Source :- SIRAJLIVE NEWS
ന്യൂഡൽഹി | തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി കോണാട്ട് പ്ലേസിൽ തിരംഗ മാർച്ചിന് പുറപ്പെടുന്നതിനിടെ വെള്ളിയാഴ്ച ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത സി ജെ പി സ്ഥാപകൻ അഭിജിത് ദിപ്കെ ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങി. ഡൽഹി കോടതിയാണ് ശനിയാഴ്ച ഉപാധികളോടെ ദീപ്കേക്ക് ജാമ്യം അനുവദിച്ചത്. സമാധാനം തടസ്സപ്പെടുത്തുകയില്ലെന്ന് ഉറപ്പുനൽകിക്കൊണ്ട് 50,000 രൂപയുടെ ബോണ്ട് കെട്ടിവെക്കാനാണ് കോടതി ഉത്തരവിട്ടത്.
ജയിൽമോചിതനായതിന് ശേഷമുള്ള തന്റെ ആദ്യ പ്രതികരണമായി, 24 മണിക്കൂർ വൈഫൈയും ഫോണും ഇല്ലാതെ ജയിലിൽ കഴിഞ്ഞ അനുഭവം അദ്ദേഹം പങ്കുവെച്ചു. ഷാരൂഖ് ഖാൻ ചിത്രമായ വീർ സാരയിലെ ഒരു ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചാണ് അദ്ദേഹം ജയിലനുഭവം വിവരിച്ചത്.
വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത പ്രമുഖ യുവ നേതാക്കളിൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ – ഐസ അധ്യക്ഷ നേഹ ബോറയും ഉൾപ്പെടുന്നു. നേഹ ബോറയെ ശനിയാഴ്ച പുലർച്ചെ വിട്ടയച്ചപ്പോൾ, അഭിജിത് ദിപ്കെയെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. ജന്തർമന്തർ പ്രക്ഷോഭ വേദിയിൽ അതിക്രമിച്ചു കയറിയതുമായി ബന്ധപ്പെട്ട് സി ജെ പി നേതാക്കളായ അശുതോഷ് ടാങ്ക, സൗരവ് ദാസ് എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
വെള്ളിയാഴ്ച വൈകുന്നേരം കൊണാട്ട് പ്ലേസിൽ ത്രിവർണ്ണ പതാക ഉയർത്തുന്ന ലെഹ്രാ ദോ തിരംഗ പ്രക്ഷോഭ മാർച്ചിന് മുന്നോടിയായാണ് നേഹ ബോറയെയും അഭിജിത് ദിപ്കെയെയും മുൻകരുതൽ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. ഡൽഹി പോലീസ് ആക്ട് പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് നേഹ ബോറയെ മോചിപ്പിച്ചത് എന്നാൽ ഭാരതീയ നാഗരിക സുരക്ഷാ സംഹിത പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് അഭിജിത് ദിപ്കെയെ അറസ്റ്റ് ചെയ്തത്.
പ്രതിഷേധത്തിനിടയിൽ കസ്റ്റഡിയിലെടുത്തവരെയും ദിപ്കെയെയും ഉടൻ മോചിപ്പിക്കണമെന്ന് ജയിൽമോചിതയായ ശേഷം നേഹ ബോറ ആവശ്യപ്പെട്ടു. ക്രമസമാധാന നില പാലിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി ഏകദേശം 150 ഓളം പേരെ കസ്റ്റഡിയിലെടുത്തിരുന്നു എന്ന് പോലീസ് അറിയിച്ചു. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിന് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
Content Highlights:
Cockroach Janta Party founder Abhijeet Dipke was released from police custody by a Delhi court after signing a peace bond. He was previously detained and arrested ahead of a planned protest march in Connaught Place against alleged electoral fraud.




