Source :- SIRAJLIVE NEWS
ബഹിരാകാശ വിഷയങ്ങളിലെ പഠനം സയൻസ് – എൻജിനീയറിംഗ് വിദ്യാർഥികളുടെ ഒരു വലിയ പ്രതീക്ഷയാണ്. അതിനായി ഇത്തരം സ്ഥാപനങ്ങളിൽ എത്തിച്ചേരുക എന്നത് അവരുടെ സ്വപ്നവുമാണ്. ഈ വിധത്തിലാഗ്രഹിക്കുന്ന യുവ പ്രതിഭകൾക്കായി ബെംഗളൂരു ഐ എസ് ആർ ഒയിൽ ഫെലോഷിപ്പ് പ്രോഗ്രാമിന് അവസരമുണ്ട്. ഇതിലേക്ക് സയൻസ്, എൻജിനീയറിംഗ് ബിരുദാനന്തര പഠനം കഴിഞ്ഞ വിദ്യാർഥികൾക്ക് ഈ മാസം 11 വരെ ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്.
പ്രോഗ്രാം പ്രത്യേകത
ഇന്ത്യയുടെ ദേശിയ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ എസ് ആർ ഒയുടെ ഭാഗമായ യു ആർ റാവു സാറ്റലൈറ്റ് സെന്ററിലാണ് ഫെലോഷിപ്പ് പ്രോഗ്രാം നടക്കുന്നത്. ഉപഗ്രഹങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയും ചെയ്യുന്ന ഐ എസ് ആർ ഒ സ്ഥാപനത്തിന്റെ പ്രധാന കേന്ദ്രമാണിത്. പ്രത്യേക ദൗത്യത്തിന് ആവശ്യമായ ഉപഗ്രഹ നിർമാണത്തിന്റെ അടിസ്ഥാന സാങ്കേതിക വിദ്യകളിലും തയ്യാറെടുപ്പിലും വൈദഗ്ദ്യം നേടുന്നതിൽ ഈ സ്ഥാപനം ബദ്ധശ്രദ്ധമാണ്. കാലാവസ്ഥാ നിരീക്ഷണം, റിമോട്ട് സെൻസിംഗ്, നാവിഗേഷൻ എന്നിവയിലും ഇവിടെ ഗവേഷണം നടക്കുന്നു. അതിനാൽ ബഹിരാകാശ സാങ്കേതിക വിദ്യയിലെ ഗവേഷണ പ്രക്രിയയിൽ പ്രായോഗിക പരിചയം നൽകുന്ന വിധത്തിൽ രൂപകൽപ്പന ചെയ്ത ഗവേഷണ ഫെലോഷിപ്പ് ആയി ഇതിനെ കണക്കാക്കുന്നു.
ബഹികാരാകാശ പേടകങ്ങളുടെ ആശയവത്കരണം, രൂപകൽപ്പന, നിർമാണം, വിക്ഷേപണം, ഭ്രമണപഥത്തിലെ മാനേജ്‌മെന്റ് എന്നീ സംവിധാനങ്ങൾക്ക് അന്തർദേശീയ തലത്തിൽ പ്രശസ്തമായ ഈ സ്ഥാപനത്തിൽ ഇതുവഴി എത്തിച്ചേരാനുള്ള അവസരവും വിദ്യാർഥി പ്രതിഭകൾക്ക് ലഭിക്കുന്നു.
അവസരം ലഭിക്കുന്ന മേഖലകളും വിഷയങ്ങളും
ഭൗതികശാസ്ത്രം, ഗണിതം, എയ്‌റോ സ്‌പേസ് എൻജിനീയറിംഗ്, എ ഐ ആൻഡ് മെഷീൻ ലേണിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് വി എൽ എസ് ഐ, കമ്പ്യൂട്ടർ സയൻസ്, ഐ ടി തുടങ്ങിയ മേഖലകളിലായി വിവിധ വിഷയങ്ങൾ പ്രായോഗിക തലത്തിൽ പഠിക്കാൻ വിദ്യാർഥികൾക്ക് സാധിക്കും. ബഹിരാകാശ പേടക പ്രവർത്തനങ്ങൾക്കുള്ള ടെലിമെട്രി, പേടക പരിശോധന ഉപകരണങ്ങളുടെ രൂപകൽപ്പന, ഫ്ലൈറ്റ് ഡൈനാമിക്‌സ്, ഒപ്റ്റിക്കൽ എൻജിനീയറിംഗ്, മൈക്രോ ഇലക്ട്രോണിക്‌സ് തുടങ്ങിയ വിഷയങ്ങൾ പ്രായോഗിക പ്രവർത്തനങ്ങളിലൂടെ മനസ്സിലാക്കിസുപരിചിതമാകാനും സ്വായത്തമാക്കാനും അവസരം കിട്ടുന്നു.
അപേക്ഷ, യോഗ്യത
എം ടെക്/, എം എസ്‌സി പാസ്സായവർക്ക് അപേക്ഷിക്കാം. എം ടെക്/തത്തുല്യ ബിരുദം 60, ശതമാനം മാർക്ക് അല്ലെങ്കിൽ 6.5 സി ജി പി എ ഉള്ളവർക്കും എം എസ് സി 65 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യം ഗ്രേഡോടെ ജയിച്ചവർക്കും അപേക്ഷിക്കാം. സി എസ് ഐ ആർ- യു ജി സി നെറ്റ്/ ഗേറ്റ്/ഐ സി എ ആർ/ ഐ സി എം ആർ/ജാം/ ജെസ്റ്റ്/ തത്തുല്യം യോഗ്യത പരീക്ഷയിലെ സാധുവായ സ്‌കോർ ഉണ്ടായിരിക്കണം. ഉയർന്ന പ്രായം ഈ മാസം 11നകം 28 വയസ്സ്. പിന്നാക്ക/പട്ടിക വിഭാഗക്കാർക്ക് യഥാക്രമം മൂന്ന്/ അഞ്ച് വയസ്സിന്റെ ഇളവ് ലഭിക്കും. വിധവകൾ/ ഭിന്നശേഷിക്കാർ/ വിമുക്തഭടന്മാർ എന്നിവർക്ക് നിയമാനുസൃതമായുള്ള ആനുകൂല്യങ്ങൾ പ്രായപരിധിയിൽ അനുവദിക്കുന്നതാണ്.
മറ്റ് വിവരങ്ങൾ
അപേക്ഷയിലെ അക്കാദമിക് യോഗ്യത, മാർക്ക് വിവരങ്ങൾ തുടങ്ങിയവ പരിഗണിച്ച് പ്രിലിമിനറി സ്‌ക്രീനിംഗ് ഉണ്ടാകും. തുടർന്ന് അർഹരായവരെ അഭിമുഖത്തിനായി വിളിക്കും. യാത്രാ നിരക്ക് അനുവദിക്കും. ഫെലോഷിപ്പ് കാലയളവ് രണ്ട് വർഷത്തേക്കാണെങ്കിലും അക്കാദമിക് പ്രകടനം, പ്രൊജക്ടുകളുടെ ഘടന എന്നിവയുടെ അടിസ്ഥാനത്തിൽ അഞ്ച് വർഷം വരെ തുടരാൻ സാധിക്കും. ഫെലോഷിപ്പ് തുക ഒരു മാസം 37,000 രൂപ. ഇത് 42,000 രൂപയായി വർധിപ്പിച്ച് കിട്ടാനും സാധ്യതയുണ്ട്. അപേക്ഷകർ വെബ്‌സൈറ്റിൽ കരിയർ വിഭാഗം സന്ദർശിച്ച് അവരുടെ ഇ മെയിൽ ഐ ഡി ഉപയോഗിച്ചാണ് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടത്. അപേക്ഷിക്കുന്നതിനും വിവരങ്ങൾക്കുമുള്ള വെബ്‌സൈറ്റ് :www.isro.gov.in.
Content Highlights:
ISRO’s UR Rao Satellite Centre in Bengaluru has invited online applications for its prestigious Research Fellowship program. Science and Engineering postgraduates with valid NET or GATE scores are eligible to apply until July 11. Selected candidates will gain practical experience in space tech and receive a monthly stipend of up to 42,000 rupees.




