റെ മണ്ണില്‍ അറിവിന്റെയും സന്മാര്‍ഗത്തിന്റെയും കൂറ്റന്‍ ജ്ഞാന സമൂഹങ്ങളെ പണിതുയര്‍ത്തിയത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണ്.
സമസ്തയുടെ നൂറാം വാര്‍ഷികത്തിന്റെ (സെന്റിനറി) ചരിത്ര നിമിഷത്തിലേക്ക് നാട് അടുക്കുമ്പോള്‍, പ്രസ്ഥാനത്തിന് കീഴില്‍ കാലഘട്ടത്തിന്റെ വിപ്ലവാത്മകമായ ഒരു ഡിജിറ്റല്‍ സംരംഭത്തിന് തുടക്കമാകുകയാണ്; “സമസ്ത ഗ്രാഫ്’.

ഡിജിറ്റല്‍ ഇടങ്ങളിലെ
ധാര്‍മിക കാവലാള്‍
ഇന്നത്തെ വിവര സാങ്കേതിക യുഗത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ ചിന്തകളെയും സംസ്‌കാരങ്ങളെയും സ്വാധീനിക്കുന്ന പ്രധാന കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. എന്നാല്‍, വ്യാജ പ്രചാരണങ്ങളും അസത്യങ്ങളും ധാര്‍മികച്യുതികളും നിറഞ്ഞ ഡിജിറ്റല്‍ ലോകത്ത്, സത്യവും നേരും വിളിച്ചോതുന്ന ഒരു ആധികാരിക പ്ലാറ്റ്ഫോമിന്റെ ആവശ്യകത വളരെ വലുതാണ്. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ രംഗത്ത് ധാര്‍മിക വഴികളില്‍ ഉമ്മത്തിന്റെ കാവലാളായി സമസ്ത ഗ്രാഫ് നിലയുറപ്പിക്കുന്നത്. “സാമൂഹിക മാധ്യമച്ചുവരുകളില്‍ നേരിന്റെ ചായങ്ങള്‍ തെളിയുന്നു’ എന്ന ശീര്‍ഷകത്തില്‍ ഡിജിറ്റല്‍ തലങ്ങളില്‍ സത്യത്തിന്റെ ചായങ്ങള്‍ പൂശാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

വിജ്ഞാനത്തിന്റെ
വൈവിധ്യമാര്‍ന്ന ഉള്ളടക്കങ്ങള്‍
കേരളത്തിലെ മുസ്‌ലിംകളുടെ ആധികാരിക ജ്ഞാന ശബ്ദമായി മാറാന്‍ പോകുന്ന സമസ്ത ഗ്രാഫ്, വിജ്ഞാനപ്രദവും ചിന്തോദ്ദീപകവുമായ നിരവധി മേഖലകളെയാണ് ഉള്‍ക്കൊള്ളുന്നത്. വിശുദ്ധ ഖുര്‍ആന്‍, തിരുഹദീസ്, അഖീദ (വിശ്വാസ ശാസ്ത്രം), ഫിഖ്ഹ് (കര്‍മ ശാസ്ത്രം), തസ്വവ്വുഫ് (ആധ്യാത്മികം) എന്നിവയിലധിഷ്ഠിതമായ ആധികാരിക പഠനങ്ങള്‍. ഇസ്‌ലാമിക ചരിത്ര നിമിഷങ്ങള്‍, സംസ്‌കാരങ്ങള്‍, അനുഭവേദ്യമായ യാത്രാവിവരണങ്ങള്‍, കേരളത്തിന്റെ സാംസ്‌കാരിക- സാമൂഹിക മണ്ഡലങ്ങളെ സ്വാധീനിച്ച മഹാന്മാരായ പണ്ഡിതന്മാരുടെ ഓര്‍മകള്‍, പാരമ്പര്യ ഉലമാക്കളുടെ ജീവിതാനുഭവങ്ങള്‍, സമുദായത്തെയും സമൂഹത്തെയും ബാധിക്കുന്ന വിഷയങ്ങളില്‍ സമസ്ത കൈക്കൊള്ളുന്ന കൃത്യവും വ്യക്തവുമായ നിലപാടുകളുടെ വിശദീകരണങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളാണ് സമസ്ത ഗ്രാഫ് കൈകാര്യം ചെയ്യുക.

ഇസ്‌ലാമിന്റെ യഥാര്‍ഥ സൗന്ദര്യവും കാരുണ്യവും ഉള്‍ക്കൊണ്ട് വിശ്വാസത്തിന്റെ തണലിലേക്ക് കടന്നുവന്ന പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള പ്രത്യേക അഭിമുഖങ്ങള്‍, ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും ബഹുസ്വരതയും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ദൃഢമാക്കുന്നതിനുമുള്ള പ്രത്യേക പ്രോഗ്രാമുകള്‍, ജാതി, മത ഭേദമന്യേ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും സ്‌നേഹത്താല്‍ ഒരുമിപ്പിച്ച പ്രമുഖ സൂഫീ ജ്ഞാനികളുടെ ചരിത്രങ്ങള്‍, ഓരോ നാടിന്റെയും പൈതൃകവും സംസ്‌കാരവും വിളിച്ചോതുന്ന ഉള്ളടക്കങ്ങള്‍, സോഷ്യല്‍ മീഡിയയിലെ ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ക്കുള്ള കൃത്യമായ ഫാക്റ്റ് ചെക്ക് മറുപടികള്‍ എന്നിവയെല്ലാം സമസ്ത ഗ്രാഫില്‍ പ്രതീക്ഷിക്കാം.

എല്ലാവര്‍ക്കുമായി
വൈവിധ്യമാര്‍ന്ന പരിപാടികള്‍
ഒരു പ്രഭാഷണ പ്ലാറ്റ്ഫോം എന്നതിലുപരി സമൂഹത്തിലെ എല്ലാ തുറകളിലുമുള്ള മനുഷ്യരെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന പരിപാടികളാണ് സമസ്ത ഗ്രാഫ് ആസൂത്രണം ചെയ്യുന്നത്. വീടകങ്ങളിലും സമൂഹത്തിലും ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്ന പ്രത്യേക ശീര്‍ഷകങ്ങള്‍, യുവാക്കളുടെ ആധുനിക ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ലളിതവും യുക്തിസഹവുമായ ഉത്തരങ്ങള്‍ നല്‍കുന്ന പരിപാടികള്‍, കൊച്ചുകുട്ടികളില്‍ ഇസ്‌ലാമിക മൂല്യങ്ങളും സന്മാര്‍ഗവും വളര്‍ത്തുന്ന കഥകളും സര്‍ഗാത്മക അവതരണങ്ങളും സമസ്ത ഗ്രാഫ് ലക്ഷ്യം വെക്കുന്നു.

വിവിധ ഡിജിറ്റല്‍
പ്ലാറ്റ്ഫോമുകള്‍
വിവരങ്ങള്‍ വേഗത്തിലും ലളിതമായും ജനങ്ങളിലേക്ക് എത്തിക്കാന്‍ പ്രധാനപ്പെട്ട എല്ലാ സോഷ്യല്‍ മീഡിയ മാധ്യമങ്ങളിലും സമസ്ത ഗ്രാഫ് സജീവ സാന്നിധ്യമായിരിക്കും. യൂട്യൂബ് ചാനല്‍, പുതിയ തലമുറയിലേക്ക് വേഗത്തില്‍ സന്ദേശമെത്തിക്കാന്‍ കഴിയുന്ന റീലുകള്‍, ഇന്‍ഫോഗ്രാഫിക്കുകള്‍, ക്രിയേറ്റീവ് പോസ്റ്ററുകള്‍ എന്നിവ ഇന്‍സ്റ്റഗ്രാം വഴി പങ്കുവെക്കും. ലേഖനങ്ങള്‍, ലൈവ് പ്രോഗ്രാമുകള്‍, കമ്മ്യൂണിറ്റി ചര്‍ച്ചകള്‍, പ്രസ്ഥാനത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ എന്നിവക്കായി ഫേസ്ബുക്ക് പേജ് പ്രവര്‍ത്തിക്കും. അനുദിന ഓര്‍മപ്പെടുത്തലുകള്‍, ഹ്രസ്വ സന്ദേശങ്ങള്‍, സുപ്രധാന അറിയിപ്പുകള്‍ എന്നിവ വ്യക്തിഗതമായി എല്ലാവരിലേക്കും നേരിട്ടെത്തിക്കാന്‍ വാട്സ്ആപ്പ് ചാനല്‍ സഹായിക്കും.

ഡിജിറ്റല്‍ ലോകത്തെ തിന്മകള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും എതിരെ സത്യത്തിന്റെ വെളിച്ചം വീശുന്ന സമസ്ത ഗ്രാഫ്, വരുംകാലത്ത് സമുദായത്തിന് വഴികാട്ടുന്ന വലിയൊരു വെളിച്ചമായി മാറും എന്നതില്‍ സംശയമില്ല. നേരിന്റെ പാതയില്‍ ഡിജിറ്റല്‍ യുഗത്തെ സജ്ജമാക്കാന്‍ ഈ സംരംഭം വലിയൊരു നാഴികക്കല്ലാകും. സമസ്തയുടെ ഔദ്യോഗിക മാധ്യമം എന്ന നിലക്ക് നമുക്ക് സമസ്ത ഗ്രാഫിന്റെ പ്രചാരകരാകാം.

Content Highlights:
Samastha Kerala Jam-iyyathul Ulama launched a digital platform named Samastha Graph as part of its centenary celebrations. The initiative aims to counter misinformation and promote moral Islamic content online. It will feature educational videos, history, fact checks, and family programs across platforms.