Source :- SIRAJLIVE NEWS
തിരുവനന്തപുരം | പരിസ്ഥിതിനാശത്തിനും നെല്‍വയല്‍ തണ്ണീര്‍ത്തടങ്ങളുടെ കൈയേറ്റത്തിനും ഇടയാക്കുമെന്ന പ്രതിപക്ഷ എതിര്‍പ്പിനിടെ സരള്‍ (സിംപ്ലിഫൈഡ് ആന്‍ഡ് ആക്സിലേറ്റഡ് റെഗുലേറ്ററി അപ്രൂവല്‍സ് ആന്‍ഡ് ലൈസന്‍സിംഗ്) ബില്ലിന് നിയമസഭ അംഗീകാരം നല്കി. സരള്‍ നിയമം സംസ്ഥാനത്തെ നെല്‍വയല്‍ തണ്ണീര്‍ത്തടങ്ങള്‍ മാഫിയകള്‍ക്ക് തീറെഴുതുന്നതും അവശേഷിക്കുന്ന നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങള്‍ക്ക് മരണവിധിയെഴുതുന്നതുമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
അതേസമയം, നെല്‍വയലുകളുടെ കാര്യത്തില്‍ കരുതല്‍ ഉണ്ടാകുമെന്നും നെല്‍വയല്‍ നികത്തുന്നത് തടയാന്‍ ജില്ലാ കലക്ടര്‍ക്ക് അധികാരം ഉണ്ടാകുമെന്നുമാണ് ബില്ല് അവതരിപ്പിച്ച വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നല്കുന്ന വിശദീകരണം. പ്രതിപക്ഷ എതിര്‍പ്പിനിടെ നിയമസഭ പാസ്സാക്കിയതിനെ തുടര്‍ന്ന് ബില്ലില്‍ പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിപക്ഷം സഭ വിട്ടിറങ്ങി പ്രതിഷേധിച്ചു. സരള്‍ ബില്ല് നെല്‍വയലുകള്‍ക്ക് മരണവിധിയെഴുതുമെന്നും മാഫിയകള്‍ക്ക് വഴിയൊരുക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രതികരണം.
25 കോടി രൂപക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും 70 ദിവസത്തിനുള്ളില്‍ അനുമതി നല്കുന്ന ബില്ല് ത്രിതല കമ്മിറ്റികളുടെ അധികാരം റദ്ദാക്കുന്നതും തദ്ദേശ സ്ഥാപനങ്ങളുടെ അധികാര വികേന്ദ്രീകരണം കവര്ന്നെടുക്കുന്നതുമാണെന്നാണ് പ്രധാന ആശങ്ക. സാധാരണ പൗരന് സിവില്‍ കോടതിയില്‍ പോലും പോകാന്‍ കഴിയാത്തവിധം പഴയ അടിയന്തരാവസ്ഥക്ക് സമാനമായ നിയമമാണ് ഇതെന്നും വ്യവസായവത്കരണത്തിന്റെ മറവില്‍ സര്‍ക്കാര്‍ ജനവിരുദ്ധമായ ബില്ല് ഒളിച്ചുകടത്തുകയാണെന്നും പ്രതിപക്ഷം വിമര്‍ശിക്കുന്നു.
വലിയ സാമൂഹിക പാരിസ്ഥിതിക ആഘാതങ്ങള്‍ സൃഷ്ടിക്കുന്ന ബില്ലിലെ നിര്‍ദേശങ്ങള്‍ തണ്ണീര്‍ത്തടങ്ങളെയും നെല്പ്രദേശങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ്. വ്യവസായങ്ങള്‍ക്ക് വേഗത്തില്‍ അനുമതി നല്കുമ്പോള് സംസ്ഥാനത്തെ വനമേഖലകള്‍, ജലസ്രോതസ്സുകള്‍, ഭൂഗര്‍ഭജലം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 2008ലെ കേരള നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ മറികടന്ന് വന്‍കിട കോര്‍പറേറ്റുകളുടെയും മാഫിയകളുടെയും ഭൂമികൈയേറ്റത്തിന് വഴിയൊരുങ്ങും. നിയമം നടപ്പില്‍വരുന്നതോടെ നെല്‍വയലുകള്‍ പലതും നെല്‍വയലുകള്‍ അല്ലാതെയാകും. പഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ള ത്രിതല തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്ത്, തീരുമാനം പൂര്‍ണമായും ഉദ്യോഗസ്ഥ സമിതികളിലേക്ക് കേന്ദ്രീകരിക്കപ്പെടും. ഒപ്പം ബില്ലില്‍ ആവശ്യമായ പാരിസ്ഥിതിക മുന്‍കരുതല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ കുട്ടനാട് പോലുള്ള കാര്‍ഷിക മേഖലകളെ ഗുരുതരമായി ബാധിക്കുമെന്നും ആശങ്കകളുണ്ട്
അതേസമയം, വ്യവസായ സംരംഭങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും ആവശ്യമായ ലൈസന്‍സുകളും അനുമതികളും എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്ന ബില്ല് നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് നിലവിലുള്ള ഏകജാലക സംവിധാനത്തിന് പകരം ‘ഒരു സംസ്ഥാനം, ഒരു അനുമതി, ഒരു രേഖ’ എന്ന ആശയത്തിലൂടെ എല്ലാ അനുമതികളും ഒരൊറ്റ അതോറിറ്റിക്ക് കീഴിലാക്കുന്നുവെന്നത് വ്യവസായത്തിന് ഗുണകരമാകും. വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള ഫയലുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നത് ഒഴിവാക്കാനും സമയബന്ധിതമായി ക്ലിയറന്‍സ് നല്‍കാനും ഇതിലൂടെ സാധിക്കുമെന്നത് വ്യവസായ സംരംഭകര്‍ക്ക് ഏറെ പ്രയോജനപ്പെടും. ഇതോടൊപ്പം ഉദ്യോഗസ്ഥ ഭരണക്രമത്തിലെ താമസം ഒഴിവാകുന്നതോടെ കൂടുതല്‍ ആഭ്യന്തര- വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ഇതുവഴി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കാനും കഴിയുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നുണ്ട്. പ്രതിപക്ഷ ആശങ്കകളെ പരിഹാസത്തോടെയാണ് വ്യവസായ മന്ത്രിയും മുഖ്യമന്ത്രി വി ഡി സതീശനും സഭയില്‍ നേരിട്ടത്.
‘സരളല്ല, കരാള ബില്ല് ‘
തിരുവനന്തപുരം സരള്‍ ബില്ലിനെ ശക്തമായി എതിര്‍ത്ത് മുതിര്‍ന്ന അംഗം ജി സുധാകരന്. സരള്‍ ബില്ല് സര്‍ക്കാറിന് ബാധ്യതയാകുമെന്നായിരുന്നു സുധാകരന്റെ മുന്നറിയിപ്പ്. വാദപ്രതിവാദത്തിനല്ല പറയുന്നതെന്നും വനപ്രദേശം കുറയാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സരളല്ല, കരാള ബില്ലാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വ്യവസായ അനുമതി സുഗമമാകുമ്പോള്‍ നെല്‍വയലുകളിലും തണ്ണീര്‍ത്തടങ്ങളിലും നിലവിലുള്ള സംരക്ഷണം തുടരുമെന്ന് ഉറപ്പില്ല. തണ്ണീര്‍ത്തടങ്ങളും തോടും കായലും സംരക്ഷിക്കാനുള്ള മുന്‍കരുതല്‍ ബില്ലില്‍ ഇല്ല. ഇത് സംസ്ഥാനത്തിന് ദോഷം ചെയ്യുമെന്നും സുധാകരന് ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായി പ്രശ്നമില്ലെന്ന് പറഞ്ഞാല്‍ മാത്രം പോരായെന്നും സംരക്ഷണം ബില്ലില്‍ എഴുതിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജി സുധാകരനെ പരിഹസിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ ഭാഗത്തുനിന്നുണ്ടായത്. സുധാകരന് ആവര്‍ത്തിച്ചു പറയുമ്പോള്‍ തങ്ങള്‍ കരുതിയത് അദ്ദേഹത്തിന്റെ ആശങ്കകൊണ്ടാണെന്നാണ്. പുറക്കാട് പാടശേഖരം നികത്തി എയിംസ് സ്ഥാപിക്കണമെന്ന് രാവിലെ ശ്രദ്ധക്ഷണിച്ച ആളാണ് സുധാകരന് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ജി സുധാകരനോട് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും സുധാകരന് ഉന്നയിച്ച വിഷയങ്ങളോട് യോജിക്കുന്നുവെന്നായിരുന്നു പിണറായി വിജയന്റെ നിലപാട്.
Content Highlights: The Kerala Legislative Assembly has officially passed the Saral Bill. The passage of the bill has sparked significant concern among environmentalists regarding its potential impact on nature. Public debates continue over the legislation’s long-term environmental consequences across the state.




