Source :- SIRAJLIVE NEWS

തിരുവനന്തപുരം |  പാര്‍ട്ടിക്കെതിരായ വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത തിരുവനന്തപുരത്തെ ഉന്നതതല യോഗത്തില്‍ നടന്നതെന്ന പേരില്‍, പൂര്‍ണ്ണമായും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് കുറെ ദിവസമായി ചില മാധ്യമങ്ങള്‍ നിരന്തരം പ്രചരിപ്പിക്കുന്നത്. ഇത്തരം സംഘടിതമായ കള്ളപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്നും വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘എന്നെയും പിണറായിയെയും മാറ്റിയിട്ട് മറ്റാരെ വെക്കും, അത് നടക്കില്ല’, ‘എന്നെയും പിണറായിയെയും മാറ്റാമെന്നത് വ്യാമോഹം മാത്രം’ എന്നെല്ലാം തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു എന്നാണ് ചില മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചത്. സിപിഎമ്മില്‍ ആര് നേതാവാകണം, എങ്ങനെ പ്രവര്‍ത്തിക്കണം എന്നൊക്കെ നിശ്ചയിക്കുന്നത് പാര്‍ട്ടിയുടെ പരമാധികാര സമിതികളാണ്, മറിച്ച് മാധ്യമങ്ങളല്ലെന്നും കുറിപ്പിലുണ്ട്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

യാഥാര്‍ത്ഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ നടന്നതെന്ന പേരില്‍, വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് കുറേ ദിവസമായി ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം കള്ളപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കും. വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.’എന്നെയും പിണറായിയെയും മാറ്റിയിട്ട് മറ്റാരെ വെക്കും, അത് നടക്കില്ല’, ‘എന്നെയും പിണറായിയെയും മാറ്റാമെന്നത് വ്യാമോഹം മാത്രം’ എന്നെല്ലാം തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു എന്നാണ് ചില മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചത്. സിപിഐ എമ്മില്‍ ആര് നേതാവാകണം എങ്ങനെ പ്രവര്‍ത്തിക്കണം എന്നൊക്കെ നിശ്ചയിക്കുന്നത് പാര്‍ട്ടിയാണ്, മാധ്യമങ്ങളല്ല. ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമാണ് കമ്മ്യൂണിസ്റ്റ് പാര്‍ടികളുടെ സംഘടനാരീതി.നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനയാണ് പാര്‍ട്ടി ആകെ നടത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ബ്രാഞ്ച് യോഗങ്ങളില്‍ വരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ പരിശോധിച്ച്, ആവശ്യമായ തിരുത്തലുകള്‍ പാര്‍ട്ടി വരുത്തുകയാണ്. തെറ്റ് പറ്റിയാല്‍ ഏത് നേതാവിനെയും വിമര്‍ശിക്കാനും തിരുത്താനും പാര്‍ട്ടിക്ക് കഴിയും, എല്ലാ നേതാക്കള്‍ക്കും ഇത് ബാധകമാണ്.ഇതിനൊപ്പം പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും സിപിഐ എം തേടുന്നുണ്ട്. പതിനായിരക്കണക്കിന് നിര്‍ദ്ദേശങ്ങളാണ് പൊതുജനങ്ങളില്‍ നിന്ന് ഇതിനകം ലഭിച്ചത്. സിപിഐ എമ്മില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസവും സ്നേഹവുമാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഈ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച്, ആഗസ്റ്റ് മാസത്തില്‍ നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ സിപിഐ (എം) കര്‍മപദ്ധതിക്ക് രൂപം നല്‍കും.ഈ തിരുത്തല്‍ പ്രക്രിയയ്ക്ക് തുരങ്കം വെക്കാനും യുഡിഎഫ് സര്‍ക്കാരിനെതിരായ ജനരോക്ഷം മറച്ച് വയ്ക്കാനുമാണ് മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളിലൂടെ നിരന്തരം ശ്രമിക്കുന്നത്. സിപിഐ എമ്മിനെതിരെയുള്ള ഇത്തരം കള്ളപ്രചരണങ്ങള്‍ തള്ളിക്കളയണം എന്ന് മുഴുവന്‍ ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

Content Highlights:
CPM state secretary MV Govindan criticized media organizations for spreading fabricated news regarding the party leadership. He stated that party committees decide leadership roles and announced plans for strong public resistance and legal action. A comprehensive action plan will be finalized during the extended state committee meeting in August.